X

“ചില നേതാക്കൾ വായ തുറന്നാൽ എകെ 47നില്‍ നിന്നും വെടിയുണ്ട വരുന്ന പോലെ നുണ”: രാഹുലിന് മോദിയുടെ മറുപടി

"ചില നേതാക്കൾ നുണ ഉത്പാദിപ്പിക്കുന്ന യന്ത്രങ്ങളാണ്. വായ തുറന്നാൽ എകെ 47 ഇൽ നിന്നും വെടിയുണ്ട വരുന്ന പോലെ ആണ് നുണകൾ വരുന്നത്"

“ചില നേതാക്കൾ നുണ ഉത്പാദിപ്പിക്കുന്ന യന്ത്രങ്ങളാണ്. വായ തുറന്നാൽ എകെ 47 ഇൽ നിന്നും വെടിയുണ്ട വരുന്ന പോലെ ആണ് നുണകൾ വരുന്നത്. അത് കൊണ്ട്, പ്രതിപക്ഷത്തിന്റെ നുണകളെയും നിങ്ങൾ ജനങ്ങൾക്ക് മുന്നിൽ തുറന്നു കാണിക്കണം” – പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി റാഫേല്‍ കരാറുമായി ബന്ധപ്പെട്ട് ഇന്നലെ മോദിയെ കടന്നാക്രമിച്ചിരുന്നു. ഇതിനോടുള്ള പ്രതികരണമെന്നോണമാണ് മോദി പ്രസംഗത്തില്‍ ഇക്കാര്യം പറഞ്ഞത്. പ്രതിപക്ഷ പാര്‍ട്ടികളുടെ സഖ്യം കാര്യമാക്കേണ്ടെന്നും ജനങ്ങള്‍ അവരെ വെറുക്കുന്നുണ്ടെന്നും മോദി ബിജെപി പ്രവര്‍ത്തകരോട് പറഞ്ഞു. രാജ്യത്തെ പുരോഗതിയെ അവര്‍ അംഗീകരിക്കുന്നില്ല. സര്‍ക്കാര്‍ ചെയ്യുന്ന നല്ല കാര്യങ്ങളെ അംഗീകരിക്കാത്ത അവര്‍ സൈന്യത്തെ അപമാനിക്കുകയാണ് – മോദി ആരോപിച്ചു.

പാര്‍ട്ടി പ്രവര്‍ത്തകരുമായി വീഡിയോ കോണ്‍ഫറന്‍സിംഗ് വഴി സംവദിക്കവേയാണ് മോദി ഇക്കാര്യ പറഞ്ഞത്. കമ്മ്യൂണിസ്റ്റുകാരുടേയും കോണ്‍ഗ്രസുകാരുടേയും ‘ദേശവിരുദ്ധ’ കൂട്ടുകെട്ടില്‍ നിന്നും സഖ്യങ്ങളില്‍ നിന്നും ‘ഇന്ത്യന്‍ മൂല്യങ്ങള്‍’ സംരക്ഷിക്കുന്നത് സംബന്ധിച്ച് ഒരു പ്രവര്‍ത്തകന്‍ ചോദിച്ച ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു മോദി. അഞ്ച് ലോക്‌സഭ മണ്ഡലങ്ങളിലെ പ്രവര്‍ത്തകരാണ് പരിപാടിയില്‍ പങ്കെടുത്തത്. പ്രതിപക്ഷ പാര്‍ട്ടികള്‍ അവരുടെ മക്കളേയും കുടുംബത്തേയും സംരക്ഷിക്കാന്‍ വേണ്ടിയാണ് പ്രവര്‍ത്തിക്കുന്നത്. ബിജെപി 10 വര്‍ഷം കൂടി ഭരിച്ചാല്‍ രാഷ്ട്രീയ കുടുംബങ്ങളുടെ വാഴ്ച തകരുമെന്ന ഭീതി അവര്‍ക്കുണ്ട് – മോദി പറഞ്ഞു.

റാഫേൽ കരാറിൽ അന്വേഷണം നടന്നാൽ മോദി അതിനെ അതിജീവിക്കാൻ പോകുന്നില്ല. ഇതുറപ്പാണ്. സിബിഐ ഡയറക്ടർ അലോക് വർമയെ നീക്കിയതിനു പിന്നിൽ അദ്ദേഹം ഈ കേസ് അന്വേഷിക്കാൻ ആഗ്രഹിച്ചിരുന്നു എന്നതാണെന്നും രാഹുൽ ഗാന്ധി വ്യക്തമാക്കി. അനിൽ അംബാനിക്ക് 30,000 കോടി രൂപ വാങ്ങിക്കൊടുക്കാമെന്ന് മോദി മുൻകൈയെടുത്താണ് കരാറുണ്ടാക്കിയതെന്ന് രാഹുൽ പറഞ്ഞു. റാഫേൽ കരാറിൽ ഒരു സംയുക്ത പാർലമെന്ററി കമ്മറ്റി സ്ഥാപിക്കുന്നതിനെ അനുകൂലിക്കുമോ എന്ന ചോദ്യത്തിന് തങ്ങൾക്ക് സന്തോഷമേയുള്ളൂവെന്ന് രാഹുൽ പറഞ്ഞു.

ഡാസ്സോൾട്ട് സിഇഒ എറിക് ട്രാപ്പിയർ പറയുന്നതെല്ലാം പച്ചക്കള്ളമാണെന്നും രാഹുൽ ആരോപിച്ചിരുന്നു. നേരത്തെ ദാസോൾട്ട് എച്ച്എഎല്ലിന് അനുബന്ധ കരാർ നൽകാതിരുന്നതിന് കാരണമായി പറഞ്ഞിരുന്നത് അനിൽ അംബാനിയുടെ പക്കൽ പദ്ധതി നടത്തിപ്പിനാവശ്യമായ ഭൂമിയുണ്ടായിരുന്നു എന്നാണ്. എന്നാൽ ഇപ്പോൾ പുറത്തുവരുന്നത് ഡാസ്സോൾട്ട് നൽകിയ പണമുപയോഗിച്ചാണ് അനിൽ ഭൂമി വാങ്ങിയതെന്നാണെന്ന് അദ്ദേഹം പറഞ്ഞു. എന്തുകൊണ്ടാണ് ഡാസ്സോൾട്ട് നഷ്ടത്തിലുള്ള ഒരു കമ്പനിയിൽ 284 കോടി രൂപ നിക്ഷേപിച്ചതെന്നും രാഹുൽ ആരാഞ്ഞു. പ്രധാനമന്ത്രി നരേന്ദ്രമോദിയും അനിൽ അംബാനിയും തമ്മിലുള്ള പങ്കാളിത്തമാണ് ഈ കരാർ. ഒരു ടെലിവിഷൻ ചാനലിന് നൽകിയ അഭിമുഖത്തിൽ, പദ്ധതി നടപ്പാക്കാനുള്ള ഭൂമി കൈവശമുള്ളതിനാലാണ് അനിൽ അംബാനിക്ക് തങ്ങൾ അനുബന്ധ കരാർ നൽകിയതെന്ന് ഡാസ്സോൾട്ട് സിഇഒ എറിക് ട്രാപ്പിയർ പറഞ്ഞിരുന്നു.

റാഫേലിൽ പിടിക്കപ്പെടുമെന്ന് ഭീതി; പ്രധാനമന്ത്രി കടന്നുപോകുന്നത് ഉറക്കമില്ലാത്ത രാത്രികളിലൂടെയെന്ന് രാഹുൽ ഗാന്ധി

“ഒലാന്ത് പറയുന്നത് ഇന്ത്യൻ പ്രധാനമന്ത്രി കള്ളനാണെന്നാണ്”: റാഫേൽ കരാർ വിവാദത്തിൽ രാഹുലിന്റെ പ്രതികരണം

This post was last modified on November 3, 2018 7:58 pm