X

പ്രിയങ്ക ഗാന്ധി കോണ്‍ഗ്രസ് നേതൃത്വത്തിലേയ്ക്ക്‌; എഐസിസി ജനറല്‍ സെക്രട്ടറി, കിഴക്കന്‍ യുപിയുടെ ചുമതല

ഫെബ്രുവരി മുതല്‍ പ്രിയങ്ക ചുമതലയേറ്റെടുക്കും. കെസി വേണുഗോപാലിനെ സംഘടനാ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറിയായും കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് നിയമിച്ചു.

പ്രിയങ്ക ഗാന്ധി സജീവ രാഷ്ട്രീയത്തിലേയ്ക്ക്. പ്രിയങ്കയെ എഐസിസി ജനറല്‍ സെക്രട്ടറിയായി നിയമിച്ചു. കിഴക്കന്‍ ഉത്തര്‍പ്രദേശിന്റെ സംഘടനാചുമതലയാണ് പ്രിയങ്കയ്ക്ക് നല്‍കിയിരിക്കുന്നത്. ഫെബ്രുവരി മുതല്‍ പ്രിയങ്ക ചുമതലയേറ്റെടുക്കും. കെസി വേണുഗോപാലിനെ സംഘടനാ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറിയായും കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് നിയമിച്ചു.

എഐസിസി ജനറല്‍ സെക്രട്ടറിയായ അശോക് ഗെലോട്ട് ആണ് വാര്‍ത്താക്കുറിപ്പില്‍ തീരുമാനങ്ങള്‍ അറിയിച്ചത്. രാജസ്ഥാന്‍ മുഖ്യമന്ത്രിയായ അശോക് ഗെലോട്ട് ഒഴിഞ്ഞ പദവിയിലേയ്ക്കാണ് കെസി വേണുഗോപാല്‍ വരുന്നത്. കര്‍ണാടകയുടെ ചുമതലയില്‍ വേണുഗോപാല്‍ തുടരും. ജ്യോതിരാദിത്യ സിന്ധ്യക്കാണ് പടിഞ്ഞാറന്‍ യുപിയുടെ ചുമതല. യുപിയുടെ ചുമതലയുണ്ടായിരുന്ന ഗുലാം നബി ആസാദിന് ഹരിയാനയുടെ ചുമതല നല്‍കി.

രാജസ്ഥാന്‍, മധ്യപ്രദേശ് മുഖ്യമന്ത്രിമാരെ തിരഞ്ഞെടുക്കുന്നതിനുള്ള ചര്‍ച്ചകളില്‍ പ്രിയങ്കയുടെ ഇടപെടല്‍ നിര്‍ണായകമായിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. പ്രിയങ്കയുടെ സജീവ രാഷ്ട്രീയ പ്രവേശം സംബന്ധിച്ച ചര്‍ച്ചകള്‍ കോണ്‍ഗ്രസിലെ ഒരു വിഭാഗം വര്‍ഷങ്ങളായി സജീവമാക്കി നിര്‍ത്തിവരുകയായിരുന്നു.

This post was last modified on January 23, 2019 2:43 pm