X

‘മാർപാപ്പ തള്ളിപ്പറഞ്ഞ ആളെയാണ് സിപിഎം സംരക്ഷിക്കുന്നത്’; കോടിയേരിക്ക് ചുട്ട മറുപടിയുമായി സമര സമിതി

കന്യാസ്ത്രീകളുടെ സമരത്തിനെതിരെ കോടിയേരിയുടെ പ്രസ്താവന ഇതിനോടകം തന്നെ വലിയ വിവാദങ്ങൾ സൃഷ്ടിച്ചിട്ടുണ്ട്

കന്യാസ്ത്രീകളുടെ സമരത്തിനെതിരെ പ്രസ്താവന നടത്തിയ സി പി ഐ എം സംസ്ഥാന സെക്രട്ടറി  കോടിയേരി ബാലകൃഷ്ണന് മറുപടിയുമായി കന്യാസ്ത്രീകളുടെ സമരസമിതി. സമരചരിത്രം സിപിഎം മറക്കരുതെന്ന് സമരസമിതി കൺവീനർ ഫാദർ അഗസ്റ്റിൻ വട്ടോളി പറഞ്ഞു. മാർപാപ്പ തള്ളിപ്പറഞ്ഞ വ്യക്തിയെയാണ് സിപിഎം സംരക്ഷിക്കാന്‍ ശ്രമിക്കുന്നത്. പ്രസ്താവന അങ്ങേയറ്റം വേദനാജനകമാണെന്നും സമരസമിതി അംഗങ്ങള്‍ പ്രതികരിച്ചതായി ഏഷ്യാനെറ്റ് റിപ്പോട്ട് ചെയ്യുന്നു.

കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത കേസില്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് സമരം ചെയ്യുന്നവര്‍ സങ്കുചിത താല്‍പര്യക്കാരെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. കന്യാസ്ത്രീകള്‍ സമരം ശക്തമാക്കി മുന്നോട്ടുപോകുന്നതിന് ഇടയിലാണ് കോടിയേരിയുടെ പരാമര്‍ശം. അനാവശ്യമായ കോലാഹലമാണ് സമരമെന്ന പേരില്‍ ബിഷപ്പിന്റെ അറസ്റ്റ് ആവശ്യപ്പെട്ട് നടക്കുന്നത്. ഇത്തരക്കാര്‍ സര്‍ക്കാരില്‍ നിന്ന് ഒരു ആനുകൂല്യവും പ്രതീക്ഷിക്കേണ്ടെന്നും കോടിയേരി പറഞ്ഞു.

അതേസമയം ബിഷപ്പായാലും മുക്രിയായാലും തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ രക്ഷപ്പെടാന്‍ പോകുന്നില്ലെന്നും കോടിയേരി കൂട്ടിച്ചേർക്കുന്നുണ്ട്. കന്യാസ്ത്രീകളുടെ സമരത്തില്‍ ഇടപെടേണ്ട ആവശ്യമില്ലെന്നാണ് സിപിഎം എംഎല്‍എയും ഡിവൈഎഫ്‌ഐ സംസ്ഥാന പ്രസിഡന്റുമായ എം സ്വരാജ് പറഞ്ഞത്. അതേസമയം സിപിഐയുടെ യുവജന സംഘടനയായ എഐവൈഎഫ് ബിഷപ്പിന്റെ അറസ്റ്റ് ആവശ്യപ്പെട്ട് പ്രതിഷേധവുമായി രംഗത്തുണ്ട്.

ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെ മൂന്നാം ദിവസമായ ഇന്നും ചോദ്യം ചെയ്യും. ബിഷപ്പിന്‍റെ അറസ്റ്റ് സംബന്ധിച്ച അനിശ്ചിതത്വം തുടരുന്നതിനിടെയാണ് ചോദ്യം ചെയ്യൽ മൂന്നാം ദിവസത്തിലേക്ക് കടക്കുന്നത്. എട്ട് മണിക്കൂർ നീണ്ട രണ്ടാം ദിവസത്തെ ചോദ്യം ചെയ്യലിന് ശേഷവും മൊഴികളിലെ വൈരുധ്യങ്ങളാണ് അറസ്റ്റിന് തടസമായി അന്വേഷണസംഘം ചൂണ്ടിക്കാട്ടുന്നത്.

അന്വേഷണം പൂർത്തിയാക്കി മാത്രമേ അറസ്റ്റിലേക്ക് കടക്കാനാകൂ എന്നാണ് പൊലീസ് നിലപാട്. അന്വേഷണ സംഘത്തിന് പൂർണ സ്വാതന്ത്രം ഉണ്ടെന്നു ഡി ജി പി ലോക്നാഥ് ബൊഹ്ര കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. നേരത്തെ ബിഷപ്പിനെ അറസ്റ്റ് ചെയ്യുന്നതില്‍ നിയമതടസമില്ലെന്ന് പ്രോസിക്യൂഷന്‍ ഡയറക്ടര്‍ ജനറലിന്‍റെ നിയമോപദേശവും അന്വേഷണ സംഘത്തിന് കിട്ടിയിട്ടുണ്ട്. എന്നാൽ ശക്തമായ തെളിവുകളോടെ വേണം അറസ്റ്റ് നടപ്പാക്കാൻ എന്നാണ് ഉന്നതതല നിർദേശം എന്നറിയുന്നു.

കന്യാസ്ത്രീകളുടെ സമരത്തിനെതിരെ കോടിയേരിയുടെ പ്രസ്താവന ഇതിനോടകം തന്നെ വലിയ വിവാദങ്ങൾ സൃഷ്ടിച്ചിട്ടുണ്ട്.

ഈ സമരത്തെ ദുരുദ്ദേശ്യമെന്ന് ആക്ഷേപിക്കുന്നവർ ജനാധിപത്യത്തിന്റെ എതിർചേരിയില്‍ തന്നെയാണ്

This post was last modified on September 21, 2018 11:18 am