കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത കേസില്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ കുറ്റപത്രം സമര്‍പ്പിച്ചു. പാലാ മജിസ്‌ട്രേറ്റ് കോടതിയിലാണ് അന്വേഷണ ഉദ്യോഗസ്ഥനായ വൈക്കം ഡിവൈഎസ്പി കെ സുഭാഷ് കുറ്റപത്രം സമര്‍പ്പിച്ചത്.
ബലാത്സംഗം, പ്രകൃതി വിരുദ്ധ ലൈംഗിക പീഡനം എന്നിവ ഉള്‍പ്പെടെ അഞ്ച് വകുപ്പുകളാണ് ചുമത്തിയത്. ഒമ്പത് മാസത്തെ അന്വേഷണത്തിനൊടുവിലാണ് 200 പേജുള്ള കുറ്റപത്രം സമര്‍പ്പിച്ചത്. കര്‍ദ്ദിനാള്‍ ജോര്‍ജ്ജ് ആലഞ്ചേരിയും നാല് ബിഷപ്പുമാരും ഉള്‍പ്പെടെ കേസില്‍ 83 സാക്ഷികളാണ് ഉള്ളത്. മൂന്ന് ബിഷപ്പുമാരുടെയും 11 വൈദികരുടെയും 25 കന്യാസ്ത്രീകളുടെയും മൊഴികളും കുറ്റപത്രത്തിലുണ്ട്.
കുറ്റപത്രം സമര്‍പ്പിക്കാന്‍ വൈകുന്നതില്‍ പ്രതിഷേധിച്ച് കന്യാസ്ത്രീകള്‍ വീണ്ടും സമരത്തിനൊരുങ്ങുന്നതിനിടെയാണ് പോലീസ് കുറ്റപത്രം സമര്‍പ്പിക്കുന്നത്. ബിഷപ്പിനെതിരെ ഐപിസി 342, 376(2)കെ, 376(2)എന്‍, 376(സി)(എ), 377, 506(1) എന്നീ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. അന്യായമായി തടഞ്ഞുവയ്ക്കല്‍, അധികാര ദുര്‍വിനിയോഗം നടത്തി ലൈംഗിക പീഡനം നടത്തല്‍, പ്രകൃതി വിരുദ്ധ ലൈംഗിക പീഡനം നടത്തല്‍, ഭീഷണിപ്പെടുത്തല്‍, ഒരേ സ്ത്രീയെ സ്വാധീനം ഉപയോഗിച്ച് തുടര്‍ച്ചയായി ബലാത്സംഗം ചെയ്യല്‍ എന്നിവയാണ് ഈ വകുപ്പുകള്‍. ജീവപര്യന്തം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന വകുപ്പുകളാണ് ഇവ.
സാക്ഷികള്‍ കൂറുമാറാതിരിക്കാന്‍ പ്രധാനപ്പെട്ട പത്ത് സാക്ഷികളുടെ രഹസ്യമൊഴിയാണ് രേഖപ്പെടുത്തിയത്. ഈ മൊഴി രേഖപ്പെടുത്തിയ മജിസ്‌ട്രേറ്റുമാരും സാക്ഷികളാണ്. മൊഴികളെല്ലാം ക്യാമറയിലും പകര്‍ത്തിയിട്ടുണ്ട്. കൂടാതെ അന്വേഷണത്തില്‍ കണ്ടെത്തിയ തെളിവുകള്‍ വിശദമായി കുറ്റപത്രത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. സ്‌പെഷല്‍ പ്രോസിക്യൂട്ടര്‍ ജിതേഷ് ജെ ബാബു, എസ്പി ഹരിശങ്കര്‍ എന്നിവരുടെ നേതൃത്വത്തിലാണ് കുറ്റപത്രം തയ്യാറാക്കിയത്.
പാല കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നതെങ്കിലും കോട്ടയം ജില്ലാ കോടതിയിലായിരിക്കും കേസിലെ പ്രാഥമിക വാദം നടക്കുന്നത്.
This post was last modified on April 9, 2019 6:02 pm
Leave a Comment