X

മുസ്ലീങ്ങളാണെങ്കില്‍ ഡ്രസ് മാറ്റി നോക്കണമെന്ന് ശ്രീധരന്‍ പിള്ള; വര്‍ഗീയത പറഞ്ഞാല്‍ കേരളത്തില്‍ വോട്ട് കിട്ടില്ലെന്ന് കുഞ്ഞാലിക്കുട്ടി

വോട്ട് നേടാന്‍ വേണ്ടിയാണ് ആറ്റിങ്ങലില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍ പിള്ള വര്‍ഗീയ പരാമര്‍ശം നടത്തിയത് എന്ന് പികെ കുഞ്ഞാലിക്കുട്ടി.

ലോക്‌സഭ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കടുത്ത മുസ്ലീം വിരുദ്ധ വര്‍ഗീയ പരാമര്‍ശവുമായി ബിജെപി സംസ്ഥാന പ്രസിഡന്റ് പിഎസ് ശ്രീധരന്‍പിള്ള. ബാലാകോട്ട് ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ ജാതിയും മതവും തിരയുന്നവരുണ്ട്. ഇസ്ലാമാണെങ്കില്‍ ചില അടയാളങ്ങള്‍ പരിശോധിക്കണം, ഡ്രസ് എല്ലാം മാറ്റി നോക്കണ്ടേ എന്നാണ് ശ്രീധരന്‍പിള്ള പറഞ്ഞത്. ആറ്റിങ്ങലില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥി ശോഭ സുരേന്ദ്രന്റെ പ്രകടനപത്രിക പുറത്തിറക്കുന്ന ചടങ്ങിലായിരുന്നു ശ്രീധരന്‍ പിള്ളയുടെ പ്രതികരണം.

ജീവന്‍ പണയപ്പെടുത്തി വിജയം നേടുമ്പോള്‍, രാഹുല്‍ ഗാന്ധി, യെച്ചൂരി, പിണറായി എന്നിവര്‍ പറയുന്നത് അവിടെ മരിച്ചു കിടക്കുന്നവര്‍ ഏത് ജാതിക്കാരാണെന്ന് അറിയണമെന്നാണ്. ഇസ്ലാമാണെങ്കില്‍ ഏത് മതക്കാരാണെന്ന് അറിയണമല്ലോ. ഡ്രസ് എല്ലാം മാറ്റി നോക്കണമല്ലോ – ശ്രീധരന്‍ പിള്ള പറഞ്ഞു.

ഇന്ന് വൈകീട്ട് 5 മണിക്കാണ് ശോഭ സുരേന്ദ്രന്റെ പ്രകടനപത്രിക പുറത്തിറക്കുന്ന ചടങ്ങില്‍ ശ്രീധരന്‍പിള്ള ഇക്കാര്യം പറഞ്ഞത്. ബലാകോട്ട് ഭീകരാക്രമണം സംബന്ധിച്ച അവ്യക്തതകളും സംശയകളും നീക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടിരുന്നു. ഇത് വച്ചാണ് ശ്രീധരന്‍ പിള്ള കടുത്ത വര്‍ഗീയ പരാമര്‍ശവുമായി രംഗത്തെത്തിയത്.

വോട്ട് നേടാന്‍ വേണ്ടിയാണ് ആറ്റിങ്ങലില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍ പിള്ള വര്‍ഗീയ പരാമര്‍ശം നടത്തിയത് എന്ന് മുസ്ലീം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പികെ കുഞ്ഞാലിക്കുട്ടി. ബിജെപിയുടെ ഇത്തരം ശ്രങ്ങള്‍ കേരളത്തില്‍ വിലപ്പോകില്ല. ഇത്തരം പരാമര്‍ശങ്ങളെ പുച്ഛിച്ച് തള്ളുന്നതായും കുഞ്ഞാലിക്കുട്ടി പറഞ്ഞു. വര്‍ഗീയ പ്രചാരണങ്ങള്‍ നടത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടേയും യോഗി ആദിത്യനാഥിന്റേയും സര്‍ട്ടിഫിക്കറ്റ് മുസ്ലീം ലീഗിന് ആവശ്യമില്ല.

ഉറച്ച മതേതര നിലപാടുള്ള പാര്‍ട്ടിയാണ് ലീഗ്. ഞങ്ങളുടെ ചരിത്രം തുറന്ന പുസ്തകമാണ്. ഉത്തരേന്ത്യയിലെ ഇത്തരം പ്രചാരണങ്ങള്‍ ബിജെപി ഇവിടെ നടത്തിയാല്‍ ഇപ്പോള്‍ ഉള്ള പിന്തുണ കൂടി അവര്‍ക്ക് നഷ്ടമാകുമെന്ന് കുഞ്ഞാലിക്കുട്ടി മുന്നറിയിപ്പ് നല്‍കി. കേരളത്തിലെ ജനങ്ങള്‍ ബുദ്ധിയുള്ളവരാണ് എന്നും വര്‍ഗീയ പ്രചാരണങ്ങള്‍ ഇവിടെ നടക്കില്ലെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

This post was last modified on April 14, 2019 10:21 am