X

പുതുച്ചേരി മുഖ്യമന്ത്രി നാരായണ സ്വാമി ധര്‍ണ തുടരുന്നു, തുടര്‍ച്ചയായ മൂന്നാം ദിവസവും ലെഫ്.ഗവര്‍ണറുടെ വസതിക്ക് മുന്നില്‍

ബുധനാഴ്ച വൈകീട്ടാണ് നാരായണ സ്വാമി മന്ത്രിമാര്‍ക്കും കോണ്‍ഗ്രസ്, ഡിഎംകെ എംഎല്‍എമാര്‍ക്കുമൊപ്പം പ്രതിഷേധ ധര്‍ണ തുടങ്ങിയത്.

സര്‍ക്കാര്‍ പദ്ധതികള്‍ തടയുന്നു എന്ന് ആരോപിച്ച് പുതുച്ചേരി മുഖമന്ത്രി വി നാരായണ സ്വാമി ലെഫ്.ഗവര്‍ണര്‍ കിരണ്‍ ബേദിയുടെ ഔദ്യോഗിക വസതിക്ക് മുന്നില്‍ നടത്തുന്ന പ്രതിഷേധ ധര്‍ണ തുടര്‍ച്ചയായ മൂന്നാം ദിവസവും തുടരുന്നു. അതേസമയം കിരണ്‍ ബേദി ഡല്‍ഹിയിലേയ്ക്ക് തിരിച്ചു. ബുധനാഴ്ച രാവിലെയാണ് നാരായണ സ്വാമി മന്ത്രിമാര്‍ക്കും കോണ്‍ഗ്രസ്, ഡിഎംകെ എംഎല്‍എമാര്‍ക്കുമൊപ്പം പ്രതിഷേധ ധര്‍ണ തുടങ്ങിയത്. അതേസമയം കിരണ്‍ ബേദി ഡല്‍ഹിയിലേയ്ക്ക് പോയിരിക്കുകയാണ്. 20നേ തിരിച്ചെത്തൂ.

സര്‍ക്കാരിന്റെ 39 ഇന ആവശ്യങ്ങള്‍ അംഗീകരിച്ചാല്‍ മാത്രമേ പിന്മാറൂ എന്നാണ് നാരായണ സ്വാമി പറയുന്നത്. സൗജന്യ റേഷന്‍ അടക്കമുള്ള പദ്ധതികള്‍ തടഞ്ഞതും ഫയലുകള്‍ തടഞ്ഞുവയ്ക്കുന്നതും അടക്കമുള്ള കാര്യങ്ങള്‍ക്കെതിരെ സര്‍ക്കാര്‍ പ്രതിഷേധമുയര്‍ത്തുകയാണ്. ഫെബ്രുവരി 21ന് മുഖ്യമന്ത്രിയെ കാണാമെന്നാണ് കിരണ്‍ ബേദി അറിയിച്ചിരിക്കുന്നത്. അതേസമയം ഹെല്‍മെറ്റ് നിയമത്തിനെതിരെയല്ല പ്രധാന പ്രതിഷേധമെന്നും ബേദി തെറ്റിദ്ധാരണ പരത്തുകയാണെന്നും നാരായണസ്വാമി ആരോപിച്ചു. കിരണ്‍ ബേദിയുടെ നിഷേധാത്മക സമീപനം മൂലം സഹകരണ ജീവനക്കാര്‍ക്കും ടെക്‌സ്റ്റൈല്‍, ഷുഗര്‍ മില്‍ തൊഴിലാളികള്‍ക്കുള്ള ശമ്പളം മുടങ്ങിയതായി നാരായണസ്വാമി പറഞ്ഞു. ഇത് സംബന്ധിച്ച് 20 കത്തുകള്‍ ലെഫ്.ഗവര്‍ണര്‍ക്ക് നല്‍കിയിരുന്നു. 39 ഇന ആവശ്യങ്ങള്‍ ഉന്നയിച്ച് വീണ്ടും കത്ത് നല്‍കി. ഇത് അവഗണിച്ചതിനെ തുടര്‍ന്നാണ് രാജ് നിവാസിന് മുന്നില്‍ ധര്‍ണയ്ക്ക് തങ്ങള്‍ നിര്‍ബന്ധിതരായത് എന്നാണ് നാരായണ സ്വാമി പറയുന്നു.

ഭരണനടപടികള്‍ തടയുന്നു എന്ന് ആരോപിച്ച് കേന്ദ്ര സര്‍ക്കാര്‍ പ്രതിനിധിയായ ലെഫ്.ഗവര്‍ണറുമായി ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളും ആം ആദ്മി പാര്‍ട്ടിയും നിരന്തര സംഘര്‍ഷത്തിലാണ്. കൊല്‍ക്കത്ത പൊലീസ് കമ്മീഷണര്‍ക്കെതിരായ സിബിഐ നടപടി പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയെ പ്രതിഷേധ ധര്‍ണയിലേയ്ക്കും കേന്ദ്രത്തിനെതിരായ തുറന്ന പോരിലേയ്ക്കും നയിച്ചിരുന്നു.