X

വയനാടിനെ വിറപ്പിച്ച് പുത്തുമല ഉരുള്‍പൊട്ടല്‍, കാരാപ്പുഴ ഡാം 3 ഷട്ടര്‍ തുറന്നു, ജില്ലയില്‍ 10 മരണം, പതിനായിരം പേര്‍ ദുരിതാശ്വാസ ക്യാമ്പുകളില്‍

അപകടത്തിന്റെ യഥാര്‍ത്ഥ വ്യാപ്തി എത്രയാണെന്നാണെന്നത് സംബന്ധിച്ച് ആര്‍ക്കും ഒരു വ്യക്തതയുമില്ല

കേരള ചരിത്രത്തിലെ ഏറ്റവും വലിയ ഉരുള്‍പൊട്ടലാണ് പുത്തുമലയില്‍ സംഭവിച്ചിരിക്കുന്നത് എന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. നൂറോളം ഏക്കര്‍ മണ്ണിനടിയില്‍ ആയപ്പോള്‍ നിരവധി പേരാണ് അപ്രത്യക്ഷരായിരിക്കുന്നത്. കൃത്യമായ കണക്കുകള്‍ പുറത്തുവന്നിട്ടില്ലെങ്കിലും 40ഓളം പേര്‍ മണ്ണിനടിയില്‍ പെട്ടിട്ടുണ്ട് എന്നാണ് കരുതുന്നത്. ഇവിടെ മാത്രം ഏഴ് പേര്‍ മരണപ്പെട്ടതായാണ് റിപ്പോര്‍ട്ട്.

അപകടത്തിന്റെ യഥാര്‍ത്ഥ വ്യാപ്തി എത്രയാണെന്നാണെന്നത് സംബന്ധിച്ച് ആര്‍ക്കും ഒരു വ്യക്തതയുമില്ല. ഇന്നലെ വൈകിട്ടോടെയാണ് ഉരുള്‍പ്പൊട്ടല്‍ ഉണ്ടായത്. ഉരുള്‍പ്പൊട്ടലില്‍ ഒരു ക്ഷേത്രം, മുസ്ലീം പള്ളി, ഒരു കാന്റീന്‍ എന്നിവ ഒലിച്ചുപോയി. ഇവിടെ നാല്‍പതോളം വീടുകള്‍ ഒഴുകി പോയെന്നും സംശയിക്കുന്നു.ഇന്നലെ രാത്രി പ്രതികൂല കാലവസ്ഥ കാരണം നിലച്ചുപോയ രക്ഷാ പ്രവര്‍ത്തനം ഇന്ന് പുലര്‍ച്ചെയാണ് പുനരാരംഭിച്ചത്.

70 ഓളം വീടുകള്‍ ഒലിച്ചുപോയെന്നും 40 ഓളം പേരെ കാണാതായെന്നും സംശയമുണ്ട്. എന്നാല്‍ ഇതു സംബന്ധിച്ച് ഒരു സ്ഥിരീകരണവുമുണ്ടായിട്ടില്ല. രക്ഷാ പ്രവര്‍ത്തകര്‍ പറയുന്ന കണക്കനുസരിച്ച് 40 പേരെങ്കിലും ഇവിടെ കുടുങ്ങി കിടക്കുന്നുണ്ട് എന്നാണ് കരുതുന്നത്. പരുക്കേറ്റ 10 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. ഇവരുടെ ആരുടെയും പരുക്കുകള്‍ സാരമുള്ളതല്ലെന്ന് ആശുപത്രി അധികൃതര്‍ വ്യക്തമാക്കി.റോയ് തോമസ്(44),ശിവ(33),സത്യ പ്രകാശ് (27),തങ്കരാജ് (70),സുമിത്ര (54),ഷൗക്കത്ത് (39),ഗണേഷ് പ്രഭു (27),സരോജിനി (58),മുനീറ (37),ജലീല്‍ (34) എന്നിങ്ങനെ പത്തു പേരെയാണ് ഇപ്പോള്‍ ആശുപത്രിയില്‍.

സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ ആളുകളെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റിയിരിക്കുന്നത് വയനാട്ടിലാണ്. ഇന്ന് രാവിലെ വരെ 9951 പേരെ ക്യാമ്പുകളിലേക്ക് മാറ്റിയിട്ടുണ്ട്.

കാരപ്പുഴ ഡാമിന്റെ മൂന്നു ഷട്ടര്‍ ഇന്ന് തുറന്നു. 9 സെന്റിമീറ്റര്‍ ആണ് തുറന്നത്. അണക്കെട്ടില്‍ നിന്നും തുറന്ന് വിട്ട വെള്ളത്തിന്റെ ബഹിര്‍ഗ്ഗമന പാതയിലെ താമസക്കാര്‍ ജാഗ്രത പാലിക്കേണ്ടതാണ്. ജലനിരപ്പ് പുഴകളിലും തോടുകളിലും പരിസരങ്ങളിലും മറ്റും ഒന്നര മീറ്റര്‍ വരെ ഉയരാന്‍ ഇടയുണ്ട്. അതേസമയം ബാവലി തോണിക്കടവിൽ 4 പേർ ഒഴുക്കിൽപ്പെട്ടു. ഇവര്‍ മരത്തിൽക്കയറി നിൽക്കുകയാണെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

This post was last modified on August 14, 2019 2:08 pm

Related Post
Leave a Comment