X

പരിസ്ഥിതി നിയമം ലംഘിച്ച് നിര്‍മ്മാണപ്രവര്‍ത്തനം: ആരോപണം നേരിടുന്ന പിവി അന്‍വര്‍ നിയമസഭാ പരിസ്ഥിതി സമിതിയില്‍

കക്കാടംപൊയില്‍ നിയമസഭാ സമിതി പരിശോധനയ്‌ക്കെത്തുകയാണെങ്കില്‍ അന്‍വറിനും അതില്‍ ഭാഗമാകാം എന്ന നിലയാണ്.

പരിസ്ഥിതി നിയമം ലംഘിച്ച് നിര്‍മ്മാണ പ്രവര്‍ത്തനം നടത്തിയെന്നും ഭൂമി കയ്യേറിയെന്നും ആരോപണം നേരിടുന്ന നിലമ്പൂര്‍ എംഎല്‍എ പിവി അന്‍വര്‍ നിയമസഭയുടെ പരിസ്ഥിതി സമിതിയില്‍ അംഗമായി തുടരുന്നു. നിയമം ലംഘിച്ച് പുഴയുടെ ഒഴുക്ക് തടഞ്ഞു, അധികഭൂമി കൈവശം കയ്യേറി കൈവശം വച്ചു തുടങ്ങിയ ആരോപണങ്ങളാണ് കക്കാടംപൊയിലെ വാട്ടര്‍ തീം പാര്‍ക്കുമായി ബന്ധപ്പെട്ട് പിവി അന്‍വറിനെതിരെയുള്ളത്.

പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ പഠിച്ച് അത് സംബന്ധിച്ച് നിയമസഭക്ക് റിപ്പോര്‍ട്ട്  നല്‍കുന്ന കമ്മിറ്റിയാണിത്. മുല്ലക്കര രത്‌നാകരന്‍ ചെയര്‍മാനായ കമ്മിറ്റിയില്‍ പിവി അന്‍വറിനെ കൂടാതെ അനില്‍ അക്കര, കെ ബാബു, ഒആര്‍ കേളു, പിടിഎ റഹീം, കെഎം ഷാജി, എം വിന്‍സെന്റ് എന്നിവരാണ് അംഗങ്ങള്‍. 2016 ജൂലായ്‌ 25നാണ് കമ്മിറ്റി നിലവില്‍ വന്നത്. നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പ് തന്നെ പിവി അന്‍വറിന്‍റെ പരിസ്ഥിതി നിയമലംഘനങ്ങള്‍ സംബന്ധിച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. കക്കാടംപൊയില്‍ നിയമസഭാ സമിതി പരിശോധനയ്‌ക്കെത്തുകയാണെങ്കില്‍ അന്‍വറിനും അതില്‍ ഭാഗമാകാം എന്ന നിലയാണ്.

2019 വരെയാണ് സമിതിയുടെ കാലാവധി. അഞ്ച് റിപ്പോര്‍ട്ടുകളാണ് സമിതി ഇതുവരെ സമര്‍പ്പിച്ചിരിക്കുന്നത് എന്നാണ് കേരള നിയമസഭയുടെ വെബ്സൈറ്റ് പറയുന്നത്. നാലാമത്തെ റിപ്പോര്‍ട്ടിന്‍റെ കോപ്പി സൈറ്റില്‍ ലഭ്യമല്ല. 2017 മാര്‍ച്ച് 13 നാണ് ആദ്യ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. മൂന്നാറിലെ പരിസ്ഥിതി പ്രശ്നങ്ങള്‍ സംബന്ധിച്ചുള്ള പ്രത്യേക റിപ്പോര്‍ട്ട് ആയിരുന്നു അത്. രണ്ടാമത്തേത് മാര്‍ച്ച് 14ന് – കോട്ടയം കോട്ടമല കുറിഞ്ഞികൂമ്പന്‍ മലനിരകളിലെ പാറഖനനവുമായി ബന്ധപ്പെട്ട്. മൂന്നാമത്തെ റിപ്പോര്‍ട്ട് കോവളം – വിഴിഞ്ഞം ഏരിയ ഡെവലപ്‌മെന്റ് സ്‌കീം സംബന്ധിച്ച് (മേയ് 24). അഞ്ചാമത്തേത് ഭാരതപ്പുഴയുടെ മലിനീകരണവുംസംരക്ഷണവും സംബന്ധിച്ച് (ഓഗസ്റ്റ് 23).

This post was last modified on November 26, 2017 9:00 am