X

രാമക്ഷേത്ര നിര്‍മ്മാണത്തെ സഹായിക്കുന്ന രേഖകളുണ്ട്, ഇത് ബിജെപി പരിപാടിയെന്നും രവിശങ്കര്‍ പ്രസാദ്

നിയമമന്ത്രിയെന്ന നിലയിലല്ല, മറിച്ച് ഒരു നിയമവിദഗ്ധനെന്ന നിലയിലാണ് താനത് ഉറപ്പിച്ച് പറയാനാവുമെന്നും രവിശങ്കര്‍ പ്രസാദ് പറഞ്ഞു.

അയോധ്യയില്‍ രാമക്ഷേത്രം നിര്‍മിക്കുന്നതിന് സഹായകരമായ ധാരാളം രേഖകളുണ്ടെന്ന് കേന്ദ്ര നിയമമന്ത്രി രവിശങ്കര്‍ പ്രസാദ്. നിയമമന്ത്രിയെന്ന നിലയിലല്ല, മറിച്ച് ഒരു നിയമവിദഗ്ധനെന്ന നിലയിലാണ് താനത് ഉറപ്പിച്ച് പറയാനാവുമെന്നും രവിശങ്കര്‍ പ്രസാദ് പറഞ്ഞു. ഭുവനേശ്വറില്‍ ബിജെപി നിര്‍വാഹക സമിതി യോഗത്തിനെത്തിയ രവിശങ്കര്‍ പ്രസാദ് മാധ്യമങ്ങളോടാണ് ഇക്കാര്യം പറഞ്ഞത്. രാമക്ഷേത്രനിര്‍മാണം ബിജെപിയുടെ കാര്യപരിപാടികളിലൊന്നാണ്. കോടതിവിധിക്കായി കാത്തിരിക്കുകയാണെന്നും രവിശങ്കര്‍ പ്രസാദ് പറഞ്ഞു.

കേന്ദ്രത്തിലും ഉത്തര്‍പ്രദേശിലും ബിജെപി അധികാരത്തിലുള്ള സാഹചര്യത്തില്‍ രാമക്ഷേത്ര നിര്‍മാണത്തില്‍ നിലപാട് എന്താവുമെന്ന ചോദ്യത്തിനായിരുന്നു മന്ത്രിയുടെ മറുപടി. ബി എസ് പി നേതാവ് മായാവതിയും സമാജ് വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവും ബിജെപി വിരുദ്ധ സഖ്യമുണ്ടാക്കാന്‍ ഒരുങ്ങുന്നത്, നിരാശ കൊണ്ടാണെന്നായിരുന്നു രവിശങ്കര്‍ പ്രസാദിന്റെ പ്രതികരണം. അവര്‍ ബിജെപിയെ ഭയക്കുന്നു. അതുകൊണ്ടാണ് സഖ്യത്തെപ്പറ്റി ആലോചിക്കുന്നത്. പക്ഷേ ജനവിധി മികവിന്റെ രാഷ്ട്രീയത്തെയാണ് പിന്തുണച്ചത് എന്നും രവിശങ്കര്‍ പ്രസാദ് അഭിപ്രായപ്പെട്ടു.