X

വിമാനക്കമ്പനികളുടെ തകര്‍ച്ച: ജെറ്റിലും എയര്‍ ഇന്ത്യയിലും കണ്ണ് വച്ച് റിലയന്‍സ്

25 വര്‍ഷത്തെ സര്‍വീസിന് ശേഷം ജെറ്റ് എയര്‍വേയ്‌സ് ബുധനാഴ്ച പ്രവര്‍ത്തനം നിര്‍ത്തിയിരുന്നു.

സാമ്പത്തികപ്രതിസന്ധിയെ തുടര്‍ന്ന് സര്‍വീസ് നിര്‍ത്തിയ ജെറ്റ് എയര്‍വേയ്‌സ് കമ്പനിയുടെ ഓഹരികള്‍ വാങ്ങാന്‍ മുകേഷ് അംബാനിയുടെ റിലയന്‍സ് ഇന്‍ഡസ്ട്രീസ് താല്‍പര്യപ്പെടുന്നതായി ദ ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു. കടബാധ്യതയിലുള്ള എയര്‍ ഇന്ത്യയുടെ ഓഹരികള്‍ വാങ്ങുന്നതിനും മുകേഷ് അംബാനി ശ്രമിക്കുന്നുണ്ട്. ജെറ്റ് എയര്‍വേയ്‌സും എയര്‍ ഇന്ത്യയും കഴിഞ്ഞ സാമ്പത്തിക വര്‍ഷം നഷ്ടത്തിലായിരുന്നു. ഇരു കമ്പനികളുടേയും മൊത്തം മാര്‍ക്കറ്റ് ഷെയര്‍ 25 ശതമാനത്തില്‍ താഴെയാണ്. 25 വര്‍ഷത്തെ സര്‍വീസിന് ശേഷം ജെറ്റ് എയര്‍വേയ്‌സ് ബുധനാഴ്ച പ്രവര്‍ത്തനം നിര്‍ത്തിയിരുന്നു. എസ് ബി ഐ അടക്കമുള്ള ബാങ്കുകള്‍ അടിയന്തരമായി ആവശ്യപ്പെട്ട 983 കോടി രൂപയുടെ വായ്പ നിഷേധിച്ചതിനെ തുടര്‍ന്നാണ് ജെറ്റ് എയര്‍വേയ്‌സ് സര്‍വീസ് നിര്‍ത്തിയത്.

നിലവില്‍ ജെറ്റ് എയര്‍വേയ്‌സ് ഏറ്റെടുക്കുന്നതിനായി റിലയന്‍സ്, എക്‌സ്പ്രഷന്‍ ഓഫ് ഇന്ററസ്റ്റ് സമര്‍പ്പിച്ചിട്ടില്ല. അതേസമയം ജെറ്റ് എയര്‍വേയ്‌സിലെ ഓഹരി ഉടമയായ യുഎഇ കമ്പനി എത്തിഹാദ് എയര്‍വേയ്‌സുമായി ചേര്‍ന്ന് റിലയന്‍സ് ബിഡ്ഡിംഗില്‍ പങ്കെടുത്തേക്കുമെന്നാണ് റിപ്പോര്‍ട്ട്. എത്തിഹാദിന് ജെറ്റില്‍ നിലവില്‍ 24 ശതമാനം ഓഹരികളാണുള്ളത്. നിലവിലെ വിദേശ നിക്ഷേപ ചട്ട പ്രകാരം എത്തിഹാദിന് അതിന്റെ ഓഹരി പങ്കാളിത്തം 49 ശതമാനം വരെ വര്‍ദ്ധിപ്പാക്കാനാകും. സര്‍ക്കാര്‍ അനുമതിയുണ്ടെങ്കില്‍ വിദേശ കമ്പനികള്‍ക്ക് ഓട്ടോമാറ്റിക് റൂട്ടില്‍ തന്നെ 100 ശതമാനം നിക്ഷേപം നടത്താം.

2018 മാര്‍ച്ചില്‍ തന്നെ കേന്ദ്ര സര്‍ക്കാര്‍ എയര്‍ ഇന്ത്യയുടെ ഓഹരി വിറ്റഴിക്കല്‍ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചിരുന്നു. എന്നാല്‍ ഇതുവരെ സ്വകാര്യ കമ്പനികളൊന്നും ഓഹരി വാങ്ങാന്‍ തയ്യാറായി വന്നിട്ടില്ല. ധന മന്ത്രി അരുണ്‍ ജയ്റ്റ്്‌ലി അധ്യക്ഷനായ മന്ത്രിതല സമിതി സര്‍ക്കാരിന്റെ 76 ശതമാനം ഓഹരി വിറ്റഴിക്കാനുള്ള സ്ട്രാറ്റജിക് പ്ലാന്‍ മുന്നോട്ടുവച്ചിരുന്നു. കടബാധ്യത കുറക്കുന്നതിനായി എയര്‍ ഇന്ത്യയുടെ സ്വത്തുക്കളും അനുബന്ധ വസ്തുക്കളും വിറ്റഴിക്കാന്‍ കമ്മിറ്റി തീരുമാനിച്ചിരുന്നു. 2017 മാര്‍ച്ച് 31 വരെയുള്ള കണക്ക് പ്രകാരം എയര്‍ ഇന്ത്യക്ക് 48,781 കോടി രൂപയുടെ കടമാണ് ഉണ്ടായിരുന്നത്.

2018 മാര്‍ച്ച് 31 വരെ ജെറ്റ് എയര്‍വേയ്‌സിന് 8414 കോടി രൂപ കടം. ഏപ്രില്‍ 30 വരെയാണ് ബിഡ്ഡുകള്‍ സമര്‍പ്പിക്കാന്‍ സമയം നല്‍കിയിരിക്കുന്നത്. ജെറ്റ് എയര്‍വേയ്‌സിന്റെ ആഭ്യന്തര മാര്‍ക്ക്റ്റ് ഷെയര്‍ 11.4 ശതമാനമാണ്. എയര്‍ ഇന്ത്യയുടേത് 12.8. 2018 ഫെബ്രുവരിയില്‍ ജെറ്റിന്റേത് 16.8ഉം എയര്‍ ഇന്ത്യയുടേത് 13.2 ശതമാനവുമായിരുന്നു. നിലവില്‍ രാജ്യത്തെ ഏറ്റവും വലിയ വിമാന കമ്പനിയായ ഇന്‍ഡിഗോയുടെ മാര്‍ക്കറ്റ് ഷെയര്‍ 43.4 ശതമാനമാണ്.