X

മടപ്പള്ളി കോളേജില്‍ എന്നെ എസ്എഫ്‌ഐക്കാര്‍ ആക്രമിച്ചിട്ടില്ല, തട്ടിക്കയറുകയാണ് ചെയ്തത്: കവി വീരാന്‍കുട്ടി

കുട്ടികളുമായി എന്നും നല്ല ബന്ധം സൂക്ഷിക്കുന്ന ഒരാളാണ് ഞാന്‍. അങ്ങനെയുള്ള എന്നോട് പെട്ടെന്ന് ഇങ്ങനെ ഒരു നീക്കം ഉണ്ടായത് അങ്ങേയറ്റം വേദനിപ്പിച്ചു. അദ്ധ്യാപകന് ഭയന്നുകൊണ്ട് വേണം ക്യാമ്പസില്‍ കഴിയാന്‍ എന്ന് വരുന്നത് വേദനാജനകമാണ്

കണ്ണൂര്‍ മടപ്പള്ളി കോളേജില്‍ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ തന്നെ ശാരീരികമായി ആക്രമിക്കുകയോ കയ്യേറ്റം ചെയ്യുകയോ ഉണ്ടായിട്ടില്ലെന്ന് കവിയും അദ്ധ്യാപകനുമായ വീരാന്‍കുട്ടി. മലയാളം ഡിപ്പാര്‍ട്ട്‌മെന്റില്‍ കയറി വന്ന് തന്നോട് കയര്‍ക്കുകയും ഭീഷണിയുടെ സ്വരത്തില്‍ സംസാരിക്കുകയുമാണ് ചെയ്തത്. ഈ സംഭവം തന്നെ വേദനിപ്പിച്ചതായും എസ്എഫ്‌ഐക്കാര്‍ തന്നെ കയ്യേറ്റം ചെയ്‌തെന്ന വാര്‍ത്തയുടെ നിജസ്ഥിതി പലരും അന്വേഷിച്ചതിനാലാണ് താന്‍ ഇക്കാര്യം വിശദീകരിക്കുന്നതെന്നും വീരാന്‍കുട്ടി പറയുന്നു.

വീരാന്‍കുട്ടി പറയുന്നത്‌:

“എനിക്കുമേല്‍ മടപ്പള്ളി കോളജില്‍ വച്ച് എസ്എഫ്‌ഐയുടെ ആക്രമണമുണ്ടായതായി കേള്‍ക്കുന്നു എന്ന മട്ടിലുള്ള ഒരു വാര്‍ത്ത നവമാധ്യമങ്ങളില്‍ പ്രചരിക്കുന്നതായി അറിഞ്ഞു. അതിനൊരു വിശദീകരണം എന്ന നിലയിലാണ് ഈ കുറിപ്പ്. വാര്‍ത്തയില്‍ കണ്ടതുപോലെ അവരില്‍ നിന്നും ശാരീരികമായ കയ്യേറ്റമോ ആക്രമണമോ എന്റെ മേലുണ്ടായിട്ടില്ല എന്നറിയിക്കാനാണീ കുറിപ്പ്. കോളേജില്‍ വച്ച് പതിനഞ്ചോളം വരുന്ന വിദ്യാര്‍ത്ഥികള്‍ മലയാളം ഡിപ്പാര്‍ട്ടുമെന്റില്‍ കയറിവന്ന് എന്നെ ചോദ്യം ചെയ്യുകയും കയര്‍ക്കുകയും ഭീഷണിയുടെ സ്വരത്തില്‍ വെല്ലുവിളുച്ചുകൊണ്ട് ഇറങ്ങിപ്പോകുകയും ചെയ്തു എന്നത് വാസ്തവമാണ്. കാലത്ത് ക്ലാസില്‍ കയറാതെ വരാന്തയില്‍ കണ്ട കോളജ് ചെയര്‍മാനോട് ഞാന്‍ കയര്‍ത്തു സംസാരിച്ചുവോ എന്നും ക്ലാസില്‍ കയറാത്ത മറ്റൊരു കുട്ടിയെ ഞാന്‍ പിടിച്ച് ഉന്തിയോ എന്നും ചോദിച്ചുകൊണ്ടായിരുന്നു അവര്‍ എന്നെ ചോദ്യം ചെയ്തത്. ഒരധ്യാപകനാണ് എന്ന പരിഗണന പോലും തരാതെയുള്ള അവരുടെ വിചാരണ എന്നെ ശരിക്കും തളര്‍ത്തുകയുണ്ടായി എന്നതു വാസ്തവമാണ്.

30 വര്‍ഷത്തെ അധ്യാപന ചരിത്രത്തില്‍ ഇന്നേവരേ നേരിടാത്ത ഒരവസ്ഥയില്‍ ഞാന്‍ ശരിക്കും പകച്ചുപോയി. ക്ലാസില്‍ പോകാന്‍ പറയുക മാത്രമാണ് ഞാന്‍ ചെയ്തതെന്നും എന്റെ വാക്കുകള്‍ അവര്‍ക്കു വിഷമം സൃഷ്ടിച്ചെങ്കില്‍ മാപ്പ് ചോദിക്കുന്നുവെന്നും പറഞ്ഞിട്ടും അവരുടെ കലി അടങ്ങിയില്ല.ഒടുവില്‍ ഭീഷണിമുഴക്കി ഇറങ്ങിപ്പോകുകയാണുണ്ടായത്. അധ്യാപകരും അധ്യാപക സംഘടനയായ AKGCT യൂണിറ്റും ഒറ്റക്കെട്ടായി എനിക്കൊപ്പം നിന്നു എന്നത് വലിയ ആശ്വാസം തന്നു. അല്പം കഴിഞ്ഞ് ചെയര്‍മാന്‍ വന്ന് എന്നോട് ഖേദം പ്രകടിപ്പിക്കുകയുമുണ്ടായി. കുട്ടികളുമായി എന്നും നല്ല ബന്ധം സൂക്ഷിക്കുന്ന ഒരാളാണ് ഞാന്‍. അങ്ങനെയുള്ള എന്നോട് പെട്ടെന്ന് ഇങ്ങനെ ഒരു നീക്കം ഉണ്ടായത് അങ്ങേയറ്റം വേദനിപ്പിച്ചു എന്നത് വാസ്തവമാണ് ഒരു അദ്ധ്യാപകന് ഭയന്നുകൊണ്ട് വേണം ക്യാമ്പസില്‍ കഴിയാന്‍ എന്ന് വരുന്നത് വേദനാജനകമാണ്.

ഗവണ്മെന്റ് വിദ്യാഭ്യാസ രംഗത്ത് മികച്ച മുന്നേറ്റത്തൊരുങ്ങുന്ന ഒരു ഘട്ടത്തില്‍ വിദ്യാര്‍ത്ഥി സംഘടനാ രംഗത്ത് പ്രവര്‍ത്തിക്കുന്ന ചിലരെങ്കിലും അവരൊരു ചെറിയ ന്യൂനപക്ഷമാണെങ്കില്‍ പോലും അതിനെ പുറകോട്ടടിക്കുന്ന മട്ടില്‍ പെരുമാറുന്നത് ഗുണം ചെയ്യില്ല എന്നാണെന്റെ തോന്നല്‍. പലരും വിളിച്ച് വാര്‍ത്തയുടെ നിജസ്ഥിതി അന്വേഷിക്കുന്നതുകൊണ്ടാണ് ഇങ്ങിനെയൊരു കുറിപ്പ്. വിദ്യാര്‍ത്ഥികളായതു കൊണ്ട് അവര്‍ക്കെതിരെ ഞാന്‍ പരാതിയൊന്നും നല്‍കിയിട്ടില്ല എന്നും അറിയിക്കട്ടെ.”

This post was last modified on June 24, 2017 1:22 pm