X

ഗുജറാത്ത് മുന്‍ ഐപിഎസ് ഉദ്യോഗസ്ഥന്‍ സഞ്ജീവ് ഭട്ടിന്റെ ജാമ്യാപേക്ഷ സുപ്രീം കോടതി തള്ളി

വിചാരണ ആറ് മാസത്തിനുള്ളില്‍ പൂര്‍ത്തിയായില്ലെങ്കില്‍ കോടതിയെ സമീപിക്കാന്‍ ഗുജറാത്ത് ഹൈക്കോടതി സഞ്ജീവ് ഭട്ടിനോട് പറഞ്ഞിട്ടുള്ളതായി സുപ്രീം കോടതി ചൂണ്ടിക്കാട്ടി.

അഭിഭാഷകനെ കള്ളക്കേസില്‍ കുടുക്കിയെന്ന കേസില്‍ ഗുജറാത്ത് മുന്‍ ഐപിഎസ് ഉദ്യോഗസ്ഥന്‍ സഞ്ജീവ് ഭട്ടിന്റെ ജാമ്യാപേക്ഷ സുപ്രീം കോടതി തള്ളി. 1996ല്‍ ഗുജറാത്തിലെ ബാനസ്‌കന്ധ എസ്പിയായിരിക്കെ അഭിഭാഷകനെ മയക്കുമരുന്ന് കേസില്‍ കുടുക്കാന്‍ ശ്രമിച്ചു എന്നാണ് കേസ്. വിചാരണ ആറ് മാസത്തിനുള്ളില്‍ പൂര്‍ത്തിയായില്ലെങ്കില്‍ കോടതിയെ സമീപിക്കാന്‍ ഗുജറാത്ത് ഹൈക്കോടതി സഞ്ജീവ് ഭട്ടിനോട് പറഞ്ഞിട്ടുള്ളതായി സുപ്രീം കോടതി ചൂണ്ടിക്കാട്ടി.

സഞ്ജീവ് ഭട്ടിനെ പൊലീസ് കസ്റ്റഡിയിലെടുത്തത് ചോദ്യം ചെയ്ത് ഭാര്യ ശ്വേത ഭട്ട് നല്‍കിയ ഹര്‍ജി 2018 ഒക്ടോബര്‍ നാലിന് സുപ്രീം കോടതി തള്ളിയിരുന്നു. എന്നാല്‍ ഇടപെടാനാകില്ല എന്നാണ് സുപ്രീം കോടതി അറിയിച്ചത്. ഒരു കിലോ മയക്കുമരുന്ന് കൈവശം വച്ചു എന്നാണ് സമര്‍സിംഗ് രാജ് പുരോഹിത് എന്ന കേസിലാണ് സമര്‍ സിംഗ് എന്ന അഭിഭാഷകനെ അറസ്റ്റ് ചെയ്തത്. പാലന്‍പൂരിലെ ഹോട്ടല്‍മുറിയില്‍ നിന്നാണ് മയക്കുമരുന്ന് പിടിച്ചെടുത്തത്. അതേസമയം സമര്‍സിംഗ് രാജ്പുരോഹിതിനെ കള്ളക്കേസില്‍ കുടുക്കിയെന്നാണ് രാജസ്ഥാന്‍ പൊലീസ് കണ്ടെത്തിയത്. രാജസ്ഥാനിലെ പാലിയിലുള്ള ഒരു തര്‍ക്ക വസ്തു കൈക്കലാക്കുന്നതിനായുള്ള സമ്മര്‍ദ്ദത്തിന്റെ ഭാഗമായിരുന്നു കേസ് എന്നാണ് പൊലീസിന്റെ ആരോപണം.

2011ല്‍ കൃത്യവിലോപം ആരോപിച്ച് സഞ്ജീവ് ഭട്ടിനെ ഗുജറാത്ത് സര്‍ക്കാര്‍ സസ്‌പെന്‍ഡ് ചെയ്തിരുന്നു. അനുമതിയില്ലാതെ അവധിയെടുത്തു, ഔദ്യോഗിക വാഹനങ്ങള്‍ ദുരുപയോഗം ചെയ്തു തുടങ്ങിയ ആരോപണങ്ങളാണ് ഉണ്ടായിരുന്നത്. 2015ല്‍ സര്‍വീസില്‍ നിന്ന് പുറത്താക്കുകയും ചെയ്തു. 2002ലെ ഗുജറാത്ത് കൂട്ടക്കൊലയെ മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദി സഹായിച്ചു എന്ന് മൊഴി നല്‍കിയ സഞ്ജീവ് ഭട്ട് അന്ന് മുതല്‍ നരേന്ദ്ര മോദിയുടേയും ബിജെപിയുടേയും ശത്രുത പിടിച്ചുപറ്റിയിരുന്നു. മോദിയുടേയും സംഘപരിവാറിന്റേയും നിശിത വിമര്‍ശകനായാണ് കഴിഞ്ഞ കുറെ വര്‍ഷങ്ങളായി സഞ്ജീവ് ഭട്ട് സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെട്ടിരുന്നത്. സഞ്ജീവ് ഭട്ടിനെ കാണാന്‍ അഭിഭാഷകനെ പോലും അനുവദിക്കുന്നില്ല എന്ന പരാതി നേരത്തെ ഭാര്യ ഉന്നയിച്ചിരുന്നു.