X

പാകിസ്താനുമായി കൂടുതല്‍ സംഘര്‍ഷത്തിന് ഇന്ത്യക്ക് താല്‍പര്യമില്ലെന്ന് സുഷമ സ്വരാജ്; ഇരു രാജ്യങ്ങളും സംയമനം പാലിക്കണമെന്ന് ചൈന

ഇന്ത്യ ഉത്തരവാദിത്തത്തോടെയും നിയന്ത്രണത്തോടെയും മാത്രമേ പ്രവര്‍ത്തിക്കൂ എന്ന് സുഷമ സ്വരാജ് വ്യക്തമാക്കി.

പാകിസ്താനുമായി കൂടുതല്‍ സംഘര്‍ഷത്തിന് ഇന്ത്യക്ക് താല്‍പര്യമില്ലെന്ന് വിദേശകാര്യ മന്ത്രിയ സുഷമ സ്വരാജ്. ചൈനയിലെ വുസനിലാണ് സുഷമ സ്വരാജ് ഇക്കാര്യം പറഞ്ഞത്. പാക് അധീന കാശ്മീരിലെ ഭീകര ക്യാമ്പുകള്‍ ഇന്ത്യന്‍ വ്യോമസേന ആക്രമിച്ചതിന് പിന്നാലെ ഇന്ത്യയും പാകിസ്താനും യുദ്ധത്തിലേയ്ക്ക് പോകരുതെന്നും നിയന്ത്രണം പാലിക്കണമെന്നും ചൈന ആവശ്യപ്പെട്ടിരുന്നു. യുഎസും യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗട്ടറസും ഇക്കാര്യമാണ് ആവശ്യപ്പെട്ടത്.

ഇന്ത്യ ഉത്തരവാദിത്തത്തോടെയും നിയന്ത്രണത്തോടെയും മാത്രമേ പ്രവര്‍ത്തിക്കൂ എന്ന് സുഷമ സ്വരാജ് വ്യക്തമാക്കി. അതേസമയം പാകിസ്താനെതിരെ രൂക്ഷ വിമര്‍ശനവും സുഷമ സ്വരാജ് നടത്തി. പുല്‍വാമ ഭീകരാക്രമണത്തിന് ഉത്തരവാദികളായവര്‍ക്കെതിരെ നടപടിയെടുക്കാന്‍ പാകിസ്താന്‍ തയ്യാറായില്ല എന്ന് സുഷമ സ്വരാജ് കുറ്റപ്പെടുത്തി. 16ാമത് റഷ്യ-ഇന്ത്യ-ചൈന വിദേശകാര്യമന്ത്രിമാരുടെ ഉച്ചകോടിയില്‍ പങ്കെടുക്കാനാണ് സുഷമ സ്വരാജ് ചൈനയിലെത്തിയത്.

പാകിസ്താനിലെ സാധാരണ ജനങ്ങള്‍ക്ക് യാതൊരു പ്രശ്‌നവുമുണ്ടാക്കാത്ത വിധത്തിലാണ് ഭീകര ക്യാമ്പുകള്‍ ഇന്ത്യന്‍ വ്യോമസേന ആക്രമിച്ചത് എന്ന് സുഷമ സ്വരാജ് പറഞ്ഞു. ജയ്ഷ് ഇ മുഹമ്മദ് ഇന്ത്യന്‍ നഗരങ്ങളില്‍ ആക്രമണം നടത്താന്‍ പദ്ധതിയിടുന്നതായി വ്യക്തമായ ഇന്റലിജന്‍സ് വിവരം ഇന്ത്യക്ക് ലഭിച്ചിരുന്നു – സുഷമ സ്വരാജ് പറഞ്ഞു. യുഎന്നും മറ്റ് രാജ്യങ്ങളും ജെഇഎമ്മിനെ നിരോധിച്ചതാണ് എന്ന് സുഷമ സ്വരാജ് ചൂണ്ടിക്കാട്ടി. ജെഇഎമ്മിന് പാകിസ്താന്‍ കൊടുത്ത പിന്തുണയുടേയും സംരക്ഷണത്തിന്റേയും ഫലമാണ് പുല്‍വാമ ആക്രമണം എന്നും സുഷമ പറഞ്ഞു.

അതേസമയം ജയ്ഷ് ഇ മുഹമ്മദ് തലവന്‍ മൗലാന മസൂദ് അസ്ഹറിനെ ആഗോള ഭീകര പട്ടികയില്‍ ഉള്‍പ്പെടുത്തണം എന്ന ഇന്ത്യയുടെ ആവശ്യം ചൈന ഇതുവരെ അംഗീകരിച്ചിട്ടില്ല. യുഎന്‍ രക്ഷാസമിതി പുല്‍വാമ ആക്രമണത്തെ അപലിച്ചിറക്കിയ പ്രസ്താവനയില്‍ ജയ്ഷ് ഇ മുഹമ്മദിനേയും പാകിസ്താന്‍ അധീന കാശ്മീരിനേയും പരാമര്‍ശിച്ചതിനെ ചൈന എതിര്‍ത്തിരുന്നു.

This post was last modified on February 27, 2019 2:34 pm