X

“എല്ലാവരും കരുതുന്നു, ബിജെപി അപകടകാരിയെന്ന്; ശരിയായിരിക്കണം”: രജനികാന്ത്‌

നോട്ട് നിരോധനം നടപ്പാക്കിയത് തെറ്റായ രീതിയിലാണെന്നും അത് വിശദമായി ചര്‍ച്ച ചെയ്യപ്പെടേണ്ട കാര്യമാണെന്നും രജനി പറഞ്ഞു.

മറ്റെല്ലാവരും അങ്ങനെ കരുതുന്നുണ്ട്. അത് ശരിയായിരിക്കാം – ബിജെപിയെക്കുറിച്ച് രജനികാന്ത് പറഞ്ഞു. ബിജെപിക്കെതിരെ ദേശീയ തലത്തില്‍ ഒരു മുന്നണി രൂപീകരണത്തിന് ശ്രമം നടക്കുന്നുണ്ടല്ലോ, ബിജെപി അത്രക്ക് അപകടകാരിയായ പാര്‍ട്ടിയാണോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു രജനികാന്ത്. നോട്ട് നിരോധനം നടപ്പാക്കിയത് തെറ്റായ രീതിയിലാണെന്നും അത് വിശദമായി ചര്‍ച്ച ചെയ്യപ്പെടേണ്ട കാര്യമാണെന്നും രജനി പറഞ്ഞു. 2016ല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി നോട്ട് നിരോധനം കൊണ്ടുവന്നപ്പോള്‍ രജനീകാന്തും കമല്‍ഹാസനും അടക്കമുള്ള താരങ്ങള്‍ ശക്തമായി പിന്തുണച്ചിരുന്നു. രജനീകാന്തിന് ബിജെപിയോട് ചായ്വുണ്ടെന്ന തരത്തിലുള്ള വിലയിരുത്തലുകള്‍ക്കിടെയാണ് ഈ പ്രതികരണം.

പലരും പറയുന്നു, ബിജെപി എന്റെ പിന്നിലുണ്ടെന്ന്. അത് ശരിയല്ല, ദൈവവും ജനങ്ങളും മാത്രമാണ് എന്റെ പിന്നിലുള്ളത് – രജനികാന്ത് നേരത്തെ പറഞ്ഞിരുന്നു. തന്റേത് ജാതി, മത ചിന്തകള്‍ക്കപ്പുറത്തേയ്ക്കുള്ള ‘ആത്മീയ രാഷ്ട്രീയ’മാണ് എന്നാണ് രജനീകാന്ത് പറയുന്നത്. എന്നാല്‍ ഈ ‘ആത്മീയ രാഷ്ട്രീയം’ ബിജെപിയോടും ആര്‍എസ്എസിനോടുമുള്ള അനുഭാവമല്ലാതെ മറ്റൊന്നുമല്ലെന്നാണ് ഡിഎംകെയുടെ വിമര്‍ശനം. രജനിയെ പിന്തുണക്കുന്നത് വര്‍ഗീയവാദികളാണെന്നും ഡിഎംകെ ആരോപിക്കുന്നു. അതേസമയം മതേതരനെന്ന് സ്ഥാപിക്കാനുള്ള ശ്രമമാണ് രജനി നടത്തുന്നത് എന്നാണ് എഐഎഡിഎംകെ വിലയിരുത്തുന്നത്.

This post was last modified on November 13, 2018 6:46 am

Related Post
Leave a Comment