X

കാശ്മീരിന്റെ ‘ആസാദി’യെ പിന്തുണക്കുന്നവര്‍ പട്ടാളക്കാരെ അപമാനിക്കുന്നു: മോദി

സര്‍ജിക്കല്‍ സ്‌ട്രൈക്ക് പോലെയുള്ള സൈന്യത്തിന്‍റെ ധീരോദാത്തമായ പ്രവൃത്തികളെ കോണ്‍ഗ്രസ് എത്രമാത്രം അധിക്ഷേപിക്കുന്നു എന്ന് വ്യക്തമാക്കുന്നതാണ് ഇത്തരം പ്രസ്താവനകളെന്ന് മോദി അഭിപ്രായപ്പെട്ടു.

കാശ്മീരിന്റെ ആസാദിയെ പിന്തുണക്കുന്നവര്‍ അതിര്‍ത്തിയിലെ പട്ടാളക്കാരെ അപമാനിക്കുന്നവരാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ജമ്മു കാശ്മീരിന് കൂടുതല്‍ സ്വയംഭരണാവകാശങ്ങള്‍ നല്‍കണമെന്ന മുന്‍ കേന്ദ്രമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ പി ചിദംബരത്തിന്റെ പ്രസ്താവന ഉദ്ദേശിച്ചാണ് മോദി ഇക്കാര്യം പറഞ്ഞത്. കോണ്‍ഗ്രസ് നേതാക്കള്‍ ഇത്തരക്കാരുടെ ശബ്ദത്തില്‍ സംസാരിക്കുന്നത് എന്തിനാണ്. ഇത് രാജ്യത്തിന്റെ ധീരരായ സൈനികരെ അപമാനിക്കുന്നതിന് തുല്യമാണ് – മോദി അഭിപ്രായപ്പെട്ടു. ബംഗളൂരുവില്‍ ഒരു പൊതുപരിപാടിയില്‍ പ്രസംഗിക്കവേയാണ് മോദി ഇക്കാര്യം പറഞ്ഞത്.

സര്‍ജിക്കല്‍ സ്‌ട്രൈക്ക് പോലെയുള്ള സൈന്യത്തിന്‍റെ ധീരോദാത്തമായ പ്രവൃത്തികളെ കോണ്‍ഗ്രസ് എത്രമാത്രം അധിക്ഷേപിക്കുന്നു എന്ന് വ്യക്തമാക്കുന്നതാണ് ഇത്തരം പ്രസ്താവനകളെന്ന് മോദി അഭിപ്രായപ്പെട്ടു. ഇത്തരം പ്രസ്താവനകളെ അംഗീകരിക്കാനാവില്ല. നേതാക്കള്‍ പറയുന്ന ഇത്തരം കാര്യങ്ങള്‍ക്ക് കോണ്‍ഗ്രസ് മറുപടി പറയണമെന്നും മോദി ആവശ്യപ്പെട്ടു.
ചൈനയുമായുള്ള ഡോക്ലാം അതിര്‍ത്തി സംഘര്‍ഷത്തെക്കുറിച്ച് കോണ്‍ഗ്രസ് നുണ പ്രചരിപ്പിച്ചതായും മോദി ആരോപിച്ചു. കോണ്‍ഗ്രസ് രാജ്യത്തിന്റെ എല്ലാ പ്രതീക്ഷകളില്‍ നിന്നും അകന്നു. കോണ്‍ഗ്രസില്‍ ജനങ്ങള്‍ ഒരു തരത്തിലുമുള്ള പ്രതീക്ഷകള്‍ വച്ചുപുലര്‍ത്തുന്നില്ലെന്നും മോദി അഭിപ്രായപ്പെട്ടു.

This post was last modified on October 29, 2017 4:52 pm