X

പി.യു.ചിത്രയ്ക്ക് അവസരം നിഷേധിക്കല്‍: പിടി ഉഷയുടേയും അഞ്ജു ബോബി ജോര്‍ജിന്റേയും നിലപാട് സംശയകരമെന്ന് മന്ത്രി മൊയ്തീന്‍

ചിത്രയെ ഒഴിവാക്കിയതിന് പിന്നില്‍ല ഗൂഢാലോചനയുണ്ടെന്ന് സംശയിക്കുന്നു. അത്‌ലറ്റിക് ഫെഡറേഷന്റെ നിലപാട് നിര്‍ഭാഗ്യകരമായി പോയെന്നും എസി മൊയ്തീന്‍ കൂട്ടിച്ചേര്‍ത്തു.

ലോക അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കാന്‍ പി.യു.ചിത്രക്ക് അവസരം നിഷേധിച്ച സംഭവത്തില്‍ മുന്‍ താരങ്ങള്‍ പിടി ഉഷയ്ക്കും അഞ്ജു ബോബി ജോര്‍ജിനുമെതിരെ കായിക മന്ത്രി എസി മൊയ്തീന്‍. ചിത്രയ്ക്ക് അവസരം നിഷേധിക്കപ്പെട്ടതില്‍ സെക്ഷന്‍ നടപടികളുടെ നിരീക്ഷകരായ ഉഷയുടേയും അഞ്ജുവിന്റേയും നിലപാടുകള്‍ സംശയകരമാണെന്ന് മൊയ്തീന്‍ പറഞ്ഞു. ചിത്രയെ ഒഴിവാക്കിയതിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്ന് സംശയിക്കുന്നു. അത്‌ലറ്റിക് ഫെഡറേഷന്റെ നിലപാട് നിര്‍ഭാഗ്യകരമായി. ചിത്രയ്ക്ക് സ്‌കോളര്‍ഷിപ്പും വിദേശ പരിശീലനവും നല്‍കുമെന്നും മന്ത്രി പറഞ്ഞു.

പി.യു.ചിത്രയെ ടീമില്‍ ഉള്‍പ്പെടുത്തണമെന്ന് കേരള ഹൈക്കോടതി ഇന്നലെ ഉത്തരവിട്ടിരുന്നു. എന്നാല്‍ ടീമില്‍ ഉള്‍പ്പെടുത്താനുള്ള സമയം കഴിഞ്ഞെന്നും തങ്ങളുടെ ഭാഗം കേള്‍ക്കാതെയാണ് ഇത്തരമൊരു ഉത്തരവ് ഹൈക്കോടതി പുറപ്പെടുവിച്ചതെന്നുമാണ് അത്‌ലറ്റിക് ഫെഡറേഷന്റെ നിലപാട്. ഇക്കാര്യം തിങ്കളാഴ്ച കോടതിയെ അറിയിക്കുമെന്നും ഫെഡറേഷന്‍ പറയുന്നു. അന്താരാഷ്ട്ര മത്സരത്തില്‍ പങ്കെടുക്കാന്‍ യോഗ്യതയില്ലെന്നും പ്രകടനസ്ഥിരതയില്ലെന്നും മെഡല്‍ സാദ്ധ്യതയില്ലെന്നും പറഞ്ഞാണ് ഏഷ്യന്‍ അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണം നേടിയിട്ടുള്ള ചിത്രയെ ടീമില്‍ നിന്ന് ഒഴിവാക്കിയത്. ഇത് വലിയ വിവാദമാവുകയും ശക്തമായ പ്രതിഷേധമുയര്‍ത്തുകയും ചെയ്തിരുന്നു.

This post was last modified on July 29, 2017 2:42 pm