X

സുഷമ സ്വരാജിന് പിന്നാലെ ഉമ ഭാരതിയും: ലോക്‌സഭ തിരഞ്ഞെടുപ്പില്‍ മത്സരിക്കില്ല

തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നില്ല എന്ന് പറഞ്ഞതിന്റെ അര്‍ത്ഥം രാഷ്ട്രീയത്തില്‍ നിന്ന് വിരമിക്കുന്നു എന്ന് അല്ലെന്നും ഉമ ഭാരതി വ്യക്തമാക്കി.

ബിജെപിയുടെ ഏറ്റവും പ്രമുഖരായ രണ്ട് വനിതാ നേതാക്കള്‍ തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ നിന്ന് കളമൊഴിയുകയാണ്. വിദേശകാര്യ മന്ത്രി സുഷമ സ്വരാജിന് പിന്നാലെ കുടിവെള്ള, ശുചീകരണ വകുപ്പുകള്‍ കൈകാര്യം ചെയ്യുന്ന മുതിര്‍ന്ന നേതാവ് ഉമ ഭാരതിയും 2019ലെ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ മത്സരിക്കില്ല എന്ന് വ്യക്തമാക്കിയിരിക്കുന്നു. അടുത്ത ഒന്നരവര്‍ഷം അയോധ്യയില്‍ രാമക്ഷേത്ര നിര്‍മ്മാണത്തിനും ഗംഗാ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്കുമായി മാറ്റിവയ്ക്കുമെന്ന് ഉമ ഭാരതി പറഞ്ഞു. ബാബറി മസ്ജിദ് തകര്‍ത്ത കേസിലെ പ്രതികളിലൊരാളായ ഉമ ഭാരതി അയോധ്യ രാമജന്മഭൂമി പ്രസ്ഥാനത്തിന്റെ നേതൃനിരയില്‍ സജീവമായിരുന്നു. ഈ വര്‍ഷം ആദ്യം തന്നെ താന്‍ ഇനി തിരഞ്ഞെടുപ്പ് മത്സരത്തിനില്ലെന്ന് അവര്‍ പറഞ്ഞിരുന്നെങ്കിലും ആരോഗ്യപ്രശ്‌നങ്ങളാണ് കാരണമായി പറഞ്ഞിരുന്നത്.

ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായുടെ സമ്മതം വാങ്ങിയ ശേഷം ജനുവരി 15 മുതല്‍ ഒന്നര വര്‍ഷത്തേയ്ക്ക് ഗംഗ യാത്ര നടത്തും. ഞാന്‍ ഗംഗാതീരത്ത് ചിലവഴിക്കും. രാമക്ഷേത്രത്തിന് വേണ്ടിയും പ്രവര്‍ത്തിക്കും. അതേസമയം രാമക്ഷേത്രത്തിന് വേണ്ടി സംഘപരിവാര്‍ സംഘടനകള്‍ പ്രക്ഷോഭത്തിലേയ്ക്ക് നീങ്ങുന്നതിനെ അവര്‍ തള്ളിക്കളഞ്ഞു. രാമക്ഷേത്രത്തിന് പ്രക്ഷോഭമോ പ്രതിഷേധമോ ഒന്നും വേണ്ട. ഇത് വിശ്വാസത്തിന്റെ പ്രശ്‌നമാണ്. എല്ലാ കക്ഷികള്‍ക്കുമിടയിലെ സമന്വയത്തിലൂടെ പ്രശ്‌നപരിഹാരമുണ്ടാകും.

എന്നാല്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നില്ല എന്ന് പറഞ്ഞതിന്റെ അര്‍ത്ഥം രാഷ്ട്രീയത്തില്‍ നിന്ന് വിരമിക്കുന്നു എന്ന് അല്ലെന്നും ഉമ ഭാരതി വ്യക്തമാക്കി. തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ സജീവമാകുമെന്നും അവസാനശ്വാസം വരെ ബിജെപിക്ക് വേണ്ടി പ്രവര്‍ത്തിക്കുമെന്നും ഉമ ഭാരതി പറഞ്ഞു. അതേസമയം ബിജെപിയുടെ വാഗ്ദാനങ്ങളുടെ പൊള്ളത്തരം ജനങ്ങള്‍ മനസിലാക്കിയിട്ടുണ്ടെന്നും അതുകൊണ്ട് ഇത്തരത്തില്‍ ഓരോ ഒഴിവുകഴിവുകളുമായി നേതാക്കള്‍ പതിയെ മുങ്ങുകയാണെന്നും കോണ്‍ഗ്രസ് നേതാവ് ശോഭ ഓജ പരിഹസിച്ചു. രാമക്ഷേത്രം കുറേ വര്‍ഷങ്ങളായി ബിജെപി രാഷ്ട്രീയനേട്ടത്തിന് വേണ്ടി ഉപയോഗിച്ചുപോരുന്നതാണ്. ജനങ്ങള്‍ ഇവരെ വിശ്വസിക്കാന്‍ പോകുന്നില്ലെന്നും ശോഭ ഓജ പറഞ്ഞു.

Related Post
Leave a Comment