X

ജെറുസലേം ഇസ്രയേല്‍ തലസ്ഥാനമാക്കാനുള്ള ട്രംപിന്റെ പിന്തുണ യുഎന്‍ രക്ഷാസമിതി ചര്‍ച്ച ചെയ്യും

15 അംഗ രക്ഷാസമിതിയിലെ എട്ട് രാജ്യങ്ങള്‍ ട്രംപിന്റെ നടപടി ചര്‍ച്ച ചെയ്യാന്‍ രക്ഷാസമിതി ചേരണമെന്ന് ആവശ്യപ്പെട്ടു. യുകെ, ഇറ്റലി, ഫ്രാന്‍സ് തുടങ്ങിയവയെല്ലാം ഇക്കാര്യം ആവശ്യപ്പെട്ടിരുന്നു.

ഇസ്രയേലിനും പലസ്തീനിനും ഇടയില്‍ തര്‍ക്കപ്രദേശമായ ജെറുസലേം നഗരത്തെ ഇസ്രയേലിന്റെ തലസ്ഥാനമാക്കാനുള്ള നീക്കത്തിന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പിന്തുണ സംബന്ധിച്ച് ഐക്യരാഷ്ട്ര സംഘടനയുടെ രക്ഷാസമിതി നാളെ ചര്‍ച്ച ചെയ്യും. പശ്ചിമേഷ്യയിലെ സംഘര്‍ഷങ്ങള്‍ രൂക്ഷമാക്കാന്‍ ഇടയുള്ള ഈ നടപടിക്കെതിരെ വിവിധ ലോകരാജ്യങ്ങളും നേതാക്കളും ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. ട്രംപിന്റെ അംഗീകാരം അന്താരാഷ്ട്ര നിയമങ്ങളുടേയും യുഎന്‍ പ്രമേയങ്ങളുടേയും ചട്ടങ്ങളുടേയും ലംഘനമാണെന്ന് ചൂണ്ടിക്കാട്ടി പലസ്തീനും തുര്‍ക്കിയും രംഗത്തുണ്ട്. 15 അംഗ രക്ഷാസമിതിയിലെ എട്ട് രാജ്യങ്ങള്‍ ട്രംപിന്റെ നടപടി ചര്‍ച്ച ചെയ്യാന്‍ രക്ഷാസമിതി ചേരണമെന്ന് ആവശ്യപ്പെട്ടു. യുകെ, ഇറ്റലി, ഫ്രാന്‍സ് തുടങ്ങിയവയെല്ലാം ഇക്കാര്യം ആവശ്യപ്പെട്ടിരുന്നു.

പലസ്തീന്‍ പ്രദേശങ്ങളായ ഗാസയിലും വെസ്റ്റ് ബാങ്കിലും ട്രംപിന്റെ പ്രഖ്യാപനത്തിനെതിരെ പ്രതിഷേധം ശക്തമായിരിക്കുന്നു. ഗാസയില്‍ ഹമാസ് നേതാവ് ഇസ്മയില്‍ ഹനിയ പ്രതിഷേധത്തിന് ആഹ്വാനം ചെയ്തിരുന്നു. ഒരു തരത്തിലും നീതീകരിക്കാനാകാത്തതും നിരുത്തരവാദപരവുമാണ് ഈ നടപടിയെന്ന് സൗദി ഗവണ്‍മെന്റ് അഭിപ്രായപ്പെട്ടു. അതേസമയം ട്രംപിന്റെ നടപടിയെ ചരിത്രപരം എന്നാണ് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു വിശേഷിപ്പിച്ചത്.