X

കനയ്യ കുമാറിനെതിരെ മത്സരിക്കാനില്ലെന്ന് കേന്ദ്ര മന്ത്രി ഗിരിരാജ് സിംഗ്‌

നവാദ സീറ്റ് മാറ്റി തനിക്ക് ബെഗുസാരായ് തരണം എന്ന് ഒരിക്കലും നേതൃത്വത്തോട് ആവശ്യപ്പെട്ടിട്ടില്ല എന്ന് ഗിരിരാജ് സിംഗ് എബിപി ന്യൂസിനോട് പറഞ്ഞു.

ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ബിഹാറില്‍ ബെഗുസാരായില്‍ കനയ്യ കുമാറിനെതിരെ മത്സരിക്കാനില്ല എന്ന് കേന്ദ്ര മന്ത്രിയും ബിജെപി നേതാവുമായ ഗിരിരാജ് സിംഗ്. അഞ്ച് മുതിര്‍ന്ന ബിജെപി നേതാക്കള്‍ ഗിരിരാജ് സിംഗിനെ സമ്മതിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും ഗിരിരാജ് സിംഗ് വഴങ്ങിയില്ല. നവാദ സീറ്റ് മാറ്റി തനിക്ക് ബെഗുസാരായ് തരണം എന്ന് ഒരിക്കലും നേതൃത്വത്തോട് ആവശ്യപ്പെട്ടിട്ടില്ല എന്ന് ഗിരിരാജ് സിംഗ് എബിപി ന്യൂസിനോട് പറഞ്ഞു. താന്‍ ചെയ്ത പ്രവര്‍ത്തനങ്ങളെ നവാദയിലെ ജനങ്ങള്‍ ചോദ്യം ചെയ്താല്‍ മാത്രമേ മണ്ഡലം മാറുന്ന കാര്യം ആലോചിക്കൂ. നവാദ സീറ്റ് സഖ്യകക്ഷിയായ ലോക്ജനശക്തി പാര്‍ട്ടിക്ക് നല്‍കിയിരിക്കുകയാണ്.

ബെഗുസാരായില്‍ സിപിഐ സ്ഥാനാര്‍ത്ഥിയായ കനയ്യയെ പിന്തുണക്കാമെന്ന് ആര്‍ജെഡി നേരത്തെ പറഞ്ഞിരുന്നങ്കിലും പിന്നീട് പിന്‍വാങ്ങുകയായിരുന്നു. ഇടതുപാര്‍ട്ടികളായ സിപിഎമ്മിനും സിപിഐയ്ക്കും ആര്‍ജെഡി നേതൃത്വത്തലുള്ള മഹാസഖ്യം ഒരു സീറ്റ് പോലും കൊടുത്തില്ല. ഈ സാഹചര്യത്തില്‍ ഇടത് സ്ഥാനാര്‍്ത്ഥിയായി മത്സരിക്കുകയാണ് കനയ്യ കുമാര്‍.

മണ്ഡലത്തിലെ നിര്‍ണായക സ്വാധീനശക്തിയായ കനയ്യയുടെ ഭൂമിഹാര്‍ സമുദായം ഗിരിരാജ് സിംഗിനെയായിരിക്കും പിന്തുണക്കുക എന്നായിരുന്നു ആര്‍ജെഡിയുടെ വിലയിരുത്തല്‍. ഗിരിരാജ് സിംഗിനെ നേരിടാന്‍ കനയ്യയ്ക്ക് കഴിയില്ല എന്നും ആര്‍ജെഡി വിലയിരുത്തിയിരുന്നു. മുസ്ലീം സ്ഥാനാര്‍ത്ഥിക്ക് ഏറ്റവും സുരക്ഷിതമായ മണ്ഡലമായിരിക്കും ബെഗുസാരായ് എന്നും ആര്‍ജെഡി പറയുന്നു. അതേസമയം കനയ്യ കുമാറിന്റെ വ്യക്തിപ്രഭാവം തേജസ്വി യാദവിനെ അസ്വസ്ഥനാക്കുന്നതാണ് ആര്‍ജെഡി കനയ്യയെ ഒഴിവാക്കാന്‍ കാരണമെന്ന് റിപ്പോര്‍ട്ടുണ്ട്.

This post was last modified on March 25, 2019 4:37 pm

Related Post
Leave a Comment