X

ഉത്തരകൊറിയന്‍ തടവില്‍ നിന്ന് മോചിതനായ യുഎസ് വിദ്യാര്‍ത്ഥി മരിച്ചു

മോഷണക്കുറ്റം ആരോപിക്കപ്പെട്ട് തടവിലായിരുന്ന വാമ്പിയറിനെ 17 മാസത്തെ തടങ്കലിന് ശേഷം കഴിഞ്ഞ ചൊവ്വാഴ്ചയാണ് ജയിലില്‍ നിന്ന് വിട്ടയച്ചത്.

ഉത്തര കൊറിയയുടെ തടവില്‍ നിന്ന് മോചിതനായി നാട്ടില്‍ തിരിച്ചെത്തിയ യുഎസ് വിദ്യാര്‍ഥി ഓട്ടോ വാമ്പിയര്‍ (22) മരിച്ചു. മോഷണക്കുറ്റം ആരോപിക്കപ്പെട്ട് തടവിലായിരുന്ന വാമ്പിയറിനെ 17 മാസത്തെ തടങ്കലിന് ശേഷം കഴിഞ്ഞ ചൊവ്വാഴ്ചയാണ് ജയിലില്‍ നിന്ന് വിട്ടയച്ചത്. തിരിച്ചെത്തിച്ചപ്പോള്‍ അബോധാവസ്ഥയിലായിരുന്നു വാമ്പിയര്‍. ഒരു വര്‍ഷത്തോളമായി കോമയിലായിരുന്നു വാമ്പിയര്‍ എന്നാണ് പറയുന്നത്.

തടവറയില്‍ നിന്ന് നേരിട്ട ക്രൂര പീഡനമാണ് മരണകാരണമെന്ന് മാതാപിതാക്കള്‍ പറഞ്ഞു. തലച്ചോറിന് കാര്യമായ ക്ഷതം സംഭവിച്ചിരുന്നു. ഉത്തര കൊറിയന്‍ ക്രൂരതയുടെ ഇരയാണ് വാമ്പിയറെന്നും ശക്തമായി അപലപിക്കുന്നെന്നും പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ് പ്രതികരിച്ചു. 15 വര്‍ഷം കഠിന ജോലിയെന്ന ശിക്ഷയായിരുന്നു ഉത്തര കൊറിയന്‍ കോടതി വാമ്പിയറിന് വിധിച്ചിരുന്നത്. ജൂണ്‍ 13നാണ് വാമ്പിയറിനെ ഉത്തരകൊറിയയില്‍ നിന്ന് നാട്ടിലെത്തിച്ചത്. സ്വദേശമായ സിന്‍സിനാറ്റിയിലെ ഹോസ്പിറ്റലില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഒരു പ്രൊപ്പഗാണ്ട സൈന്‍ മോഷ്ടിച്ചതായി ആരോപിച്ചാണ് 2016ല്‍ ഉത്തരകൊറിയന്‍ അധികൃതര്‍ വാമ്പിയറിനെ അറസ്റ്റ് ചെയ്തത്.

വിര്‍ജിനിയ സര്‍വകലാശാലയിലെ സാമ്പത്തികശാസ്ത്ര വിദ്യാര്‍ത്ഥിയായിരുന്നു ഓട്ടോ വാമ്പിയര്‍. ഒരു വിനോദയാത്രാ സംഘത്തോടൊപ്പം 2015 ഡിസംബറിലാണ് വാമ്പിയര്‍ ചൈനീസ് തലസ്ഥാനമായ ബീജിംഗില്‍ നിന്ന് ഉത്തരകൊറിയന്‍ തലസ്ഥാനമായ പ്യോങ് യാങിലെത്തിയത്. പ്യോങ് യാങില്‍ നിന്ന് മടങ്ങവേ വിമാനത്താവളത്തില്‍ വച്ചാണ് 2016 ജനുവരി രണ്ടിന് വാമ്പിയര്‍ അറസ്റ്റ് ചെയ്യപ്പെടുന്നത്. വാമ്പിയറിന്റെ കുറ്റസമ്മത വീഡിയോ നേരത്തെ ഉത്തരകൊറിയ പുറത്ത് വിട്ടിരുന്നു.

This post was last modified on June 20, 2017 10:46 am