X

എച്ച്എഎല്ലിന്റെ മികവിനെക്കുറിച്ചൊന്നും പറയണ്ട, വിമാനം തകര്‍ന്ന് പൈലറ്റുമാര്‍ മരിക്കുകയാണെന്ന് കേന്ദ്ര മന്ത്രി വികെ സിംഗ്‌

"റാഫേല്‍ ഓഫ്‌സെറ്റ് കരാര്‍ അനില്‍ അംബാനിയുടെ കമ്പനിക്ക് നല്‍കിയത് ഫ്രഞ്ച് കമ്പനിയുടെ തീരുമാനമാണ്. അവര്‍ എച്ച്എഎല്ലിന്റെ പ്രവര്‍ത്തനത്തില്‍ അതൃപ്തരായതിനാലാകാം മറ്റൊരു കമ്പനിയെ ഏല്‍പ്പിച്ചത്".

ഹിന്ദുസ്ഥാന്‍ എയ്‌റോനോട്ടിക്‌സ് ലിമിറ്റഡിനെതിരെ (എച്ച്എഎല്‍) രൂക്ഷ വിമര്‍ശനവുമായി വിദേശകാര്യ സഹമന്ത്രി വികെ സിംഗ്. മോദി സര്‍ക്കാര്‍ റാഫേല്‍ കരാറുമായി ബന്ധപ്പെട്ട് പൊതുമേഖലാ സ്ഥാപനമായ എച്ച്എഎല്ലിനെ ഒഴിവാക്കിയതില്‍ അഴിമതിയുണ്ടെന്ന ആരോപണത്തില്‍ കഴമ്പില്ലെന്ന് വാദിച്ചുകൊണ്ടാണ് മുന്‍ കരസേന മേധാവി കൂടിയായ വികെ സിംഗ് ഇക്കാര്യം പറഞ്ഞത്. പൂനെയില്‍ മാധ്യമപ്രവര്‍ത്തകരോട് പ്രതികരിക്കവേയാണ് വികെ സിംഗ് എച്ച്എഎല്ലിനെതിരെ ആഞ്ഞടിച്ചത്.

“എച്ച്എല്ലിന്റെ അവസ്ഥ നോക്കൂ. രണ്ട് പൈലറ്റുമാര്‍ മരിച്ചു. എച്ച്എഎല്ലിന്റെ പരിപാടികളെല്ലാം രണ്ട്, മൂന്ന് വര്‍ഷം വൈകിയാണ് ഓടുന്നത്. വിമാനത്തിന്റെ ഭാഗങ്ങള്‍ റണ്‍വേയില്‍ വീഴുകയാണ്. ഇതാണോ എച്ച്എഎല്ലിന്റെ മികവ് എന്ന് പറയുന്നത്?. എന്നിട്ടും നമ്മള്‍ പറയുന്നത് എച്ച്എഎല്ലിന് കരാറുകളൊന്നും കിട്ടുന്നില്ല എന്നാണ്”. ഫെബ്രുവരി ഒന്നിന് ബംഗളൂരുവില്‍ മിറാഷ് 2000 വിമാനം തകര്‍ന്ന് രണ്ട് പൈലറ്റുമാര്‍ മരിച്ചിരുന്നു. ഈ സംഭവം ചൂണ്ടിക്കാട്ടിയാണ് വികെ സിംഗിന്റെ പ്രതികരണം.

റാഫേല്‍ ഓഫ്‌സെറ്റ് കരാര്‍ അനില്‍ അംബാനിയുടെ കമ്പനിക്ക് നല്‍കിയത് ഫ്രഞ്ച് കമ്പനിയുടെ തീരുമാനമാണ്. അത് ഇന്ത്യ ഗവണ്‍മെന്റിന്റെ തീരുമാനമല്ല.
അവര്‍ എച്ച്എഎല്ലിന്റെ പ്രവര്‍ത്തനത്തില്‍ അതൃപ്തരായതിനാലാകാം മറ്റൊരു കമ്പനിയെ ഏല്‍പ്പിച്ചതെന്നും വികെ സിംഗ് പറഞ്ഞു.

This post was last modified on February 14, 2019 11:21 am