X

കശാപ്പിനായുള്ള കന്നുകാലി വില്‍പ്പന നിരോധനം: ശക്തമായ പ്രതിഷേധവുമായി കേരളം

രാജ്യത്ത് അസാമാധാനവും വിഭജനവും ഉണ്ടാക്കാനുള്ള മോദിയുടെ ശ്രമമാണ് കന്നുകാലി കശാപ്പ് നിരോധനത്തിലൂടെ വ്യക്തമാകുന്നതെന്ന് മന്ത്രി ജി സുധാകരന്‍ പറഞ്ഞു.

കശാപ്പിനായി കന്നുകാലികളെ വില്‍ക്കാന്‍ പാടില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ ഉത്തരവ് വിവാദമായി മാറിയിരിക്കുന്ന സാഹചര്യത്തില്‍ രൂക്ഷ വിമര്‍ശനങ്ങളും പ്രതിഷേധവുമാണ് ഉയരുന്നത്. ആര്‍എസ്എസ് അജണ്ട കേരളത്തില്‍ നടക്കില്ലെന്ന് കൃഷി മന്ത്രി വിഎസ് സുനില്‍കുമാര്‍ പറഞ്ഞു. പൗരന്മാരുടെ ഭക്ഷണ അവകാശത്തിന് മേലുള്ള കടന്നുകയറ്റമാണിത്. ഭരണഘടനാവിരുദ്ധമായ നീക്കം. നിയമവശങ്ങള്‍ പരിശോധിച്ച് ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്നും സുനില്‍കുമാര്‍ വ്യക്തമാക്കി.

രാജ്യത്ത് അസാമാധാനവും വിഭജനവും ഉണ്ടാക്കാനുള്ള മോദിയുടെ ശ്രമമാണ് കന്നുകാലി കശാപ്പ് നിരോധനത്തിലൂടെ വ്യക്തമാകുന്നതെന്ന് മന്ത്രി ജി സുധാകരന്‍ പറഞ്ഞു. കന്നുകാലികളോടുള്ള സ്‌നേഹമല്ല ഇതെന്നും മറിച്ച് വര്‍ഗീയമായും വിഭാഗീയമായുള്ള ആശയം രൂപപ്പെടുത്തി വിദ്വേഷരാഷ്ട്രീയം സൃഷ്ടിച്ചെടുക്കാനുള്ള അജണ്ടയാണ് ഇതിന് പിന്നിലെന്നും സുധാകരന്‍ കുറ്റപ്പെടുത്തി. കന്നുകാലികളെ മുഴുവന്‍ കൊടുക്കണമെന്നല്ല ഇതിലൂടെ താന്‍ പറയുന്നത്. പ്രായമായ കന്നുകാലികള്‍ ഉണ്ടായാല്‍ അവയെ കശാപ്പ് ചെയ്യുന്നത് സ്വാഭാവികമാണ്. അത് നാളുകളായി നിലനിന്ന് പോരുന്ന സിസ്റ്റമാണ്. ആയിരത്തോളം വര്‍ഷമായി ജനങ്ങളുടെ അവകാശമാണ് ഹനിക്കപ്പെട്ടിരിക്കുന്നതെന്നും ജി സുധാകരന്‍ പറഞ്ഞു.

സംസ്ഥാനത്തിന്റെ അധികാരത്തിന് മേലുള്ള കടന്നുകയറ്റം ഒരു തരത്തിലും അംഗീകരിക്കില്ലെന്നാണ് കെടി ജലീല്‍ പറഞ്ഞത്. കന്നുകാലി വില്‍പ്പന നിരോധിക്കുന്നത് അംഗീകരിക്കാനാവില്ലെന്നും ജലീല്‍ പറഞ്ഞു. ശക്തമായ പ്രതിഷേധവുമായി സംസ്ഥാനത്തെ ഇറച്ചി വ്യാപാരികളും രംഗത്തെത്തിയിട്ടുണ്ട്.

Also Read: രാജ്യത്ത് ഗോവധം നിരോധിച്ചു; പശുക്കളെ വില്‍ക്കുന്നത് ഇനി ക്ഷീരകര്‍ഷക്ക് മാത്രം

മൃഗങ്ങള്‍ക്കെതിരെയുള്ള ക്രൂരത തടയുന്ന 1960-ലെ പ്രിവന്‍ഷന്‍ ഓഫ് ക്രൂവല്‍റ്റി ടു ആനിമല്‍സ് നിയമത്തില്‍ പ്രത്യേക വകുപ്പ് ഉള്‍പ്പെടുത്തിക്കൊണ്ടാണ് പുതിയ നിയമം വിജ്ഞാപനം ചെയ്തിരിക്കുന്നത്. ഇനി മുതല്‍ കശാപ്പിനായി പശുക്കളെ വില്‍ക്കാന്‍ പാടില്ലെന്നും മതിയായ രേഖകളുടെ അടിസ്ഥാനത്തില്‍, കാര്‍ഷിക വൃത്തിയുടെ ഭാഗമായി ക്ഷീരകര്‍ഷകര്‍ക്ക് മാത്രമേ പശുക്കളെ കൈമാറ്റം ചെയ്യാന്‍ പാടുള്ളൂ എന്നുള്ള പുതിയ നിയമം കേന്ദ്രം ഇന്നലെ കൊണ്ടുവന്നു.

This post was last modified on May 28, 2017 8:56 pm