പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഒരിക്കലും പിന്തുണക്കില്ലെന്ന് എന്‍സിപി അധ്യക്ഷന്‍ ശരദ് പവാര്‍. റാഫേല്‍ കരാറില്‍ മോദിയുടെ ഉദ്ദേശശുദ്ധിയെ സംശയിക്കേണ്ടതില്ലെന്ന് അഭിപ്രായപ്പെട്ട ശരദ് പവാര്‍ കഴിഞ്ഞ ദിവസം അദ്ദേഹത്തെ പിന്തുണച്ച് രംഗത്തെത്തിയിരുന്നു. ഒരു മറാത്തി മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് പവാര്‍ ഇക്കാര്യം പറഞ്ഞിരുന്നത്. പൊതുജനങ്ങള്‍ മോദിയെ സംശിക്കുന്നില്ല എന്ന് പവാര്‍ അഭിപ്രായപ്പെട്ടിരുന്നു. ഇത് എന്‍സിപിക്കുള്ളില്‍ നിന്ന് തന്നെ പ്രതിഷേധമുയര്‍ത്തുകയും ജനറല്‍ സെക്രട്ടറി താരിഖ് അന്‍വര്‍, മറ്റൊരു മുതിര്‍ന്ന നേതാവ് മുനാഫ് ഹക്കീം എന്നിവര്‍ പ്രതിഷേധിച്ച് പാര്‍ട്ടി വിടുകയും ചെയ്തിരുന്നു.
ബിജെപി വിരുദ്ധ പ്രതിപക്ഷ ഐക്യത്തില്‍ ഉറച്ചുനില്‍ക്കുമെന്ന് കരുതപ്പെട്ടിരുന്ന ശരദ് പവാര്‍ പെട്ടെന്ന് മോദിയെ പിന്തുണച്ച് രംഗത്തെത്തിയത് പ്രതിപക്ഷ പാര്‍ട്ടികള്‍ക്കിടയില്‍ ആശങ്കയുണ്ടാക്കുകയും വിമര്‍ശനം ഉയര്‍ത്തുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് നിലപാട് മാറ്റി പവാര്‍ രംഗത്തെത്തിയത്. പലരും എന്നെ വിമര്‍ശിച്ചുകണ്ടു. ഞാന്‍ മോദിയെ പിന്തുണച്ചു എന്ന് പറഞ്ഞ്. എന്നാല്‍ ഞാന്‍ അദ്ദേഹത്തെ പിന്തുണച്ചിട്ടില്ല. ഒരിക്കലും പിന്തുണക്കുകയുമില്ല – മറാത്ത് വാഡയിലെ ഒരു പാര്‍ട്ടി യോഗത്തില്‍ ശരദ് പവാര്‍ പറഞ്ഞതായി എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നു. അവര്‍ വിമാനം വാങ്ങി. എന്നാല്‍ വിമാനത്തിന്റെ വില 650 കോടിയില്‍ നിന്ന് എങ്ങനെ 1600 കോടിയായി മാറി എന്ന് അവര്‍ പാര്‍ലമെന്റില്‍ വ്യക്തമാക്കണം. 36 വിമാനങ്ങളുടെ വില മോദി സര്‍ക്കാര്‍ പുറത്തുവിടണം. ജെപിസി അന്വേഷണം (സംയുക്ത പാര്‍ലമെന്ററി സമിതി) എന്ന ആവശ്യത്തില്‍ മാറ്റമില്ലെന്നും പവാര്‍ വ്യക്തമാക്കി.
സഖ്യകക്ഷിയായ കോണ്‍ഗ്രസും പാര്‍ട്ടി അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും റാഫേല്‍ കരാറുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി മോദിക്കും സര്‍ക്കാരിനുമെതിരെ ആക്രമണം ശക്തമാക്കിയിരിക്കുന്നതിനിടയ്ക്കാണ് മോദിയെ പ്രതിരോധിച്ചുകൊണ്ടുള്ള ശരദ് പവാറിന്റെ പരാമര്‍ശം വന്നത്. മുന്‍ പ്രതിരോധ മന്ത്രി പറഞ്ഞ സത്യം രാഹുല്‍ ഗാന്ധി അംഗീകരിക്കണം എന്നായിരുന്നു ബിജെപി അധ്യക്ഷന്‍ അമിത് ഷായുടെ ഇതിനോടുള്ള പ്രതികരണം.
This post was last modified on October 2, 2018 9:16 am
Leave a Comment