X

പൊതുസ്ഥലത്ത് പോത്തിനെ അറത്ത യൂത്ത് കോണ്‍ഗ്രസുകാര്‍ക്ക് സസ്‌പെന്‍ഷന്‍, പൊലീസ് കേസ്

പൊതുജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന വിധം ഇത്തരമൊരു പ്രവൃത്തി ചെയ്തതില്‍ റിജില്‍ മാക്കുറ്റി അടക്കം 16 യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.

കേന്ദ്രസര്‍ക്കാരിന്റെ കന്നുകാലി വില്‍പ്പന നിയന്ത്രണത്തില്‍ പ്രതിഷേധിച്ച് കണ്ണൂരില്‍ പൊതുസ്ഥലത്ത് വച്ച് പോത്തിനെ അറത്ത് പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസുകാരെ സംഘടനയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു. പൊതുജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന വിധം ഇത്തരമൊരു പ്രവൃത്തി ചെയ്തതില്‍ റിജില്‍ മാക്കുറ്റി അടക്കം 16 യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധിയും ശശി തരൂര്‍ എംപിയുമടക്കമുള്ളവര്‍ ഇന്നലെ നടപടിയെ വിമര്‍ശിച്ച് ട്വിറ്ററില്‍ രംഗത്തെത്തിയിരുന്നു.

പ്രാകൃതമെന്നാണ് രാഹുല്‍ നടപടിയെ വിശേഷിപ്പിച്ചത്. കേരളത്തില്‍ നടന്ന സംഭവം ചിന്തിക്കാന്‍ കഴിയാത്തതും തനിക്കും കോണ്‍ഗ്രസ് പാര്‍ട്ടിക്കും ഒരു തരത്തിലും അംഗീകരിക്കാന്‍ കഴിയാത്തതുമാണെന്ന് രാഹുല്‍ ട്വീറ്റ് ചെയ്തു. ഇതിനെ പിന്തുണച്ച് ശശി തരൂരും രംഗത്തെത്തിയിരുന്നു. യുവമോര്‍ച്ച പ്രവര്‍ത്തകന്റെ പരാതിയിലാണ് കേസെടുത്തിരിക്കുന്നത്. ഒരു വര്‍ഷം വരെ തടവും 5000 രൂപ വരെ പിഴയും ലഭിക്കാവുന്ന കുറ്റമാണ് ചുമത്തിയിരിക്കുന്നത്. അതേസമയം കോണ്‍ഗ്രസ് ഈ നടപടിയെ ശക്തമായി എതിര്‍ക്കുമ്പോഴും തനിക്ക് ഇക്കാര്യത്തില്‍ യാതൊരു തെറ്റും തോന്നുന്നില്ലെന്ന് തന്നെയാണ് റിജില്‍ മാക്കുറ്റി മാദ്ധ്യമങ്ങളോട് പറഞ്ഞത്. ഇത് ഞങ്ങളുടെ പ്രതിഷേധത്തിന്റെ ഭാഗമാണ്. യാതൊരു പശ്ചാത്താപവുമില്ല – റിജില്‍ പറഞ്ഞു.

This post was last modified on May 29, 2017 10:04 am