X

നടൻ അഭിമന്യു രമാനന്ദൻ വാഹനാപകടത്തിൽ മരിച്ചു; അപകടം അമിതവേഗതയിൽ വന്ന കാറിടിച്ച്

മൗനം സൊല്ലും വാർത്തൈകൾ എന്ന ആൽബം ശ്രദ്ധിക്കപ്പെട്ടിരുന്നു.

നടൻ അഭിമന്യു രമാനന്ദൻ വാഹനാപകടത്തിൽ മരിച്ചു. കല്ലമ്പലം ദേശീയപാതയിൽ വെച്ചുണ്ടായ അപകടത്തിലാണ് മരണം. അഭിമന്യു സഞ്ചരിച്ച ബൈക്കിൽ കാറിടിക്കുകയായിരുന്നു. വെള്ളിയാഴ്ച രാത്രി 12 മണിയോടെയാണ് സംഭവം. 31 വയസ്സായിരുന്നു.

ചലച്ചിത്രോത്സവത്തിൽ പങ്കെടുത്ത് ആറ്റിങ്ങലിലേക്ക് മടങ്ങുമ്പോൾ ദേശീയപാതയില്‍ തോന്നയ്ക്കല്‍ കുമാരനാശാന്‍ സ്മാരകത്തിന് സമീപത്തു വെച്ചാണ് അപകടമുണ്ടായത്. അമിതവേഗതയിൽ വന്ന കാർ ബൈക്കിലിടിക്കുകയായിരുന്നെന്ന് റിപ്പോർട്ടുകൾ പറയുന്നു. സംഭവമറിഞ്ഞെത്തിയ പൊലീസ് അഭിമന്യുവിനെ മെഡിക്കൽ കോളജിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

ഡാകിനി, ഒറ്റമുറി വെളിച്ചം എന്നീ സിനിമകളിൽ അഭിനയിച്ചിട്ടുണ്ട് അഭിമന്യു. മൗനം സൊല്ലും വാർത്തൈകൾ എന്ന ആൽബം ശ്രദ്ധിക്കപ്പെട്ടിരുന്നു. മേലാറ്റിങ്ങില്‍ രേവതിയില്‍ രമാനനന്ദന്റെയും ഷൈലജയുടെ മകനാണ്. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം വീട്ടുവളപ്പില്‍ സംസ്‌കരിച്ചു. ഭാര്യ: ആര്യ രാജ്. മക്കള്‍: ജാനകി, ജനനി. സഹോദരന്‍: അനൂപ് രാമാനന്ദന്‍.

This post was last modified on December 9, 2018 12:03 pm

Related Post
Leave a Comment