വൈറ്റ് ഹൗസ് ചീഫ് ഓഫ് സ്റ്റാഫ് സ്ഥാനത്തു നിന്നും ജോൺ കെല്ലി പിൻവാങ്ങുന്നു. ഈ വർഷം അവസാനത്തോടെ ജോൺ കെല്ലി സ്ഥാനത്തു നിന്നും മാറുമെന്ന് പ്രസിഡണ്ട് ഡോണള്‍ഡ് ട്രംപ് അറിയിച്ചു.
വൈറ്റ് ഹൗസിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കവെ ട്രംപ് തന്നെയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. കഴിഞ്ഞ 16 മാസമായി ജോൺ കെല്ലി വൈറ്റ് ഹൗസ് ചീഫായി പ്രവർത്തിക്കുന്നു. വൈറ്റ് ഹൗസിലെ ഏറ്റവും ഉയർന്ന ഉദ്യോഗസ്ഥ പദവിയാണിത്.
“ജോൺ കെല്ലി പദവി ഒഴിയുകയാണ്. അദ്ദേഹം റിട്ടയർ ചെയ്യുകയാണോയെന്ന് എനിക്ക് പറയാൻ കഴിയില്ല. ഈ വർഷാവസാനം ജോൺ കെല്ലി ഒഴിയുകയാണ്.” -ട്രംപ് പറഞ്ഞു.
ഡോണൾഡ് ട്രംപുമായി ജോൺ കെല്ലിക്കുണ്ടായിരുന്ന സ്വരച്ചേർച്ചയില്ലായ്മയാണ് രാജിക്ക് കാരണമെന്നാണ് മനസ്സിലാക്കാനാകുന്നത്. ഇരുവരും കണ്ടാൽ സംസാരിക്കാത്ത നിലയിലേക്ക് അഭിപ്രായ വ്യത്യാസം മൂർച്ഛിച്ചിരുന്നതായി റിപ്പോർട്ടുകളുണ്ടായിരുന്നു. വൈറ്റ് ഹൗസ് ചീഫ് സ്ഥാനത്തേക്ക് 16 മാസം മുമ്പ് ജോൺ കെല്ലി വരുന്നതും സമാനമായൊരു സംഭവത്തിനു പിന്നാലെയായിരുന്നു. റീൻസ് പ്രീബൻസ് ആയിരുന്നു വൈറ്റ് ഹൗസ് ചീഫ്. ട്രംപുമായി അഭിപ്രായവ്യത്യാസം ഉണ്ടായതിനെ തുടർന്നാണ് ഇദ്ദേഹം സ്ഥാനൊഴിഞ്ഞത്.
ജോൺ കെല്ലി നേരത്തെ ഹോംലാൻഡ് സെക്യൂരിറ്റി സെക്രട്ടറിയായിരുന്നു. യുഎസ് മറൈൻ ഫോഴ്സിൽ ജനറലായും ഇദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്.
Leave a Comment