X

നമ്പി നാരായണനെ കുടുക്കിയ ‘സ്മാർട്ട് വിജയൻ’ തന്നെയും കള്ളക്കേസിൽ പെടുത്താൻ ശ്രമിച്ചെന്ന് സിഡിറ്റ് മുൻ ഡയറക്ടർ അച്യുത് ശങ്കർ

ഡിജിപി കെജെ ജോസഫാണ് തന്റെ കേസിൽ ശരിയായി ഇടപെട്ടതെന്നും അദ്ദേഹം ഓർമിച്ചു.

ചാരക്കേസ് നിർമിച്ചെടുത്ത സ്മാർട്ട് വിജയൻ എന്ന പൊലീസുദ്യോഗസ്ഥൻ തന്നെയും കള്ളക്കേസിൽ കുടുക്കാൻ ശ്രമിച്ചിരുന്നെന്ന വെളിപ്പെടുത്തലുമായി മുൻ സിഡിറ്റ് ഡയറക്ടര്‍ അച്യുത് ശങ്കർ രംഗത്ത്. തനിക്കെതിരെ ഒരു സോഫ്റ്റ്‌വെയർ പൈറസി കേസ് കെട്ടിച്ചമയ്ക്കാനാണ് സ്മാർട്ട് വിജയൻ ശ്രമിച്ചതെന്ന് അച്യുത് ശങ്കർ ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു.

പതിനെട്ടു വർഷം മുമ്പ് തന്നെ അയാൾ ചോദ്യം ചെയ്ത രീതി ഇപ്പോഴും രോഷത്തോടു കൂടി മാത്രമേ ഓർക്കാനാകുന്നുള്ളൂവെന്ന് അച്യുത് ശങ്കർ പറഞ്ഞു. ഒരു കള്ളനെയെവന്ന പോലെയാണ് സ്മാർട്ട് വിജയൻ തന്നെ ചോദ്യം ചെയ്തത്. അയാളുടെ പക്കലുണ്ടായിരുന്നത് മൈക്രോസോഫ്റ്റ് ഇന്ത്യയുടെ ഒരു അക്കൗണ്ടന്റ് നൽകിയ ഒരു കത്തായിരുന്നു. ഇത് അസാധുവാണെന്ന് തെളിയിക്കാൻ താൻ ബിൽ ഗേറ്റ്സിന് നേരിട്ട് കത്തെഴുതിയതായും അച്യുത് ശങ്കർ പറയുന്നുണ്ട്.

ഈ കേസിൽ ഒടുവിൽ ഹൈക്കോടതിയിലും പിന്നീട് ഈ വർഷം സുപ്രീംകോടതിയിലും സി‍ഡിറ്റ് വിജയിച്ചതായും അച്യുത് ശങ്കർ പറഞ്ഞു. തന്റെ ജീവിതത്തിലെ പതിനെട്ടു വർ‌ഷത്തിലെ വിലപ്പെട്ട സമയങ്ങളാണ് നഷ്ടമായത്. സിഡിറ്റ് എന്ന സ്ഥാപനത്തെ തന്റെ എളിയ ശ്രമങ്ങളിലൂടെ വളർത്തി വിജയത്തിലെത്തിക്കാൻ കഴിഞ്ഞുവെങ്കിലും തന്റെ സമയത്തിന്റെ മുപ്പത് ശതമാനമെങ്കിലും ഈ കേസും നൂലാമാലകളും തട്ടിയെടുത്തു.

ഡിജിപി കെജെ ജോസഫാണ് തന്റെ കേസിൽ ശരിയായി ഇടപെട്ടതെന്നും അദ്ദേഹം ഓർമിച്ചു. പരാതിയിൽ സ്മാർട്ട് വിജയനെപ്പറ്റി കേട്ട മാത്രയിൽ കെജെ ജോസഫ് അന്വേഷണത്തിന് ഉത്തരവിട്ടു. നൂലിഴയ്ക്കാണ് താൻ കേസിൽ നിന്നും ഊരിപ്പോന്നതെന്നും അച്യുത് ശങ്കർ ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു.

പ്രശസ്തനാകാനുള്ള ബുദ്ധിശൂന്യനായ ഒരു ഉദ്യോഗസ്ഥന്റെ പരാക്രമങ്ങളാണ് തന്നെയും നമ്പി നാരായണനെയുമെല്ലാം പ്രശ്നത്തിലാക്കിയതെന്ന് അച്യുത് ശങ്കർ വിശദീകരിച്ചു. പ്രശസ്തനാകാനുള്ള സ്മാർട്ട് വിജയന്റെ മോഹങ്ങൾക്ക് ഒടുവിൽ മികച്ചൊരു ഫലം തന്നെ കിട്ടിയതിൽ സന്തോഷമുണ്ടെന്നും അച്യുത് ശങ്കർ പറഞ്ഞു.

This post was last modified on September 15, 2018 10:18 pm