X

ഭക്ഷ്യവിഷബാധയേറ്റ് ആശുപത്രിയിൽ: മരണത്തെ മുന്നിൽ കണ്ടെന്ന് ഗായകന്‍ സോനു നിഗം

നാനാവതി ആശുപത്രി തൊട്ടടുത്തായതു കൊണ്ടു മാത്രമാണ് താന്‍ ജീവനോടെയിരിക്കുന്നതെന്ന് ഭക്ഷ്യവിഷബാധയേറ്റ് ചികിത്സയിലായ ഗായകൻ സോനു നിഗം. ഒഡിഷയിലെ ജേപോരിൽ മുൻകൂട്ടി നിശ്ചയിച്ച ഒരു കച്ചേരിക്ക് പുറപ്പെടാനിരിക്കെയാണ് മുംബൈയിൽ വെച്ച് നിഗമിന് ഭക്ഷ്യവിഷബാധയുണ്ടായത്. ഭക്ഷണത്തിൽ നിന്നുണ്ടാകുന്ന അലർജി അപകടകരമാണെന്നും തന്റെ കാര്യത്തിൽ മത്സ്യവിഭവങ്ങളിൽ നിന്നാണ് അലര്‍ജിയുണ്ടായതെന്നും നിഗം സോഷ്യൽ മീഡിയയിലിട്ട കുറിപ്പിൽ പറഞ്ഞു.

അതീവഗുരുതരമായിരുന്നു സ്ഥിതിയെന്നാണ് സോനുനിഗം പറയുന്നത്. ആശുപത്രി അടുത്തില്ലായിരുന്നെങ്കിൽ താനിപ്പോൾ ജീവിച്ചിരിപ്പുണ്ടാകുമായിരുന്നില്ല.

തന്റെ ആരാധകരോട് സന്തോഷം പങ്കുവെച്ച നിഗം എല്ലാവരെയും ജാഗ്രതപ്പെടുത്താൻ വേണ്ടിയാണ് തന്റെ ആശുപത്രിവാസത്തിന്റെ ഫോട്ടോകൾ പങ്കുവെക്കുന്നതെന്നും കുറിച്ചു. ലോകമെമ്പാടും പലവിധമായ അലർജികളുണ്ട്. മാറിനിൽക്കുക; ഓടിമാറുക -അദ്ദേഹം കൂട്ടിച്ചേർത്തു