X

ബ്യൂറോക്രാറ്റുകൾക്ക് വീരപരിവേഷം നൽകാൻ മുതലാളിത്ത മാധ്യമങ്ങൾ എപ്പോഴും ശ്രമിക്കാറുണ്ട്: മനോരമയെ വിമർശിച്ച് ആനാവൂർ നാഗപ്പൻ

തനിക്കെതിരായി ഒരു വാർത്ത കൊടുക്കുമ്പോൾ തന്റെ ഭാഗം കൂടി അറിയാൻ ശ്രമിക്കാതിരിക്കുന്നത് മാധ്യമമര്യാദയ്ക്ക് ചേർന്നതാണോയെന്ന ചോദ്യവുമായി സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ. സിപിഎം ജില്ലാക്കമ്മറ്റി ഓഫീസിൽ കയറിവന്ന പൊലീസുദ്യോഗസ്ഥയെ താൻ വിരട്ടിയെന്ന വ്യാജവാർത്ത മനോരമ നൽകിയെന്ന് അദ്ദേഹം പറഞ്ഞു. തന്റെ ഫോട്ടോയടക്കം ഉപയോഗിച്ചാണ് വ്യാജവാർത്ത എഴുതിയിരിക്കുന്നത്. സംഭവം നടക്കുന്ന സമയത്ത് താൻ കാരക്കോണം ആശുപത്രിയിൽ അസുഖമായി കിടക്കുകയാണ്. മനോരമയിൽ നിന്ന് ആരും വിളിച്ച് നിജസ്ഥിതി അന്വേഷിക്കുകയുണ്ടായില്ലെന്നും മനോരമയുടെ പത്രധർമ്മത്തിന്റെ രീതി ഇതാണെന്നും അദ്ദേഹം വ്യക്തമാക്കി.

നിയമസഭാ സമ്മേളനം തുടങ്ങുന്നതിന്റെ തൊട്ടുതലേന്ന് ജില്ലാ കമ്മറ്റി ഓഫീസ് റെയ്ഡ് ചെയ്ത ഉദ്യോഗസ്ഥയുടെ ഉദ്ദേശ്യം വാർത്ത സൃഷ്ടിക്കലായിരുന്നെന്ന് ആനാവൂർ നാഗപ്പൻ ചൂണ്ടിക്കാട്ടി. പ്രതിപക്ഷത്തിന് ഒരു ആയുധം സൃഷ്ടിച്ചു കൊടുക്കാൻ മനപ്പൂർവ്വം ശ്രമിക്കുകയായിരുന്നു അവർ. വ്യാജവാർത്തകൾ സൃഷ്ടിച്ച് ബ്യൂറോക്രാറ്റുകൾക്ക് വീരപരിവേഷം നല്കാൻ മനോരമ എക്കാലത്തും ശ്രമിച്ചിട്ടുണ്ട്. അത് മുതലാളിത്ത മാധ്യമങ്ങളുടെ സ്വഭാവമാണെന്നും ആനാവൂർ നാഗപ്പൻ പറഞ്ഞു.

ഒരു പ്രാദേശിക പ്രശ്നത്തിലെ കേസിലുൾപ്പെട്ട പ്രതികളെ തിരയാന്‍ സിപിഎമ്മിന്റെ ജില്ലാക്കമ്മറ്റി ഓഫീസിൽ കയറേണ്ട കാര്യമില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. “ജില്ലാ സെക്രട്ടറി വിരട്ടി: ചൈത്ര തലയുയർത്തി പറഞ്ഞു: ദിസ് ഈസ് മൈ ഡ്യൂട്ടി” എന്നായിരുന്നു മനോരമ വാർത്തയുടെ തലക്കെട്ട്.