X

ക്യാരീ ബാഗിന് 3 രൂപ വാങ്ങി; ബാറ്റയ്ക്ക് 9000 രൂപ പിഴ

ഫെബ്രുവരി 5നാണ് ഇദ്ദേഹം ബാറ്റ ഷോറൂമിൽ‌ നിന്ന് ഒരു ജോഡി ഷൂ വാങ്ങിയത്.

ഉപഭോക്താവിൽ നിന്ന് ക്യാരീ ബാഗിന് 3 രൂപ ഈടാക്കിയ ബാറ്റ ഇന്ത്യ ലിമിറ്റഡിന് 9,000 രൂപ പിഴ. ചണ്ഡിഗഢിൽ നിന്നുള്ള ദിനേഷ് പ്രസാദ് രതൂരി എന്ന ഉപഭോക്താവിന്റെ പരാതിയിന്മേലാണ് നടപടി.

ഫെബ്രുവരി 5നാണ് ഇദ്ദേഹം ബാറ്റ ഷോറൂമിൽ‌ നിന്ന് ഒരു ജോഡി ഷൂ വാങ്ങിയത്. ഇതോടൊപ്പമുള്ള പേപ്പർ ക്യാരീ ബാഗിന് കമ്പനി മൂന്ന് രൂപ ഈടാക്കിയിരുന്നു. ആകെ 402 രൂപയാണ് ബില്ലായത്. ഇതിൽ ക്യാരീ ബാഗിന്റെ പണവും ഉൾപ്പെട്ടിരുന്നു.

ബാഗിനു മേൽ‍ കമ്പനിയുടെ പരസ്യമുണ്ടെങ്കിൽ അതിന് വിലയീടാക്കാൻ പാടില്ലെന്ന് നിയമമുണ്ട്. ഇങ്ങനെയുള്ള ക്യാരീ ബാഗിന് പണമീടാക്കുന്നത് സേവനത്തിലെ പോരായ്മയാണെന്ന് ഹരജിക്കാരൻ വാദിച്ചു. ഉപഭോക്താവ് സാധനം വാങ്ങിയാൽ അത് കൊണ്ടുപോകാനുള്ള ബാഗ് സൗജന്യമായി നൽകേണ്ടത് സ്ഥാപനത്തിന്റെ ചുമതലയാണെന്നും കോടതി പറഞ്ഞു.

3 രൂപ തിരിച്ചു കൊടുക്കുകയും 1000 രൂപ വ്യവഹാരച്ചെലവിലേക്ക് നൽകുകയും വേണമെന്ന് കോടതി ആവശ്യപ്പെട്ടു. ഇതുകൂടാതെ ഉപഭോക്താവ് അനുഭവിച്ച മാനസികവിഷമതയ്ക്ക് പരിഹാരമായി 3000 രൂപ നൽകണം. 5000 രൂപ ഉപഭോക്തൃ തർക്കപരിഹാര കമ്മീഷനിൽ 5000 രൂപയും കെട്ടിവെക്കണം.