X

‘മുസ്ലീങ്ങളാണെങ്കില്‍ ഡ്രസ് മാറ്റി നോക്കണം’: ശ്രീധരന്‍ പിള്ളയുടെ പ്രസ്താവന നിയമക്കുരുക്കിലേക്ക്

ആടിനെ പട്ടിയാക്കി പിന്നെ പേപ്പട്ടിയാക്കുന്ന സമീപനമാണ് കോണ്‍ഗ്രസിനും സിപിഎമ്മിനുമെന്നും പിള്ള

ആറ്റിങ്ങലില്‍ ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ നടത്തിയ കടുത്ത മുസ്ലിം വിരുദ്ധ പരാമര്‍ശത്തില്‍ ശ്രീധരന്‍ പിള്ള കോടതി കയറും. കോണ്‍ഗ്രസും സിപിഎമ്മും ഒരേസ്വരത്തില്‍ പിള്ളയ്‌ക്കെതിരെ രംഗത്തെത്തിയിട്ടുണ്ട്. ബാലക്കോട്ട് ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ ജാതിയും മതവും തിരയുന്നവരുണ്ട്. ഇസ്ലാമാണെങ്കില്‍ ചില അടയാളങ്ങള്‍ പരിശോധിക്കണം, ഡ്രസ് എല്ലാം മാറ്റി നോക്കണ്ടേ എന്നാണ് ശ്രീധരന്‍ പിള്ള പറഞ്ഞത്.

ഇന്നലെ ശോഭാ സുരേന്ദ്രന്റെ പ്രകടനപത്രിക പുറത്തിറക്കുന്ന ചടങ്ങിലായിരുന്നു വിവാദ പ്രസ്താവന. ‘ജീവന്‍ പണയപ്പെടുത്തി വിജയം നേടുമ്പോള്‍ രാഹുല്‍ ഗാന്ധി, യെച്ചൂരി, പിണറായി എന്നിവര്‍ പറയുന്നത് അവിടെ മരിച്ചു കിടക്കുന്നവര്‍ ഏത് ജാതിക്കാരനാണെന്ന് അറിയണമെന്നാണ്. ഇസ്ലാമാണെങ്കില്‍ ഏത് മതക്കാരാണെന്ന് അറിയണമല്ലോ. ഡ്രസ് എല്ലാം മാറ്റി നോക്കണമല്ലോ’ എന്നാണ് ശ്രീധരന്‍ പിള്ള പറഞ്ഞത്. ബലാക്കോട്ട് ആക്രമണം സംബന്ധിച്ച അവ്യക്തതകളും സംശയങ്ങളും നീക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടിരുന്നു. ഇത് വച്ചാണ് പിള്ള കടുത്ത വര്‍ഗ്ഗീയ പരാമര്‍ശം നടത്തിയത്.

പിള്ളയുടെ പ്രസ്താവനയ്‌ക്കെതിരെ ആദ്യം രംഗത്തെത്തിയത്. മുസ്ലീം ലീഗ് ജനറല്‍ സെക്രട്ടറി പികെ കുഞ്ഞാലിക്കുട്ടിയാണ്. പിന്നാലെ സിപിഎമ്മും കോണ്‍ഗ്രസും രംഗത്തെത്തി. വോട്ട് നേടാന്‍ വേണ്ടിയാണ് ആറ്റിങ്ങലില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍ പിള്ള വര്‍ഗീയ പരാമര്‍ശം നടത്തിയത് എന്ന് പികെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. ബിജെപിയുടെ ഇത്തരം ശ്രമങ്ങള്‍ കേരളത്തില്‍ വിലപ്പോകില്ലെന്നും ഇതിനെ പുച്ഛിച്ച് തള്ളുന്നതായും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി. ഉത്തരേന്ത്യയിലെ ഇത്തരം പ്രചാരണ തന്ത്രങ്ങള്‍ ബിജെപി ഇവിടെ നടത്തിയാല്‍ ഇപ്പോള്‍ ഉള്ള പിന്തുണ കൂടി അവര്‍ക്ക് നഷ്ടമാകുമെന്നും കുഞ്ഞാലിക്കുട്ടി മുന്നറിയിപ്പ് നല്‍കി. കേരളത്തിലെ ജനങ്ങള്‍ ബുദ്ധിയുള്ളവരാണ് എന്നും വര്‍ഗീയ പ്രചാരണങ്ങള്‍ ഇവിടെ നടക്കില്ലെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

പിള്ളയ്‌ക്കെതിരെ സിപിഎം നേതാവ് വി ശിവന്‍കുട്ടി പരാതി നല്‍കിയിരിക്കുകയാണ്. പോലീസിനും ജില്ലാ വരണാധികാരിക്കുമാണ് പരാതി നല്‍കിയത്. ശ്രീധരന്‍പിള്ളയുടേത് ബോധപൂര്‍വമുള്ള പരാമര്‍ശമാണെന്നും തെരഞ്ഞെടുപ്പ് കമ്മിഷണര്‍ നടപടി എടുക്കണമെന്നും ശിവന്‍കുട്ടി ആവശ്യപ്പെട്ടു. പ്രസംഗത്തില്‍ ജാതി മത അധിക്ഷേപം നടത്തുന്നത് വര്‍ഗീയത വളര്‍ത്തി വോട്ട് പിടിക്കാനുള്ള നിയമ വിരുദ്ധ പ്രവര്‍ത്തനമാണ്. കലാപത്തിനുള്ള പ്രകോപനം ഉണ്ടാക്കാന്‍ വേണ്ടി നടത്തിയ പ്രസംഗമാണ് ശ്രീധരന്‍ പിള്ള നടത്തിയത്. പിള്ളയുടേത് അത്യന്തം ഇസ്ലാം വിരുദ്ധമായ പരാമര്‍ശമാണെന്നും ശിവന്‍കുട്ടി പറഞ്ഞു.

പരാമര്‍ശം ചട്ടലംഘനമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ വ്യക്തമാക്കി. ശ്രീധരന്‍ പിള്ള മാപ്പ് പറയണമെന്നായിരുന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ആവശ്യം. പരാമര്‍ശം മുസ്ലീം സമുദായത്തെ ഒന്നടങ്കം ആക്ഷേപിക്കുന്നതാണ്. പരാമര്‍ശം പിന്‍വലിച്ച് മാപ്പ് പറയണമെന്നും ഇല്ലെങ്കില്‍ തെരഞ്ഞെടുപ്പ് ഓഫീസര്‍ ഇടപെടണമെന്നും ചെന്നിത്തല മലപ്പുറത്ത് ആവശ്യപ്പെട്ടു. ബാലകോട്ട് ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ ജാതിയും മതവും തിരയുന്നവരുണ്ടെന്ന ശ്രീധരന്‍ പിള്ളയുടെ പരാമര്‍ശം ഇസ്ലാം വിരുദ്ധവും ചട്ടലംഘനവുമാണെന്ന് സിപിഎം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പനും പറഞ്ഞു.

അതേസമയം മതന്യൂനപക്ഷങ്ങള്‍ക്കെതിരെ താനൊരു പരാമര്‍ശവും നടത്തിയിട്ടില്ലെന്നാണ് ശ്രീധരന്‍ പിള്ള അവകാശപ്പെടുന്നത്. മതന്യൂനപക്ഷങ്ങളുടെ വോട്ട് നഷ്ടപ്പെടുമെന്ന ഭീതിയാണ് കോണ്‍ഗ്രസിനും സിപിഎമ്മിനും. ആടിനെ പട്ടിയാക്കി പിന്നെ പേപ്പട്ടിയാക്കുന്ന സമീപനമാണ് കോണ്‍ഗ്രസിനും സിപിഎമ്മിനുമെന്നും പിള്ള ആരോപിക്കുന്നു.

This post was last modified on April 15, 2019 6:28 am