X

കത്വ സംഭവത്തിൽ ഫേസ്ബുക്കിൽ പ്രതികരിച്ച ദീപക് ശങ്കരനാരായണനെതിരെ കേസ്

ഇന്ത്യൻ ശിക്ഷാനിയമം 153എ, 153ബി എന്നീ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്.

ജമ്മുവിലെ കത്വയിൽ എട്ടു വയസ്സുകാരിയെ ക്രൂരമായി കൊലപ്പെടുത്തിയ സംഭവത്തിൽ ഫേസ്ബുക്കിലൂടെ പ്രതികരിച്ച ദീപക് ശങ്കരനാരായണനെതിരെ ബിജെപി നേതാവിന്റെ പരാതിപ്രകാരം കേസ്സെടുത്തു. ബിജെപി സംസ്ഥാന മീഡിയ കൺവീനറും സംസ്ഥാന കമ്മറ്റിയംഗവുമായ സന്ദീപ് ആർ വാചസ്പതിയാണ് ഡിജിപിക്ക് പരാതി നൽകിയത്.

കത്വയിൽ പെൺകുട്ടിയെ ബലാൽസംഗം ചെയ്തതിനെ അനുകൂലിച്ച് ജമ്മു കശ്മീരിലെ ബിജെപി നേതാക്കള്‍ രംഗത്തു വന്നിരുന്നു. ബലാൽസംഗം ചെയ്തവരെ അനുകൂലിച്ച് ബിജെപി പ്രവർത്തകർ നടത്തിയ പ്രകടനത്തിൽ സംസ്ഥാന മന്ത്രിമാർ അടക്കമുള്ളവര്‍ പങ്കെടുക്കുകയും ചെയ്തു. ഇതിനെതിരെ ദീപക് ശങ്കരനാരായണൻ പ്രതികരിച്ചതിലെ ചില പരാമർശങ്ങൾ ചൂണ്ടിക്കാട്ടിയാണ് പരാതി പോയിരിക്കന്നത്.

ഇന്ത്യൻ ശിക്ഷാനിയമം 153എ, 153ബി എന്നീ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. പരാതിക്കാരനായ വാചസ്പതിയെ പൊലീസ് വിളിച്ചുവരുത്തി മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്.

സംഭവത്തിനു ശേഷം ദീപക് ശങ്കരനാരായണന്റെ ജോലി കളയിക്കാൻ സംഘപരിവാർ കേന്ദ്രങ്ങൾ പ്രചാരണം നടത്തിയിരുന്നു. ബെംഗളൂരുവിൽ സ്വകാര്യ ഐടി കമ്പനിയിൽ എൻജിനീയറാണ് ദീപക്.

This post was last modified on April 28, 2018 7:17 pm