X

അടൂരിന് ബിജെപി നേതാവിന്റെ ഭീഷണി: ലോക്സഭയിൽ കോൺഗ്രസ്സിന്റെ അടിയന്തിര പ്രമേയം

രാജ്യത്ത് വളരുന്ന വിദ്വേഷ അന്തരീക്ഷത്തെ നിയന്ത്രിക്കാൻ സർക്കാർ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് വിവിധ സാസ്കാരിക നായകർ അയച്ച കത്തിൽ അടൂർ ഗോപാലഷ്ണനും ഒപ്പു വെച്ചിരുന്നു.

സംവിധായകൻ അടൂർ ഗോപാലകൃഷ്ണനെ ബിജെപി നേതാവ് ഭീഷണിപ്പെടുത്തിയ സംഭവം സഭ നിർത്തി വെച്ച് ചർച്ച ചെയ്യണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് എംപിമാര്‍ സ്പീക്കർക്ക് നോട്ടീസ് നൽകി. പത്മ അവാർഡ് ജേതാവായ സിനിമാ സംവിധായകൻ അടൂർ ഗോപാലകൃഷ്ണനെ ഭീഷണിപ്പെടുത്തിയ സംഭവം ഗൗരവമേറിയതാണെന്നും ബിജെപിയുടെ കേരളാ നേതാക്കളിലൊരാളാണ് ഭീഷണി മുഴക്കിയതെന്നും ബെന്നി ബഹനാനും ആന്റോ ആന്റണിയും നോട്ടീസില്‍ പറഞ്ഞു.

കഴിഞ്ഞ ദിവസമാണ് അടൂരിനെ ആക്രമിച്ച് ബി ഗോപാലകൃഷ്ണൻ എന്ന ബിജെപി നേതാവ് രംഗത്തു വന്നത്. രാജ്യത്ത് വളരുന്ന വിദ്വേഷ അന്തരീക്ഷത്തെ നിയന്ത്രിക്കാൻ സർക്കാർ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് വിവിധ സാസ്കാരിക നായകർ അയച്ച കത്തിൽ അടൂർ ഗോപാലഷ്ണനും ഒപ്പു വെച്ചിരുന്നു. ഇതാണ് ബിജെപിയെ പ്രകോപിപ്പിച്ചിരിക്കുന്നത്. അടൂർ ഗോപാലകൃഷ്ണൻ എന്ന തന്റെ പേര് മാറ്റണമെന്ന് ബി ഗോപാലഷ്ണൻ ആവശ്യപ്പെട്ടു. ഇതിനു ശേഷം ശ്രീഹരിക്കോട്ടയില്‍ രജിസ്റ്റർ ചെയ്ത് ചന്ദ്രനിലേക്ക് പോകണമെന്ന ആവശ്യവും അദ്ദേഹം ഉന്നയിച്ചു. അടൂരിന്റെ വീട്ടിനു മുന്നിൽ ചെന്ന് ജയ് ശ്രീരാം വിളിക്കുമെന്നും ഭീഷണിസ്വരത്തിൽ അദ്ദേഹം പറയുകയുണ്ടായി.

ജയ് ശ്രീരാം വിളികളോടെ ന്യൂനപക്ഷങ്ങളെയും ദളിതരെയും ആക്രമിക്കുന്നത് ശ്രീരാമനെ അപമാനിക്കലാണെന്നും, ശ്രീരാമൻ ഉത്തമപുരുഷനാണെന്നും അടൂർ മറുപടി പറഞ്ഞു. തന്റെ വീട്ടിനു മുന്നിൽ ജയ് ശ്രീരാം വിളിക്കുന്നുണ്ടെങ്കിൽ താനും കൂടാമെന്നും അദ്ദേഹം അറിയിച്ചു. അവാർ‌ഡ് കിട്ടാത്തതിനാലാണ് അടൂർ ബിജെപിക്കെതിനെ നിൽക്കുന്നതെന്ന ആരോപണത്തിന്, തനിക്ക് എല്ലാ അവാർഡുകളും കിട്ടിക്കഴിഞ്ഞെന്നും ഇനിയൊന്നും കിട്ടാനില്ലെന്നും അടൂർ മറുപടി നൽകി.

This post was last modified on July 26, 2019 12:03 pm