X

ലിംഗായത്ത് എംഎൽഎമാർ ചതിക്കുമോ? കോൺഗ്രസ്സ് ഭയക്കുന്നത് തങ്ങളുടെ 18 എംഎൽഎമാരെ

സമുദായങ്ങളുടെ താൽപര്യം ഏതുവഴിക്കാണ് എന്നതിനെയും അതിനോട് എംഎൽഎമാർ എങ്ങനെ പ്രതികരിക്കുന്നു എന്നതിനെയും ആശ്രയിച്ചാണ് ഓരോരുത്തരുടെയും രാഷ്ട്രീയഭാവി പോലും നിശ്ചയിക്കപ്പെടുക.

Chief Minister B S Yaddyurappa today discussed with Dr.Shivakumara Swamiji of Siddaganga Mutt @ Bangaluru

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത യെദ്യൂരപ്പയും മുന്‍ മുഖ്യമന്ത്രി ജഗദീഷ് ഷെട്ടാറും സംസ്ഥാനത്തെ ലിംഗായത്ത് നേതാക്കളിൽ പ്രമുഖരാണ്. ഇവരുടെ സ്വാധീനത്തിന്റെ ആഴം തെരഞ്ഞെടുപ്പിൽ തന്നെ വ്യക്തമായതാണ്. ലിംഗായത്തുകൾക്ക് ന്യൂനപക്ഷ പദവി നൽകണമെന്ന് ശുപാർശ ചെയ്ത് കേന്ദ്രത്തെയും അതുവഴി സംസ്ഥാനത്തെ ബിജെപി നേത‍ൃത്വത്തെയും വെട്ടിലാക്കാനുള്ള ശ്രമം പാളിയത് ഇരുവരുടെയും സ്വാധീനം മൂലമാണെന്നാണ് പറയപ്പെടുന്നത്. ലിംഗായത്തുകൾക്ക് സ്വാധീനമേറിയ ബോംബെ കർണാടക ഭാഗത്ത് കോൺഗ്രസ്സിന് കാര്യമായ ചലനങ്ങളുണ്ടാക്കാനായില്ല. ന്യൂനപക്ഷ പദവി എടുത്തു നൽകിയിട്ടും കിട്ടിയ ഈ തിരിച്ചടിയെ കൊടുംചതിയായാണ് കോൺഗ്രസ്സ് കാണുന്നത്.

ഇതേ ലിംഗായത്ത് രാഷ്ട്രീയം ഇന്ന് ഉച്ചതിരിഞ്ഞ് നടക്കാനിരിക്കുന്ന വിശ്വാസ വോട്ടെടുപ്പിലും പ്രതിഫലിക്കുമോയെന്നാണ് കോൺഗ്രസ്സ് ഉറ്റുനോക്കുന്നത്. കോൺഗ്രസ്സിൽ 20 ലിംഗായത്ത് എംഎൽമാരാണുള്ളത്. ജെഡിയുവിൽ 2 പേർ ലിംഗായത്തുകളാണ്. ഇവരിൽ കുറച്ചുപേരുടെ ചതി മാത്രം മതിയാകും വിശ്വാസവോട്ടെടുപ്പ് തോൽക്കാൻ. ഇതിനകം തന്നെ രണ്ട് ജെഡിഎസ് എംഎൽഎമാരും ഒരു കോൺഗ്രസ്സ് എംഎൽഎയും ബിജെപിയുടെ ചാക്കിൽ വീണതായി എച്ച്ഡി കുമാരസ്വാമി പറഞ്ഞിരുന്നു.

സമുദായങ്ങളുടെ താൽപര്യം ഏതുവഴിക്കാണ് എന്നതിനെയും അതിനോട് എംഎൽഎമാർ എങ്ങനെ പ്രതികരിക്കുന്നു എന്നതിനെയും ആശ്രയിച്ചാണ് ഓരോരുത്തരുടെയും രാഷ്ട്രീയഭാവി പോലും നിശ്ചയിക്കപ്പെടുക.

ജെഡിഎസ്സിന് ലിംഗായത്ത് വിരുദ്ധ കക്ഷിയെന്ന പ്രതിച്ഛായയാണുള്ളത്. ഇക്കാരണത്താൽ തന്നെ കോൺഗ്രസ്സും ജെഡിഎസ്സും തമ്മിലുള്ള ഇപ്പോഴത്തെ സഖ്യം പലരിലും അസ്വാസ്ഥ്യമുണ്ടാക്കിയിട്ടുണ്ടാകാം. എംഎൽഎമാർ ഈ അസ്വാസ്ഥ്യത്തെ നിയമസഭയിൽ വിശ്വാസവോട്ടെടുപ്പ് സമയത്ത് എത്തിച്ചാൽ ബിജെപി എളുപ്പത്തിൽ അധികാരം നിലനിര്‍ത്തും.

ഇക്കാരണത്താൽ തന്നെയാണ് ബിഎസ് യെദ്യൂരപ്പ എല്ലാ എംഎൽഎമാരോടും മനസ്സാക്ഷി വോട്ട് രേഖപ്പെടുത്താൻ അഭ്യർത്ഥിച്ചിരിക്കുന്നത്. ലിംഗായത്തുകളുടെ നേതാവായാണ് യെദ്യൂരപ്പ അറിയപ്പെടുന്നത്. യെദ്യൂരപ്പയെ ഈ വഴിക്ക് കോൺഗ്രസ്സ് ലിംഗായത്തുകൾക്കു പോലും നിഷേധിക്കാൻ പ്രയാസം നേരിട്ടേക്കാം.