X

തട്ടിക്കൊണ്ടു പോകൽ വാട്സാപ്പ് സന്ദേശങ്ങൾ തമിഴ്നാട്ടിലും; രണ്ടുപേരെ തല്ലിക്കൊന്നു

വീഡിയോ സന്ദേശങ്ങൾ ഇപ്പോഴും പ്രചരിക്കുന്നുണ്ട്. ഇതിനെതിരെ പൊലീസ് പ്രചാരണം നടത്തിയിരുന്നെങ്കിലും കാര്യമുണ്ടായില്ല.

Men pose with smartphones in front of displayed Whatsapp logo in this illustration September 14, 2017. REUTERS/Dado Ruvic - RC1754A449A0

വ്യാജ വാട്സാപ്പ് സന്ദേശം വിശ്വസിച്ച് തമിഴ്നാട്ടിൽ ദിവസങ്ങൾക്കുള്ളിൽ കൊല്ലപ്പെട്ടത് രണ്ട് പേർ. കുട്ടികളെ തട്ടിക്കൊണ്ടുപോകാൻ ആളുകൾ ഇറങ്ങിയിട്ടുണ്ടെന്ന സന്ദേശമാണ് പ്രചരിക്കുന്നത്. സമാനമായ സന്ദേശങ്ങൾ മാസങ്ങൾക്കു മുമ്പ് കേരളത്തിലും പ്രചരിച്ചിരുന്നു. നിരവധി പേർ ആക്രമിക്കപ്പെട്ടതോടെ സർക്കാർ സംവിധാനങ്ങൾ ഇടപെട്ടാണ് വ്യാജപ്രചാരണങ്ങൾ അവസാനിപ്പിച്ചത്.

തമിഴ്നാട്ടിലെ പുലിക്കട്ടിൽ ഒരു യുവാവിനെ തല്ലിക്കൊന്ന് പാലത്തിൽ കെട്ടിത്തൂക്കുകയാണുണ്ടായത്. കുട്ടികളെ തട്ടിക്കൊണ്ടുപോകാൻ എത്തിയതാണെന്നായിരുന്നു ആരോപണം. സംഭവത്തിൽ ഇരുപതോളം പേർക്കെതിരെ കേസ്സെടുത്തിട്ടുണ്ട്.

ഉത്തരേന്ത്യക്കാർ‌ക്കെതിരെയാണ് വ്യാജ പ്രചാരണങ്ങൾ അധികവുമെന്നതിനാൽ ആക്രമണങ്ങൾക്കിരയാകുന്നതും അവരാണ്. രണ്ടാമത്തെ ആക്രമണം രുക്മിണി എന്ന അറുപത്തിനാലുകാരിക്ക് നേരെയായിരുന്നു, തിരുവണ്ണാമല ഗ്രാമത്തിൽ. ഇവർ ക്ഷേത്രദർശനം കഴിഞ്ഞതിനു ശേഷം ചുറ്റുമുണ്ടായിരുന്ന കുട്ടികൾക്ക് മധുരവിതരണം നടത്തി. കുട്ടികളെ തട്ടിക്കൊണ്ടു പോകാൻ എത്തിയവരാണെന്ന് ആരോപിച്ച് ഇവരെയും തല്ലിക്കൊന്നു. ആക്രമണത്തിൽ പരിക്കേറ്റ ഇവരുടെ നാല് ബന്ധുക്കൾ ചികിത്സയിലാണ്.

കഴിഞ്ഞ രണ്ടുമാസത്തിനിടെ ഇങ്ങനെ കൊല്ലപ്പെടുന്ന നാലാമത്തെയാളാണ് ഇവർ. വെല്ലൂർ, കാഞ്ചിപുരം എന്നിടങ്ങളിലായിരുന്നു ആദ്യത്തെ കൊലപാതകങ്ങൾ.

വീഡിയോ സന്ദേശങ്ങൾ ഇപ്പോഴും പ്രചരിക്കുന്നുണ്ട്. ഇതിനെതിരെ പൊലീസ് പ്രചാരണം നടത്തിയിരുന്നെങ്കിലും കാര്യമുണ്ടായില്ല.