X

മുനമ്പം മനുഷ്യക്കടത്ത്: സംഘത്തിൽ 4 ഗർഭിണികൾ; ഹിന്ദിയും തമിഴും ഇംഗ്ലീഷും സംസാരിക്കുന്നവർ; മീൻപിടിത്ത ബോട്ടിൽ 27 ദിവസത്തെ യാത്ര

മുനമ്പം ഹാർബർ വഴി മീൻപിടിത്ത ബോട്ടിൽ ഓസ്ട്രേലിയയ്ക്ക് പുറപ്പെട്ടത് 41 പേരടങ്ങുന്ന സംഘമെന്ന് കണ്ടെത്തൽ. 13 കുടുംബങ്ങളിൽ നിന്നുള്ളവരാണ് ഇവർ. കൂട്ടത്തിൽ 4 ഗർഭിണികളുമുണ്ട്. മുനമ്പത്തേക്ക് ടൂറിസ്റ്റ് ബസ്സിലും മിനി ബസ്സിലുമായി പോയ ഇവർ ഹിന്ദിയും തമിഴും ഇംഗ്ലീഷും സംസാരിക്കുന്നുണ്ടായിരുന്നെന്ന് ദൃക്സാക്ഷികൾ പറയുന്നു.

യാത്രക്കാർ ഉപേക്ഷിച്ച ബാഗുകൾ തീരത്ത് കണ്ടെത്തിയതോടെയാണ് മനുഷ്യക്കടത്ത് സംബന്ധിച്ച വിവരം പൊലീസിന് ലഭിച്ചത്. മുനമ്പം ഹാർബറിനു സമീപം കണ്ടെത്തിയ ഈ ബാഗുകളിൽ ഉണക്കിയ പഴവർഗങ്ങൾ, വസ്ത്രങ്ങൾ, കുടിവെള്ളം, ഫോട്ടോകൾ, ഡൽഹിയില്‍ നിന്നു കൊച്ചിയിലേക്കുള്ള വിമാന ടിക്കറ്റുകൾ തുടങ്ങിയവയാണ് ഉണ്ടായിരുന്നത്. ബാഗുകൾ കൂടിക്കിടക്കുന്നത് നാട്ടുകാരാണ് കണ്ടത്. ഇവ വിമാനത്തിൽ നിന്നും വീണതാണെന്ന് അഭ്യൂഹം പരക്കുകയുണ്ടായി. തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് മനുഷ്യക്കടത്ത് നടന്നതായി വിവരം ലഭിച്ചത്.

ബാഗുകളിൽ നിന്നും കിട്ടിയ രേഖകൾ പ്രകാരം ഇവർ പത്തുപേർ വീതമുള്ള സംഘങ്ങളായി അടുത്തുള്ള റിസോർട്ടുകളിൽ താമസിച്ചിരുന്നതായി പൊലീസ് മനസ്സിലാക്കി. ശ്രീലങ്കൻ വംശജരോ തമിഴ്നാട് സ്വദേശികളോ ആയിരിക്കാം ബോട്ടുകളിൽ കടന്നതെന്ന് ഊഹിക്കുന്നു. ശ്രീലങ്കൻ അഭയാർത്ഥികളായി ഇന്ത്യയിൽ കഴിയുന്നവരായിരുന്നോ എന്നും സംശയിക്കുന്നുണ്ട്. ഇവരിൽ ചിലർ വിമാനത്തില്‍ ഡൽഹിയിൽ നിന്ന് കൊച്ചിയിലെത്തുകയായിരുന്നു.

തമിഴ്നാട് സ്വദേശിയുടെ ഉടമസ്ഥതയിലുള്ള ബോട്ടിൽ 27 ദിവസം യാത്ര ചെയ്ത് ഓസ്ട്രേലിയയിൽ എത്തുമെന്നാണ് പൊലീസിന് ലഭിച്ചിട്ടുള്ള വിവരം. ഇവര്‍ക്ക് ഫീഡർ ബോട്ടുകൾ വഴി ആവശ്യമായ സൗകര്യങ്ങൾ എത്തിച്ചു കൊടുക്കുകയും ചെയ്യും കൊണ്ടുപോകുന്ന സംഘം. മുനമ്പത്തെ പമ്പിൽ നിന്ന് 10 ലക്ഷം രൂപയ്ക്ക് 12,000 ലിറ്റർ ഇന്ധനം ഇവർ നിറച്ചിരുന്നു. കുടിവെള്ളം ശേഖരിക്കാൻ മുനമ്പത്തു നിന്നും അഞ്ച് ടാങ്കർ വെള്ളം വാങ്ങിയിരുന്നു.

ഇരുപതോളം ബാഗുകളാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. വടക്കേക്കര സ്റ്റേഷൻ അതിർത്തിയിൽ നിന്നാണ് ഇവയിൽ 13 ബാഗുകൾ ലഭിച്ചത്. 6 ബാഗുകൾ മുനമ്പം സ്റ്റേഷൻ അതിർത്തിയിലെ മാല്യങ്കരയിലെ ബോട്ട് യാർഡിനു സമീപത്തു നിന്നും ലഭിച്ചു. വടക്കെക്കര എസ്ഐയുടെ നേതൃത്വത്തിൽ ബാഗുകൾ സ്റ്റേഷനിലേക്ക് മാറ്റി.

രാജ്യാന്തര ബന്ധമുള്ള മനുഷ്യക്കടത്ത് മാഫിയയാണ് ഇവരെ ഓസ്ട്രേലിയയിലെത്തിച്ചതെന്നാണ് വിവരം. ഓസ്ട്രേലിയയിൽ അനധികൃതമായി എത്തുന്നവരെ കുടിയേറ്റക്കാരായി കണക്കാക്കുന്നതിൽ നിലവിൽ രാജ്യത്ത് പ്രശ്നങ്ങളൊന്നുമില്ല. ഇതാണ് ഈ രാജ്യത്തേക്കുള്ള മനുഷ്യക്കടത്ത് വർധിക്കാൻ കാരണം.