X

നീന്തല്‍ സമരത്തിനിടെ മുങ്ങിപ്പോയി: യൂത്ത് കോണ്‍ഗ്രസുകാരെ മത്സ്യത്തൊഴിലാളികള്‍ രക്ഷപ്പെടുത്തി

നീന്തി തളര്‍ന്ന് അവശരായവരെ തീരദേശ പോലീസും മത്സ്യത്തൊഴിലാളികളും ചേര്‍ന്ന് രക്ഷപ്പെടുത്തുകയായിരുന്നു

അഴീക്കോട്-മുനമ്പം ജങ്കാര്‍ സര്‍വീസ് പുനരാരംഭിക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടത്തിയ പുഴനീന്തല്‍ സമരം ദുരന്തത്തില്‍ കലാശിക്കാതിരുന്നത് നാട്ടുകാരുടെ സമയോചിതമായ ഇടപെടല്‍ മൂലം. നീന്തി തളര്‍ന്ന് അവശരായവരെ തീരദേശ പോലീസും മത്സ്യത്തൊഴിലാളികളും ചേര്‍ന്ന് രക്ഷപ്പെടുത്തുകയായിരുന്നു.

ഇവരെ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ജില്ലാ പഞ്ചായത്ത് അംഗം ശോഭ സുബിന്‍ ഉള്‍പ്പെടെ ഏഴ് പേരാണ് അപകടത്തില്‍ പെട്ടത്. ഒമ്പത് പേരായിരുന്നു സമരത്തില്‍ പങ്കെടുത്തത്. മറ്റ് രണ്ട് പേരെ ബോട്ടില്‍ കരയ്‌ക്കെത്തിച്ചു. അഴീക്കോട് അഴിമുഖ കവാടത്തില്‍ ശക്തമായ അടിയൊഴുക്കുണ്ടായതാണ് സമരക്കാര്‍ക്ക് വിനയായത്. ഇന്നലെ ഉച്ചയ്ക്ക് 12ന് ആയിരുന്നു സംഭവം. ആറ് മാസം മുമ്പാണ് അഴീക്കോട്-മുനമ്പം ജങ്കാര്‍ സര്‍വീസ് നിര്‍ത്തിയത്. അറ്റകുറ്റപ്പണി പൂര്‍ത്തിയായിട്ടും ഇതുവരെ സര്‍വീസ് പുനരാരംഭിച്ചില്ല. ജില്ലാ പഞ്ചായത്തിന്റെയും സ്ഥലം എംഎല്‍എയുടെയും അനാസ്ഥയാണ് ഇതിന് കാരണമെന്ന് ആരോപിച്ചാണ് യൂത്ത് കോണ്‍ഗ്രസ് കയ്പ്പമംഗലം മണ്ഡലം കമ്മിറ്റി നീന്തല്‍ സമരം ആഹ്വാനം ചെയ്തത്.

കാഞ്ഞിരപ്പുഴ നീന്തിക്കയറാനായിരുന്നു പരിപാടി. അഴീക്കോട് ജെട്ടിയില്‍ നിന്ന് എറണാകുളം ജില്ലയിലെ മുനമ്പത്തേക്ക് നീന്തി പ്രതിഷേധിക്കുകയായിരുന്നു ലക്ഷ്യം. 600 മീറ്ററാണ് ഇവിടെ പുഴയുടെ വീതി.

This post was last modified on October 5, 2017 4:25 pm