X

ശബരിമല: കോടതിവിധി നടപ്പാക്കണമെന്ന് ദേവസ്വം ബോർഡിനോട് മുഖ്യമന്ത്രി; ഭക്തർക്ക് കൂടുതൽ സൗകര്യങ്ങളൊരുക്കും

ശബരിമലയിൽ 40% തീർത്ഥാടക വർധനയാണ് സർക്കാർ പ്രതീക്ഷിക്കുന്നത്.

NEW DELHI, INDIA JUNE 19, 2016: Chief Minister of Kerala Pinarayi Vijayan photographed in Delhis Kerala house. (Photo by Ramesh Pathania/Mint via Getty Images)

ശബരിമലയിലെ സ്ത്രീപ്രവേശനത്തിൽ സുപ്രീംകോടതി വിധി നടപ്പാക്കണമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡണ്ട് എം പദ്മകുമാറിന് മുഖ്യമന്ത്രി പിണറായി വിജയൻ നിർദ്ദേശം നൽകി. ഇതിന് സാവകാശം നൽകാനാവില്ലെന്ന് അദ്ദേഹം കൂടിക്കാഴ്ചയിൽ ദേവസ്വം ബോർഡ് പ്രസിഡണ്ടിനെ അറിയിച്ചു.

അമ്പലത്തിനുള്ളില്‍ വൈരുദ്ധ്യാത്മക ഭൗതികവാദം നടപ്പാക്കാന്‍ ആഗ്രഹിക്കുന്നില്ലെന്ന് പത്മകുമാർ പ്രസ്താവിച്ചിരുന്നു. ആചാരം അറിയാവുന്ന സ്ത്രീകള്‍ ശബരിമലയിലേക്ക് വരുമെന്ന് തോന്നുന്നില്ല. തന്റെ വീട്ടിലെ സ്ത്രീകളാരും ശബരിമലയില്‍ പോകാന്‍ ഉദ്ദേശിക്കുന്നില്ലെന്നും പത്മകുമാർ പറഞ്ഞു. തുടർനടപടികൾ ബുധനാഴ്ച ചേരുന്ന ദേവസ്വം യോഗത്തിൽ തീരുമാനിക്കുമെന്നും ആചാരവും ഇന്ത്യൻ ഭരണഘടനയും അനുസരിച്ച് പ്രവർത്തിക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഈ പ്രസ്താവനയുടെ പശ്ചാത്തലത്തിലാണ് പിണറായി വിജയന്റെ നിർദ്ദേശം വരുന്നത്.

ശബരിമലയിൽ 40% തീർത്ഥാടക വർധനയാണ് സർക്കാർ പ്രതീക്ഷിക്കുന്നത്. പ്രളയക്കെടുതിയുടെ പശ്ചാത്തലത്തിൽ സംസ്ഥാനത്തേക്ക് ടൂറിസ്റ്റുകളുടെ വരവ് കൂടുന്നത് പ്രതീക്ഷാവഹമായ കാര്യമാണ്.

ഭക്തർക്ക് കൂടുതൽ സൗകര്യങ്ങളൊരുക്കാൻ മുഖ്യമന്ത്രി നിർദ്ദേശിച്ചിട്ടുണ്ട്. നിലയ്ക്കലിൽ 100 ഹെക്ടർ സ്ഥലം വിട്ടു നൽകും. കുടിവെള്ളം, ടോയ്‌ലറ്റ് തുടങ്ങിയ സൗകര്യങ്ങൾ കൂടുതലായൊരുക്കും. ഏത് ഘട്ടത്തെയും നേരിടാൻ സർക്കാർ സന്നദ്ധമായിരിക്കും.

അതെസമയം ശബരിമലയിലെ സ്ത്രീപ്രവേശനത്തിനെതിരെ കുറെക്കൂടി വ്യക്തമായ നിലപാടെടുത്ത് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രംഗത്തു വന്നിട്ടുണ്ട്. ശബരിമലയിൽ സ്ത്രീകള്‍ക്കുള്ള നിരോധനം തുടരണമെന്നായിരുന്നു യുഡിഎഫ് സർക്കാരിന്റെ നിലപാടെന്നും സുപ്രീംകോടതി തങ്ങളുടെ വിധി പുനപ്പരിശോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.