X

ബൈപാസ് ഉദ്ഘാടനം: “നൗഷാദിനെയും ഒ രാജഗോപാലിനെയും താരതമ്യം ചെയ്യാൻ കഴിയില്ല; പരിപാടിയുടെ ശോഭ കെടുത്താൻ ശ്രമം:” സുരേന്ദ്രൻ

കൊല്ലം ബൈപ്പാസ് ഉദ്ഘാടനത്തിന് സ്ഥലം എംഎൽഎ എം നൗഷാദിനെ ഒഴിവാക്കിയ വിഷയത്തിൽ പ്രതികരണവുമായി ബിജെപി നേതാവ് കെ സുരേന്ദ്രൻ രംഗത്ത്. എല്ലാ എംഎൽഎമാരെയും ഉദ്ഘാടനത്തിന് ക്ഷണിക്കാൻ കഴിയില്ലെന്ന് സുരേന്ദ്രൻ പറഞ്ഞു. നേമം എംഎൽഎയായ ഒ രാജഗോപാലിനെ ചടങ്ങിലേക്ക് ക്ഷണിച്ചതിന്റെ കാരണമാരാഞ്ഞപ്പോൾ നൗഷാദിനെയും ഒ രാജഗോപാലിനെയും താരതമ്യം ചെയ്യാൻ കഴിയില്ലെന്നായിരുന്നു വിശദീകരണം.

മുഖ്യമന്ത്രി ചെയ്യാനിരുന്ന ബൈപാസ് ഉദ്ഘാടനം പൊടുന്നനെ പ്രധാനമന്ത്രിയുടെ ഓഫീസ് ഇടപെട്ട് ഏറ്റെടുക്കുകയായിരുന്നു. ഇതിനു പിന്നാലെയാണ് പ്രോട്ടോകോൾ പ്രകാരം വേദിയിലുണ്ടാകേണ്ട സ്ഥലം എംഎൽഎയെ നീക്കം ചെയ്തത്. പ്രധാനമന്ത്രിയുടെ ഓഫീസ് ഇടപെട്ടാണ് ഏറ്റവുമൊടുവിൽ പുറത്തിറക്കിയ പട്ടികയിൽ നിന്ന് തന്നെ നീക്കിയതെന്ന് നൗഷാദ് പറയുന്നു.

ബൈപാസ് ഉദ്ഘാടനവേദിയ പാർട്ടി വേദിയാക്കാൻ ബിജെപി ശ്രമം നടത്തുകയാണെന്നാണ് സിപിഎമ്മിന്റെ ആരോപണം. നേമത്തു നിന്നുള്ള എംഎൽഎയെ കൊല്ലത്തെ ബൈപാസ് ഉദ്ഘാടനത്തിന് ക്ഷണിച്ചതും സ്ഥലത്തെ എംഎൽഎയെയും മറ്റ് ജനപ്രതിനിധികളെയും ഒഴിവാക്കിയതുമെല്ലാം ഇതുകൊണ്ടാണെന്ന് സിപിഎം പറയുന്നു. എം.പി.മാരായ കെ.സോമപ്രസാദ്, സുരേഷ് ഗോപി, വി.മുരളീധരന്‍ എന്നിവരെയും വേദിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ആശ്രാമം മൈതാനത്ത് ഹെലിപ്പാഡില്‍ പ്രധാനമന്ത്രിയെ ആരൊക്കെയാണ് സ്വീകരിക്കേണ്ടതെന്നതിന്റെ പട്ടികപോലും തിങ്കളാഴ്ച രാത്രി വൈകിയും ജില്ലാ അധികൃതര്‍ക്ക് കിട്ടിയിട്ടില്ലെന്ന് ആരോപണമുണ്ട്.