X

കൊല്ലം ജില്ലാ ആശുപത്രിയിലെ പൊതിച്ചോർ വിതരണത്തിനെതിരെ യുഡിഎഫ് പരാതി; പ്രതിഷേധം

കൊല്ലം ജില്ലാ ആശുപത്രിയിൽ ഡിവൈഎഫ്ഐ നടത്തി വന്നിരുന്ന പൊതിച്ചോർ വിതരണം നിർത്തി വെപ്പിക്കാൻ യുഡിഎഫ് സ്ഥാനാർത്ഥി ഇടപെടുന്നെന്ന് പരാതി. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട ലംഘനം ചൂണ്ടിക്കാട്ടി യുഡിഎഫ് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകിയിട്ടുണ്ടെന്ന് റിപ്പോർട്ടുകൾ പറയുന്നു.

ഹൃദയസ്പർശം എന്ന പേരിലാണ് ഡിവൈഎഫ്ഐ പൊതിച്ചോർ വിതരണം നടത്തുന്നത്. കെഎൻ ബാലഗോപാൽ സിപിഎം ജില്ലാ സെക്രട്ടറിയായിരിക്കെ ഉദ്ഘാടനം ചെയ്ത ഈ പരിപാടി 700 ദിവസമായി മുടക്കമില്ലാതെ നടക്കുന്നുണ്ടെന്ന് റിപ്പോർട്ടുകൾ പറയുന്നു. ഇതിനകം 30 ലക്ഷം ഭക്ഷണപ്പൊതികൾ വിതരണം ചെയ്യപ്പെട്ടിട്ടുണ്ട്.

തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പാരിതോഷിക വിതരണം നടക്കുന്നുവെന്നാണ് യുഡിഎഫ് നൽകിയിട്ടുള്ള പരാതിയെന്നറിയുന്നു. ഈ പരാതി അടിസ്ഥാന രഹിതമാണെന്ന് ഡിവൈഎഫ്ഐ ജില്ലാക്കമ്മറ്റി വാർത്താക്കുറിപ്പിൽ പറഞ്ഞു.