X

കാൽ നൂറ്റാണ്ടിന്റെ ചരിത്രത്തിലാദ്യമായി കെഎസ്ആർടിസി സ്വന്തം വരുമാനത്തിൽ നിന്ന് ശമ്പളം നല്‍കുന്നു

25 വർഷത്തെ ചരിത്രത്തിൽ ഇതാദ്യമായി സ്വന്തം വരുമാനത്തിൽ നിന്ന് ജീവനക്കാർക്ക് ശമ്പളം നൽകുന്നു. ഒരു മാസം ശമ്പളം നൽകാൻ വേണ്ട തുക കഴിഞ്ഞ മാസത്തെ വരുമാനത്തിൽ നിന്ന് ലഭിച്ചതായാണ് റിപ്പോർട്ടുകൾ.

എംപാനൽഡ് ജീവനക്കാരെ പിരിച്ചു വിട്ടതും അതിന് പിന്നാലെ സര്‍വ്വീസുകള്‍ വെട്ടിച്ചുരുക്കിയതുമാണ് കെഎസ്ആര്‍ടിസിയുടെ ഇപ്പോഴത്തെ ലാഭത്തിന് കാരണമെന്ന് ഏഷ്യാനെറ്റ് റിപ്പോർട്ട് ചെയ്യുന്നു. എന്നാൽ‌ ശബരിമല സർവീസാണ് കെഎസ്ആർടിസിയെ ഈ മാസം പ്രധാനമായും സഹായിച്ചതെന്നാണ് ദേശാഭിമാനി റിപ്പോർട്ട് പറയുന്നത്. 45.2 കോടി രൂപയുടെ വരുമാനമാണ് അവിടെ നിന്നും ലഭിച്ചതെന്ന് റിപ്പോര്‍ട്ട് പറയുന്നുണ്ട്. മുൻ വർഷത്തെക്കാൾ 30 കോടിയുടെ വർധന ശബരിമല സർവ്വീസിൽ നിന്നുണ്ടായിട്ടുണ്ട്.

പമ്പ-നിലയ്ക്കൽ സർവീസിൽ നിന്നു മാത്രം 31.2 കോടി രൂപ ലഭിച്ചു. കഴിഞ്ഞ വർഷത്തെ വരുമാനം 15.2 കോടി രൂപയായിരുന്നു. എസി ബസ്സുകൾക്കായിരുന്നു കൂടുതൽ ആവശ്യക്കാർ. 44 എസി ബസ്സുകൾ ഈ റൂട്ടിൽ ഓടിയിരുന്നു.

കഴിഞ്ഞ മാസം വരെ സര്‍ക്കാരില്‍ നിന്നും ലഭിക്കുന്ന 20 മുതല്‍ 50 കോടി രൂപയുടെ ധനസഹായം ഉപയോഗിച്ചായിരുന്നു ശമ്പളം നൽകിയത്. അതിനു മുമ്പ‌് ബാങ്കുകളില്‍ നിന്നും 50 കോടി രൂപയ‌്ക്ക‌് മുകളില്‍ തുക വായ‌്പയെടുത്തായിരുന്നു മുമ്പോട്ടു പോക്ക്.

എല്ലാ ജീവനക്കാരും എല്ലാദിവസവും ജോലിക്ക് ഹാജരായാൽ 90 കോടി രൂപ ശമ്പളവും അലവൻസുമായി നൽകണം. 31,270 സ്ഥിരം ജീവനക്കാരും 3926 താല്‍ക്കാലിക ജീവനക്കാരുമാണ് കോർപ്പഷേറനിലുള്ളത്.