X

നടൻ കെടിസി അബ്ദുള്ള അന്തരിച്ചു

അറബിക്കഥ, ഗദ്ദാമ തുടങ്ങിയ നിരവധി ചിത്രങ്ങളിലും ഇദ്ദേഹത്തിന്റെ അഭിനയം ഏറെ ശ്രദ്ധിക്കപ്പെട്ടു.

നടൻ കെടിസി അബ്ദുള്ള അന്തരിച്ചു. 82 വയസ്സായിരുന്നു. കോഴിക്കോട് സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. നാലു പതിറ്റാണ്ടോളം നീണ്ട സിനിമാ ജീവിതത്തിൽ എണ്ണത്തിൽ കുറവെങ്കിലും അവിസ്മരണീയമായ നിരവധി കഥാപാത്രങ്ങള് അബ്ദുള്ള അവതരിപ്പിച്ചു. ഏറ്റവുമൊടുവിൽ സുഡാനി ഫ്രം നൈജീരിയ എന്ന ചിത്രത്തിലെ അഭിനയം ഏറെ പ്രശംസിക്കപ്പെട്ടിരുന്നു.

അറബിക്കഥ, ഗദ്ദാമ തുടങ്ങിയ നിരവധി ചിത്രങ്ങളിൽ ഇദ്ദേഹത്തിന്റെ അഭിനയം ഏറെ ശ്രദ്ധിക്കപ്പെട്ടു.

കേരള ട്രാൻസ്പോർട്ട് കമ്പനിയിൽ ചേർന്നതോടെയാണ് അബ്ദുള്ളയുടെ പേരിനൊപ്പം ‘കെടിസി’ കയറിക്കൂടിയത്. കെടിസി ഗ്രൂപ്പ് സിനിമാനിർമാണം തുടങ്ങിയപ്പോൾ സിനിമകളിലെ അണിയറപ്രവർത്തനങ്ങളിൽ പങ്കാളിയായി. 77ൽ രാമു കാര്യാട്ടിന്റെ ദ്വീപ് എന്ന ചിത്രത്തിലൂടെ തുടക്കം കുറിച്ചു.

ഇതിനും മുൻപു തന്നെ നാടകവേദികളിൽ കെടിസി അബ്ദുള്ള തന്റെ സാന്നിധ്യം അറിയിച്ചിരുന്നു. കെപി ഉമ്മർ, മാമുക്കോയ എന്നിവർക്കൊപ്പം യുനൈറ്റഡ് ഡ്രാമ അക്കാദമി രൂപീകരിച്ച് നാടകങ്ങളിൽ സജീവമായി.

ഡ്രൈവര്‍ ഉണ്ണിമോയിന്റെയും ബീപാത്തുവിന്റെയും മകനായി 1936-ല്‍ പാളയം കിഴക്കെക്കോട്ട പറമ്പിലാണ് അബ്ദുള്ള ജനിച്ചത്. ഷാനു സമദ് സംവിധാനം ചെയ്യുന്ന ‘മൊഹബ്ബത്തിന്‍ കുഞ്ഞബ്ദുള്ള’ എന്ന ചിത്രത്തില്‍ പ്രധാന വേഷത്തില്‍ അഭിനയിച്ചു കൊണ്ടിരിക്കുകയായിരുന്നു. ഇതിന്റെ ഷൂട്ടിങ്ങ് പുരോഗമിക്കുകയായിരുന്നു.

This post was last modified on November 17, 2018 10:00 pm