പാലക്കാട് നഗരസഭയിൽ യുഡിഎഫിന്റെ നേതൃത്വത്തിൽ പ്രതിപക്ഷ കക്ഷികൾ കൊണ്ടുവന്ന അവിശ്വാസ പ്രമേയം പരാജയപ്പെട്ടു. പ്രമേയം വിജയിക്കാനാവശ്യമായ 27 അംഗങ്ങളുടെ പിന്തുണ യുഡിഎഫിന് കിട്ടിയില്ല. കോൺഗ്രസ്സ് അംഗം വി ശരവണൻ രാജി വെച്ചതോടെ പ്രതിപക്ഷ അംഗബലം 26 ആയി ചുരുങ്ങുകയായിരുന്നു.
പാർട്ടി നൽകിയ വിപ്പ് മറികടക്കാൻ കൽപ്പാത്തിയിൽ നിന്നുള്ള കൗൺസിലറായ ശരവണൻ ഇന്നു രാവിലെ രാജി സമർപ്പിക്കുകയായിരുന്നു. മുസ്ലിം ലീഗിന്റെ കൗൺസിലറായ സെയ്തലവിക്കെതിരെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കേസ് കോടതിയുടെ പരിഗണനയിലുള്ളതിനാൽ വോട്ട് ചെയ്യാൻ സാധിച്ചിരുന്നില്ല.
സംസ്ഥാനത്ത് ബിജെപി ഭരിക്കുന്ന ഏക നഗരസഭയായ പാലക്കാട്ട് അധ്യക്ഷയ്ക്കും ഉപാധ്യക്ഷനുമെതിരെയാണ് യുഡിഎഫ് അവിശ്വാസം കൊണ്ടു വന്നത്. 52 അംഗ കൗൺസിലിൽ 51 അംഗങ്ങൾക്കായിരുന്നു വോട്ടവകാശം. 27 അംഗങ്ങൾ അനുകൂലമായി വോട്ട് ചെയ്താൽ അവിശ്വാസം വിജയിക്കുമെന്ന നിലയായിരുന്നു ശരവണന്റെ രാജിക്കു മുൻപ്. യുഡിഎഫ്, സിപിഎം, വെൽഫെയർ പാർട്ടി എന്നിവരുടെ ഒറ്റ വോട്ടുപോലും പിഴവില്ലാതെ ലഭിച്ചാല്‍ 27 വോട്ടാണ് ലഭിക്കുമായിരുന്നത്. അഴിമതി അടക്കമുള്ള പ്രശ്നങ്ങളാണ് ഭൂരിപക്ഷമില്ലാതെ അധികാരത്തില്‍ തുടരുന്ന ബിജെപി ഭരണ സമിതിക്കെതിരെ അവിശ്വാസ പ്രമേയം കൊണ്ടുവരാന്‍ കാരണമായതായി കോണ്‍ഗ്രസ് പറഞ്ഞിരുന്നത്.
ബിജെപി 24, കോൺഗ്രസ്സ് 13, സിപിഎം 9, മുസ്ലിം ലീഗ് 4, വെൽഫെയർ പാർട്ടി 1, സ്വതന്ത്രൻ 1 എന്നിങ്ങനെയാണ് പാലക്കാട് നഗരസഭയിലെ കക്ഷിനില. ഇപ്പോൾ കോൺഗ്രസ്സിന്റെ ബലം 12 ആയി ചുരുങ്ങിയിരിക്കുകയാണ്.
52 അംഗ നഗരസഭാ കൌണ്‍സിലില്‍ 24 സീറ്റ് നേടിയാണ് 2015-ല്‍ ബിജെപി കേരളത്തില്‍ ആദ്യമായി ഒരു നഗരസഭയില്‍ അധികാരം പിടിക്കുന്നത്. ബിജെപിയെ ഇവിടെ നിന്ന് താഴെയിറക്കാന്‍ കോണ്‍ഗ്രസ്, ലീഗ്, സിപിഎം യൂത്ത് വിംഗുകളില്‍ സമ്മര്‍ദ്ദം ശക്തമാകുന്ന കാര്യം അഴിമുഖം കഴിഞ്ഞ ജനുവരിയില്‍ തന്നെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍ പരസ്പരം കൂട്ടുചേരില്ലെന്ന കോണ്‍ഗ്രസ്, സിപിഎം നേതൃത്വത്തിന്റെ നിലപാടാണ് ബിജെപി ഭരണത്തെ മുന്നോട്ടു കൊണ്ടുപോയത്. യുഡിഎഫിനൊപ്പം ചേര്‍ന്ന് അവിശ്വാസം കൊണ്ടുവരില്ലെന്നും അവര്‍ കൊണ്ടുവന്നാല്‍ പിന്തുണയ്ക്കുന്ന കാര്യം അപ്പോള്‍ ആലോചിക്കാം എന്നുമായിരുന്നു സിപിഎം സ്വീകരിച്ചിരുന്ന നിലപാട്.
അതെസമയം ശരവണനെ 25 ലക്ഷം രൂപ കോഴ കൊടുത്ത് കൊടുത്ത് ബിജെപി ചാക്കിലാക്കുകയായിരുന്നെന്ന് സോഷ്യൽ മീഡിയയിൽ ആരോപണം ശക്തമാകുകയാണ്. ഇതെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.
This post was last modified on November 5, 2018 1:48 pm
Leave a Comment