X

പന്തളം നഗരസഭയിൽ എൽഡിഎഫിനെതിരായ യുഡിഎഫ്-ബിജെപി അവിശ്വാസം പരാജയപ്പെട്ടു

ചെയർപേഴ്സൻ ടികെ സതിക്കെതിരെയാണ് അവിശ്വാസം കൊണ്ടുവന്നത്.

പന്തളം നഗരസഭയിൽ ബിജെപി പിന്തുണയോടെ യുഡിഎഫ് കൊണ്ടുവന്ന അവിശ്വാസപ്രമേയം പരാജയപ്പെട്ടു. അസാധുവായ ഒരു വോട്ടിനാണ് പ്രമേയം പരാജയപ്പെട്ടത്. കോൺഗ്രസ്സ് അംഗം ആനി ജോൺ തുണ്ടിൽ പേരെഴുതിയെങ്കിലും ഒപ്പിടാത്തതിനാൽ വോട്ട് അസാധുവായി. 11 അംഗങ്ങളുള്ള യുഡിഎഫിന് മറ്റൊരു അംഗത്തിന്റെ വോട്ടുകൂടി നഷ്ടമായി. അവിശ്വാസ ചർച്ചയില്‍ പ്രസംഗിച്ച ശേഷം ആർഎസ്പി (ബി) അംഗം കെഎസ് ശിവകുമാർ വ്യക്തിപരമായ ആവശ്യത്തിനായി പുറത്തുപോയതിനാൽ വോട്ട് രേഖപ്പെടുത്താനായില്ല.

ചെയർപേഴ്സൻ ടികെ സതിക്കെതിരെയാണ് അവിശ്വാസം കൊണ്ടുവന്നത്. 14 അംഗങ്ങളാണ് എൽഡിഎഫിൽ. ബിജെപിക്ക് ഏഴംഗങ്ങളുമുണ്ട്. ഒരു എസ്ഡിപിഐ സ്ഥാനാർത്ഥിയും ഉണ്ട്. ബിജെപിയും യുഡിഎഫും ചേർന്നുള്ള അവിശ്വാസത്തെ എസ്ഡ‍ിപിഐ പിന്തുണച്ചില്ല. എസ്ഡിപിഐ അംഗം എംആർ ഹസീന തെരഞ്ഞെടുപ്പിൽ നിന്ന് വിട്ടുനിന്നു. ‌ആകെ 33 അംഗങ്ങളാണ് നഗരസഭയിലുള്ളത്.

ബിജെപിയുടെ വോട്ടു കൂടി ചേർത്ത് 18 വോട്ട് കിട്ടേണ്ടതായിരുന്നു പ്രതിപക്ഷത്തിന്. കേവലഭൂരിപക്ഷം കണക്കാക്കുമ്പോൾ 17 കിട്ടിയാൽ അവിശ്വാസം പാസ്സാകുമായിരുന്നു. എന്നാൽ ഒരംഗത്തിന് വോട്ടെടുപ്പിൽ പങ്കെടുക്കാൻ കഴിയാഞ്ഞതും ഒരംഗം വോട്ട് അസാധുവാക്കിയതും യുഡിഎഫ്-ബിജെപി നീക്കത്തിന് തിരിച്ചടിയായി.

യുഡിഎഫ്-ബിജെപി സഖ്യത്തിന് ആകെ കിട്ടിയത് 16 വോട്ടാണ്. 14 പേർ എതിർത്തു. ശബരിമല ക്ഷേത്രപ്രവേശന വിഷയവുമായി ബന്ധപ്പെട്ട് ശ്രദ്ധാകേന്ദ്രമായി മാറിയ പന്തളത്തെ യുഡിഎഫ്-ബിജെപി സഖ്യം ഏറെ ശ്രദ്ധ നേടിയിരുന്നു.

Related Post
Leave a Comment