X

ദളിത് ന്യൂനപക്ഷ വേട്ടയിൽ പ്രതിഷേധം; പത്തനംതിട്ട യുവമോർച്ച ജില്ലാ പ്രസിഡണ്ട് സിപിഎമ്മിൽ ചേർന്നു

താൻ കേരളത്തിൽ സുരക്ഷിതനായിരിക്കുമെന്ന് സിബി സാം പറഞ്ഞു.

യുവമോർച്ച പത്തനംതിട്ട ജില്ലാ പ്രസിഡണ്ട് സിബി സാം തോട്ടത്തിൽ രാജിവെച്ച് സിപിഎമ്മിൽ ചേർന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ന്യൂനപക്ഷ വിരുദ്ധ നിലപാടുകളിൽ പ്രതിഷേധിച്ചാണ് രാജിയെന്ന് സിബി സാം തോട്ടത്തിൽ പറഞ്ഞതായി ന്യൂസ് 18 റിപ്പോർട്ട് ചെയ്യുന്നു. ബിജെപിയുടെ ഭരണത്തിൻകീഴിൽ ന്യൂനപക്ഷങ്ങളും ദളിതരും വേട്ടയാടപ്പെടുകയാണെന്ന് സിബി സാം പറഞ്ഞു.

പാർട്ടിയിൽ നിന്ന് രാജി വെച്ച താൻ കേരളത്തിൽ സുരക്ഷിതനായിരിക്കുമെന്ന് സിബി സാം പറഞ്ഞു. തനിക്കെതിരെ സൈബർ ആക്രമണം നടക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ബിജെപി സംസ്ഥാന സമിതി അംഗം വെള്ളനാട് കൃഷ്ണകുമാർ, ഉഴമലയ്ക്കല്‍ ജയകുമാര്‍, തെളിക്കോട് സുരേന്ദ്രന്‍, വെള്ളനാട് വി.സുകുമാരന്‍ മാസ്റ്റര്‍ എന്നിവർ കഴിഞ്ഞ ദിവസങ്ങളിൽ ബിജെപിയിൽ നിന്ന് സിപിഎമ്മിലേക്ക് മാറിയിരുന്നു. ശബരിമല വിഷയത്തിൽ ബിജെപിയുടെ വർഗീയ നിലപാടിൽ പ്രതിഷേധിച്ചായിരുന്നു വെള്ളനാട് കൃഷ്ണകുമാറിന്റെ രാജിയും സിപിഎമ്മിലേക്കുള്ള പോക്കും.

ചിത്രം: ശബരിമല സന്ദർശിക്കാനെത്തിയ തൃപ്തി ദേശായിയെ തിരികെ പറഞ്ഞയയ്ക്കാൻ ശ്രമിക്കുന്ന സിബി സാം.