X

ആർത്തവം അശുദ്ധമാണെന്നത് സവർണപുരുഷ മേധാവിത്വം അടിച്ചേൽപ്പിച്ച മനോഭാവം: മുഖ്യമന്ത്രി

ജനുവരി ഒന്നിന് നടക്കുന്ന വനിതാമതിലിൽ എല്ലാ സ്ത്രീകളും പങ്കെടുക്കണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു.

രാജ്യത്തെ ഭരണഘടനയെത്തന്നെ വെല്ലുവിളിക്കുന്ന ശക്തികൾ കേരളത്തിൽ നവോത്ഥാനമൂല്യങ്ങളെ തകർക്കാൻ ശ്രമിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പഴയതിനെ പുനസ്ഥാപിക്കുകയാണ് അവരുടെ ലക്ഷ്യം. ആചാരങ്ങളുടെ പേരിലാണ് ഈ നീക്കം നടക്കുന്നത്. ശബരിമലയുടെ മറവിൽ കേരളത്തിനെതിരെ ഒളിയാക്രമണമാണ് നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. വനിതാ ശിശുവികസന വകുപ്പ് സംഘടിപ്പിച്ച ‘സധൈര്യം മുന്നോട്ട്’ പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.

കേരളത്തിന്റെ പാരമ്പര്യം മറന്നുള്ള ഇത്തരം ശ്രമങ്ങൾ പരാജയപ്പെടുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ജനുവരി ഒന്നിന് നടക്കുന്ന വനിതാമതിലിൽ എല്ലാ സ്ത്രീകളും പങ്കെടുക്കണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു.

വിശ്വാസികളെ തെറ്റിദ്ധരിപ്പിച്ച് സവർണ പുരുഷാധിപത്യ മൂല്യങ്ങൾ പുനസ്ഥാപിക്കാനാണ് ശ്രമം നടക്കുന്നത്. സുപ്രീംകോടതി വിധിയുടെ മറവിൽ സ്ത്രീകളെ രണ്ടാംതരം പൗരന്മാരായി ചിത്രീകരിക്കുകയാണ് ഒരു വിഭാഗം. ആർത്തവം പോലും അശുദ്ധമാണെന്ന് അവർ പറയുന്നു. സ്ത്രീകളിൽത്തന്നെ ഒരു വിഭാഗം ആർത്തവത്തിന് അശുദ്ധിയുണ്ടെന്ന് ചിന്തിക്കുന്നു. സവർണ പുരുഷ മേധാവിത്വം അടിച്ചേൽപ്പിച്ചതാണ് ഈ മനോഭാവം. ഇതിൽ നിന്ന് സ്ത്രീകളെ മോചിപ്പിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

രാജ്യത്തിന്റെ സാംസ്കാരിക വൈവിദ്ധ്യം തകർത്തത് ചാതുർവർണ്യമാണെന്നും മുഖ്യമന്ത്രിയുടെ പ്രസംഗത്തിൽ പറഞ്ഞു. ചാതുർവർണ്യത്തിനു പുറത്ത് അവർണർ എന്നൊരു വിഭാഗത്തെ തന്നെ സൃഷ്ടിച്ചു. സ്വാതന്ത്ര്യവും ജനാധിപത്യവും മതേതരത്വവും ഉറപ്പുനൽകുന്ന ഭരണഘടന തന്നെ കത്തിക്കണമെന്ന വാദവും ചിലരുയർത്തി. ഈ ഇരുണ്ട കാലത്തിൽ നിന്നും കേരളത്തെ മോചിപ്പിച്ചത് നവോത്ഥാനമാണ്. എന്നാൽ ഈ നേട്ടങ്ങളെയെല്ലാം നശിപ്പിക്കാനാണ് ചില ഛിദ്രശക്തികൾ ശ്രമിക്കുന്നതെന്നും അതിനെതിരെ ജാഗ്രത വേണമെന്നും പിണറായി വിജയൻ വിശദീകരിച്ചു.