X

കോഴിക്കോട് ഹർത്താൽ ദിനത്തിലെ അക്രമം തടയാൻ നടപടി സ്വീകരിച്ചില്ലെന്ന് വിമർശനമേറ്റ പൊലീസ് കമ്മീഷണർ കാളിരാജിനെ മാറ്റി

ശബരിമല കർമസമിതി പ്രഖ്യാപിച്ച ഹർത്താലിന് കോഴിക്കോട് നഗരത്തിലെ വിവിധയിടങ്ങളിൽ അരാജകത്വം സൃഷ്ടിക്കപ്പെട്ടതിന് ഉത്തരവാദിയെന്ന് ആരോപിക്കപ്പെട്ട സിറ്റി പൊലീസ് കമ്മീഷണർ കാളിരാജ് മഹേഷ് കുമാർ ഐപിഎസ്സിനെ സർക്കാർ സ്ഥലംമാറ്റി നിയമിച്ചു. പൊലീസ് ആസ്ഥാനത്തേക്കാണ് പുതിയ നിയമനം. ഹെഡ്ക്വോർട്ടേഴ്സ് ഡിഐജിയായ കോറി സഞ്ജയ് ഗരുഡിനെയാണ് കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണറായി നിയമിച്ചിട്ടുള്ളത്. ഗവർണറുടെ ഉത്തരവ് പ്രകാരം അഡീഷണൽ സെക്രട്ടറി എംസി വൽസലകുമാരന്‍ അടിയന്തിര വിജ്ഞാപനത്തിലൂടെയാണ് ഈ സ്ഥാനമാറ്റ ഉത്തരവ് പുറത്തിറക്കിയത്.

നിലവിൽ കശ്മീരിൽ തീവ്രവാദികളുമായി ഏറ്റുമുട്ടലുകളിലേർപ്പെട്ട പശ്ചാത്തലമുള്ള കാളിരാജിനെ രാജ്യത്തെ ഏറ്റവും സുരക്ഷിതമായ സംസ്ഥാനങ്ങളിലൊന്ന് എന്ന പരിഗണനയിൽ കേരളത്തിലേക്ക് മാറ്റിയത് കേന്ദ്ര സർക്കാർ ഇടപെട്ടായിരുന്നു. ഇദ്ദേഹത്തിന് ഈ കാരണം ചൂണ്ടിക്കാട്ടി പത്തു പേരടങ്ങുന്ന പൊലീസ് സംഘത്തിന്റെ സുരക്ഷയും ഏർപ്പെടുത്തിയിരുന്നു. പുതിയ നിയമനം നടപ്പിലാകുന്നതോടെ ഈ സംഘത്തിന്റെ സേവനം കാളിരാജിന് ആവശ്യമില്ലാതാകുമെന്നും വിവരമുണ്ട്.

കോഴിക്കോട് മിഠായിത്തെരുവ്, വലിയങ്ങാടി എന്നിവിടങ്ങളിൽ ഹർത്താൽദിനത്തിൽ‌ ശബരിമല കർമസമിതി പ്രവർത്തകരും സംഘപരിവാർ സംഘടനകളും അഴിഞ്ഞാടിയിരുന്നു. ഇതിനെ പ്രതിരോധിക്കാനോ അക്രമികളെ അറസ്റ്റ് ചെയ്യാനോ വേണ്ട നടപടികൾക്കൊന്നും കാളിരാജ് തയ്യാറാവുകയുണ്ടായില്ല. ഇതിനു പിന്നിൽ ഇദ്ദേഹത്തിന്റെ രാഷ്ട്രീയ ചായ്‌വുകളാണെന്നും വിമർശനമുയർന്നിരുന്നു. വളരെക്കുറച്ച് പൊലീസുദ്യോഗസ്ഥരെ മാത്രമാണ് മിഠായിത്തെരുവിലും വലിയങ്ങാടിയിലുമെല്ലാം വിന്യസിച്ചത്. ഇത് അക്രമികൾക്ക് തങ്ങളുടെ സ്വൈര്യവിഹാരത്തിന് വഴിയൊരുക്കിക്കൊടുത്തു. പൊലീസിനെ വിശ്വസിച്ച് കട തുറന്നവർക്ക് ആക്രമണം നേരിടേണ്ടി വന്നു. നാശനഷ്ടങ്ങളുണ്ടായി. പൊലീസ് ഹർത്താലുകാർക്കു വേണ്ടിയാണ് പ്രവർത്തിച്ചതെന്ന് കടയുടമകൾ ആരോപണമുന്നയിക്കുകയും ചെയ്തു.

സിവിൽ പൊലീസ് ഓഫീസറായ ഉമേഷ് വള്ളിക്കുന്ന തന്റെ ഫേസ്ബുക്ക് പേജിലെഴുതിയ കുറിപ്പിലൂടെയാണ് കോഴിക്കോട് ഹർത്താൽ ദിനത്തില്‍ പൊലീസിന്റെ ഉന്നതതലത്തിൽ നിന്നുണ്ടായ അനാസ്ഥയെക്കുറിച്ച് ജനങ്ങളറിയുന്നത്. ഉന്നത ഉദ്യോഗസ്ഥന്റെ ഗുരുതരമായ വീഴ്ചയ്ക്ക് കോഴിക്കോട്ടെ എല്ലാ പൊലീസുകാരും പഴി കേൾക്കേണ്ടി വരികയാണെന്ന് ഉമേഷ് കുറിപ്പിലെഴുതി. തനിക്കെതിരെ നടപടി വരുമെന്ന് പ്രതീക്ഷിച്ചു തന്നെയാണ് കുറിപ്പെഴുതുന്നതെന്നും ഉമേഷ് പറഞ്ഞിരുന്നു. ഉമേഷിനെതിരെ നടപടി വരുമെന്ന് പിന്നീട് കാളിരാജ് പ്രതികരിച്ചെങ്കിലും അതുണ്ടായില്ല.

This post was last modified on January 8, 2019 6:33 am