X

സെക്രട്ടേറിയറ്റിനു മുന്നിലെ സമരപ്പന്തലുകൾ അർധരാത്രി പൊളിച്ചുമാറ്റി; ആറ്റുകാൽ പൊങ്കാലയ്ക്കു വേണ്ടിയെന്ന് അധികൃതർ

സെക്രട്ടേറിയറ്റിനു മുന്നിലെ സമരപ്പന്തലുകൾ നഗരസഭയുടെ നേതൃത്വത്തിൽ പൊളിച്ചുമാറ്റി. ഇന്നലെ അർധരാത്രി 11.30ഓടെ പൊലീസ് സന്നാഹങ്ങളുമായെത്തിയ നഗരസഭാ അധികൃതർ ഏതാണ്ട് ഒരു മണിക്കൂർ നേരമെടുത്താണ് പൊളിച്ചുമാറ്റൽ നടപ്പാക്കിയത്. സഹോദരൻ ശ്രീജിവിന്റെ മരണത്തിൽ കുറ്റക്കാരെ ശിക്ഷിക്കണമെന്നാവശ്യപ്പെട്ട് രണ്ടു വർഷത്തോളമായി സമരം ചെയ്യുന്ന പാറശ്ശാല സ്വദേശി ശ്രീജിത്ത് പന്തൽ പൊളിച്ചിട്ടും സമരം തുടരുകയാണ്.

പന്തലുകളിലുണ്ടായിരുന്നവർക്ക് പിന്തുണയുമായി ചിലരെത്തിയെങ്കിലും പൊലീസ് ഇടപെടലുണ്ടായതോടെ ഇവർ പിൻവാങ്ങി. പലരും പന്തലുകൾ സെക്രട്ടേറിയറ്റ് മതിലിന്റെ ഗ്രില്ലിനോട് ചേർന്ന് വെൽഡ് ചെയ്തിരുന്നു. ഇവ പൊളിച്ചു നീക്കാൻ പ്രയാസമുണ്ടായി. ചില ഷെഡ്ഡുകളിൽ 50ലേറെ കസേരകളുണ്ടായിരുന്നു. ഇവ മറ്റു സമരപ്പന്തലുകളിലേക്ക് വാടകയ്ക്ക് നൽകിയിരുന്നതായി ആരോപണമുണ്ട്.

രണ്ടു വർഷമായി സമരം ചെയ്യുന്ന അരിപ്പ ഭൂസമരപ്പന്തലിലെ സമരക്കാർ സ്വമേധയാ സാധനങ്ങൾ മാറ്റാൻ തയ്യാറായി. കന്റോൺമെന്റ് സിഐയുടെ നേതൃത്വത്തിലായിരുന്നു ഒഴിപ്പിക്കൽ.

നേരത്തെയും സമാനമായ നടപടികൾ സെക്രട്ടേറിയറ്റിനു മുന്നിലെ സമരപ്പന്തലുകൾക്കെതിരെ ഉണ്ടായിട്ടുണ്ട്. വീണ്ടും സമരക്കാർ തിരിച്ചെത്തുകയും പന്തലുകൾ കെട്ടുകയുമായിരുന്നു.