X

ശ്രീചക്രയ്ക്ക് അനുമതി നൽകിയത് തന്റെ റിപ്പോർട്ട് മറികടന്നല്ലെന്ന് ഋഷിരാജ് സിങ്; ബ്രൂവറി വിവാദം അപ്രസക്തം

ശ്രീചക്ര ഡിസ്റ്റിലറി സ്ഥാപിക്കാൻ അനുമതി നേടിയത് എക്സൈസ് കമ്മീഷണറുടെ അഭിപ്രായം മറികടന്നാണെന്ന് റിപ്പോർട്ടുകൾ വന്നിരുന്നു.

ബ്രൂവറി വിവാദം അപ്രസക്തമാണെന്ന് ചൂണ്ടിക്കാട്ടി എക്സൈസ് കമ്മീഷണർ ഋഷിരാജ് സിങ്. ഇപ്പോൾ നൽകിയിട്ടുള്ളത് പ്രാഥമിക അനുമതിയാണ്. അന്തിമാനുമതി നൽകിയിട്ടില്ല. ശ്രീചക്രാ ഡിസ്റ്റിലറി 1998 മുതൽ അപേക്ഷ നൽകുന്നതിനാലാണ് വിശദമായ പരിശോധന ഉണ്ടാകാതിരുന്നതെന്നും ഋഷിരാജ് സിങ് പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ പറഞ്ഞു.

തൃശ്ശൂരിൽ ശ്രീചക്ര ഡിസ്റ്റിലറി സ്ഥാപിക്കാൻ അനുമതി നേടിയത് എക്സൈസ് കമ്മീഷണറുടെ അഭിപ്രായം മറികടന്നാണെന്ന് റിപ്പോർട്ടുകൾ വന്നിരുന്നു. ഇത് സത്യമല്ലെന്നും തന്റെ അഭിപ്രായം മറികടന്നല്ല അനുമതി നൽകിയതെന്നും അദ്ദേഹം പറഞ്ഞു.

പുതിയ ബ്രൂവറി അനുവദിക്കുന്നതിന് 1999ലെ സർക്കാർ ഉത്തരവ് തടസ്സമാണെന്നും പുതിയ ഡിസ്റ്റിലറികൾക്ക് സർക്കാരിന്റെ നയപരമായ തീരുമാനം ആവശ്യമാണെന്നും ഋഷിരാജ് സിങ് റിപ്പോർട്ട് നൽകിയെന്നായിരുന്നു നേരത്തെ വന്ന റിപ്പോർട്ടുകൾ പറഞ്ഞിരുന്നത്.

ലൈസൻസ് അനുവദിച്ചതിൽ ചട്ടലംഘനമില്ലെന്നു പറഞ്ഞ് എക്സൈസ് മന്ത്രി ടിപി രാമകൃഷ്ണനും രംഗത്തു വന്നിരുന്നു. സർക്കാർ അനാവശ്യ ഇടപെടലൊന്നും നടത്തിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.