X

ജനം ടിവി ഓഫീസിൽ സംഘപരിവാർ ആക്രമണം; പ്രകോപനം വ്യാജ വാർത്ത

ഓഫീസിലെ ടിവിയും കാമറയും നശിപ്പിച്ചതായി അറിയുന്നു. മാധ്യമപ്രവർത്തകരെയും ആക്രമിച്ചു.

ജനം ടിവിയുടെ ഇടപ്പള്ളി ഓഫീസിൽ സംഘപരിവാർ അനുകൂലികളുടെ ആക്രമണം. കൊച്ചിൻ ദേവസ്വത്തിനു കീഴിലുള്ള അഴകിയ കാവ് ക്ഷേത്രത്തിൽ നിവേദ്യം തയ്യാറാക്കുന്ന തിടപ്പള്ളിയിൽ ചോർച്ചയുണ്ടെന്ന് ജനം ടിവിയിൽ വാർത്ത നൽകിയിരുന്നു.

ഓഫീസിലെ ടിവിയും കാമറയും നശിപ്പിച്ചതായി അറിയുന്നു. മാധ്യമപ്രവർത്തകരെയും ആക്രമിച്ചു. റിപ്പോർട്ടർ ശ്രീകാന്തിന്റെ കൈ പിടിച്ച് തിരിച്ചു. . ഇന്നലെ ഉച്ചയ്ക്ക് രണ്ടുമണിയോടെയാണ് സംഭവം.

ക്ഷേത്രത്തിന്റെ പുനരുദ്ധാരണം നടത്താൻ തീരുമാനമുണ്ടായിരുന്നെന്നും ഇത് വൈകുന്നെന്നും പരാമര്‍ശിച്ചായിരുന്നു ജനം ടിവിയുടെ റിപ്പോർട്ട്.

എന്നാൽ, ക്ഷേത്ര പുനരുദ്ധാരണം നടന്നു വരികയായിരുന്നെന്ന് ദേശാഭിമാനി റിപ്പോർട്ട് ചെയ്യുന്നു. ഇതിന്റെ ഭാഗമായി മേൽക്കൂരയിൽ ചെമ്പോല പതിക്കുന്നതിന്റെ ജോലികൾ നടക്കുന്നതിനാലാണ് ചോർച്ചയുണ്ടായത്. മഴവെള്ളം അകത്തു കയറാതിരിക്കാൻ മുകളിൽ ടാർപോളിൻ വിരിച്ചിരുന്നത് നീങ്ങിപ്പോയതാണ് ചോർച്ചയ്ക്ക് കാരണമായത്. എന്നാൽ ഇതൊന്നും പരാമർശിക്കാതെ വാർത്ത നൽകുകയായിരുന്നു ജനം ടിവിയെന്ന് റിപ്പോർട്ടുകൾ പറയുന്നു. ക്ഷേത്ര സമിതിയുടെ അഴിമതി എന്നു പറഞ്ഞായിരുന്നു റിപ്പോര്‍ട്ട്.